തിരുവനന്തപുരം:സൗജന്യ കണക്ഷന് ആരാണ് അർഹർ? ഇതാണ് ഇപ്പോൾ കെ ഫോൺ പദ്ധതിയിലെ തർക്കം. എല്ലാവർക്കും ഇന്റർനെറ്റ് കണക്ഷനെന്ന് ആഘോഷത്തോടെ, സർക്കാർ പ്രഖ്യാപിച്ച അഭിമാന പദ്ധതി അനിശ്ചിതത്വത്തിൽ ആകുന്നത് ഇങ്ങനെയാണ്. പണി 85 ശതമാനം പൂർത്തിയായെന്നും 2022 ജൂണിൽ ഗാർഹിക കണക്ഷൻ നൽകി തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നെങ്കിലും, കാര്യങ്ങൾ മുന്നോട്ടുനീങ്ങുന്നില്ല. കോടികൾ മുടക്കിയ പദ്ധതിക്ക് ലാഭകരമായി നടപ്പാക്കാനുള്ള മാർഗ രേഖ തയ്യാറാക്കുന്നതിൽ തുടങ്ങി സൗജന്യ കൺക്ഷന് അർഹരായവരുടെ പട്ടിക ശേഖരിക്കുന്നതിൽ വരെ കനത്ത ആശയക്കുഴപ്പം തുടരുകയാണ്

കേരളത്തിന്റെ മുക്കിലും മൂലയിലുമായി 30000 കിലോമീറ്ററിൽ ഒപ്റ്റിക്കൽ ഫൈബർ കേബിൾ ശൃംഖല, നഗര ഗ്രാമ വ്യത്യാസം ഇല്ലാതെ എല്ലാവർക്കും അതിവേഗ ഇന്റർനെറ്റ് എത്തിക്കാൻ ഡാറ്റാ ഹൈവേ, സാർവത്രികവും സൗജന്യവുമായ ഇന്റർനെറ്റ് സർക്കാർ മേഖലയിൽ എന്ന പ്രഖ്യാപനം ഇപ്പോഴും പ്രായോഗികമായിട്ടില്ല. പദ്ധതി പ്രഖ്യാപിച്ചിട്ടിപ്പോൾ അഞ്ച് വർഷമായി. നാട് 5 ജി വിപ്ലവത്തിന്റെ വക്കിലെത്തി നിൽക്കുമ്പോൾ തർക്കം ഗുണഭോക്തൃ പട്ടികയെ ചൊല്ലിയാണ്.

ആരു നൽകണം പട്ടിക?

ആരാണ് ഇതിന് ഉത്തരവാദി? കെ ഫോണോ, തദ്ദേശസ്വയംഭരണ വകുപ്പോ? തങ്ങൾ നാലുമാസമായി തദ്ദേശ വകുപ്പിന് കത്തയയ്ക്കുന്നുണ്ടെന്ന് കെ ഫോൺ പറയുമ്പോൾ, ഒരാഴ്ച മുമ്പ് മുമ്പാണ് കാര്യം അറിഞ്ഞതെന്ന് തദ്ദേശ വകുപ്പ് പറയുന്നു. തർക്കം നടക്കുന്നത് 14,000 ബിപിഎൽ കുടുംബങ്ങളുടെ പട്ടികയെ ചൊല്ലിയാണ്.

പദ്ധതി ചെലവ് 1516.76 കോടി രൂപ , നടത്തിപ്പ് കരാർ ഭാരത് ഇലട്രോണിക്‌സ് ലിമിറ്റഡിന്റെ നേതൃത്വത്തിൽ കൺസോഷ്യത്തിന്, 20 ലക്ഷം ബി പി എൽ കുടുംബങ്ങളിലേക്ക് സൗജന്യ നെറ്റ്, സർക്കാർ ഓഫീസുകളും ആശുപത്രികളും സ്‌കൂളുകളും കണക്റ്റിവിറ്റി പരിധിയിൽ എന്നിങ്ങനെയാണ് ആദ്യം സർക്കാർ പറഞ്ഞത്. 20 ലക്ഷം ബിപിഎൽ കുടുംബങ്ങൾക്കു സൗജന്യ കണക്ഷൻ എന്ന വാഗ്ദാനം ഇപ്പോൾ, 14,000 കുടുംബങ്ങൾക്കായി ചുരുക്കി. ഒരു മണ്ഡലത്തിൽ 100 വീതം കുടുംബങ്ങൾക്കാണു നൽകുക.

കണക്ഷൻ നൽകാൻ കേരളാ വിഷനേയും ഡാറ്റാ വാങ്ങാൻ ബി എസ് എൻ എല്ലിനേയും തെരഞ്ഞെടുത്തെങ്കിലും എത്ര ഡാറ്റ എന്ത് ചെലവിൽ എങ്ങനെ വാങ്ങുമെന്നോ ലാഭകരമായി പദ്ധതി എങ്ങനെ മുന്നോട്ട് കൊണ്ട് പോകുമെന്നോ ഉള്ള കാര്യത്തിൽ യാതൊരു വ്യക്തതയും ആയിട്ടില്ല. സർവീസ് പ്രൊവൈഡറായി കേരള വിഷനെ തിരഞ്ഞെടുത്തിട്ടു 4 മാസത്തിലേറെയായെങ്കിലും ആർക്കു കണക്ഷൻ നൽകണമെന്ന കാര്യത്തിൽ കെ ഫോണിന് തിട്ടമില്ല.

തദ്ദേശവകുപ്പ് പട്ടിക നൽകുമെന്നാണു സർക്കാർ കെ ഫോണിനെ അറിയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ 4 മാസമായി ഐടി സെക്രട്ടറിയുടെ അറിവോടെ കത്തിടപാടു നടക്കുന്നുണ്ടെന്നു കെ ഫോൺ അധികൃതർ പറയുന്നു. എന്നാൽ ഒരാഴ്ച മുൻപാണു കത്തു ലഭിച്ചതെന്നും ഗുണഭോക്താക്കളെ കണ്ടെത്താൻ ജില്ലകൾക്കു നിർദ്ദേശം നൽകിയെന്നും തദ്ദേശവകുപ്പ് വിശദീകരിക്കുന്നു. ഒരു തദ്ദേശ സ്ഥാപനത്തിൽ 15 കുടുംബങ്ങളെ വീതം കണ്ടെത്താനാണു നിർദ്ദേശം. രണ്ടാഴ്ചയ്ക്കകം പട്ടിക നൽകാമെന്നാണു തദ്ദേശവകുപ്പിന്റെ വാഗ്ദാനം.