തിരുവനന്തപുരം: രാഷ്ട്രീയ എതിരാളികൾ കർണാടക സർക്കാരിനും മുഖ്യമന്ത്രിക്കും തനിക്കുമെതിരെ കേരളത്തിൽ മൃഗബലി അടക്കമുള്ള യാഗങ്ങൾ നടന്നെന്ന ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ ആരോപണങ്ങളെ തള്ളി കേരളാ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. കേരളത്തിലെ ഒരു ക്ഷേത്രവുമായി ബന്ധപ്പെട്ട് ശിവകുമാർ ഉന്നയിച്ച ആരോപണം നടക്കാൻ സാധ്യതയില്ലാത്തതാണെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു.

കേരളത്തിൽ ഒരിക്കലും നടക്കാനിടയില്ലാത്ത കാര്യമാണിത്. ഇത്തരത്തിൽ എന്തെങ്കിലുമുണ്ടോയെന്ന് അന്വേഷിക്കുമെന്നും മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു. തന്നെയും കർണ്ണാടക സർക്കാരിനെയും താഴെയിറക്കാൻ കർണ്ണാടകത്തിൽ നിന്നുള്ളവർ കേരളത്തിലെ ഒരു ക്ഷേത്രത്തിൽ പഞ്ചബലി നടത്തിയെന്നായിരുന്നു ശിവകുമാറിന്റെ ആരോപണം. കേരളത്തിലെ ഒരു രാജരാജേശ്വര ക്ഷേത്രത്തിന് സമീപം വച്ച് ശത്രുഭൈരവ എന്ന പേരിൽ നടത്തിയ യാഗത്തിൽ 52 മൃഗങ്ങളെ ബലി നൽകിയെന്നാണ് ഡികെയുടെ ആരോപണം. കണ്ണൂരിലാണ് മൃഗബലി നടന്നതെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചെങ്കിലും അത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്നാണ് വിവരം.

കണ്ണൂരിൽ ഡി.കെ.ശിവകുമാർ ആരോപിച്ചത് പോലുള്ള മൃഗബലി പൂജ നടന്നിട്ടില്ലെന്നാണ് വിവരം. കണ്ണൂരിലാണ് ഇത്തരമൊരു യാഗം നടന്നതെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ തളിപ്പറമ്പിലെ രാജരാജേശ്വര ക്ഷേത്രത്തിൽ മൃഗബലി പൂജകളില്ല. മറ്റ് വഴിപാടുകളാണ് പ്രധാനം. ശത്രുസംഹാര പൂജയ്ക്ക് പ്രസിദ്ധം മാടായി ക്ഷേത്രമാണ്. നൂറുകണക്കിന് ശത്രുസംഹാര പൂജകൾ ഇവിടെ നടക്കാറുണ്ട്.

നേരത്തെ ശിവകുമാറിന്റെ ആരോപണങ്ങളെ തള്ളി യോഗക്ഷേമ സഭ അധ്യക്ഷൻ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാടും രംഗത്തുവന്നിരുന്നു. ശിവകുമാറിന്റേതു രാഷ്ട്രീയ ഗിമ്മിക്കാണ്. ആരോപണം അടിസ്ഥാനരഹിതമാണെന്നും പറഞ്ഞ അക്കീരമൺ ഭട്ടതിരിപ്പാട്, ഹൈന്ദവ സമൂഹത്തിൽ ഇത്തരം വികലമായ കാര്യങ്ങളില്ലെന്നും അക്കീരമൺ വ്യക്തമാക്കി.

കർണാടക സർക്കാരിനെതിരെ കേരളത്തിൽ ഗൂഢാലോചന നടക്കുന്നുണ്ട്. ആരാണ് യാഗം നടത്തിയത്, ആരൊക്കെയാണ് അതിൽ പങ്കെടുത്തത്, ആരാണ് ഇതിന് പിന്നിലെന്ന് തനിക്ക് അറിയാമെന്നും നേരത്തെ ശിവകുമാർ പറഞ്ഞിരുന്നു. ആരുടെയും പേര് നേരിട്ട് പറയാതെ രാഷ്ട്രീയ എതിരാളികളാണ് ഇത് ചെയ്തതെന്നും മൃഗബലിയും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവേ തന്റെ കൈത്തണ്ടയിൽ കെട്ടിയിരിക്കുന്ന വിശുദ്ധ നൂലിനെ എടുത്ത് കാണിച്ച് തനിക്ക് നേരേയുള്ള ദുഷിച്ച കണ്ണുകളെ തടയാനാണ് താൻ ഇത് കെട്ടിയിരിക്കുന്നതും ശിവകുമാർ പറഞ്ഞു. തനിക്കും മുഖ്യമന്ത്രിക്കും സിദ്ധരാമയ്യക്കും എതിരെയാണ് യാഗങ്ങൾ നടത്തുന്നത്.

കേരളത്തിലെ രാജരാജേശ്വരി ക്ഷേത്രത്തിന് സമീപത്ത് ശത്രുക്കളെ ഇല്ലാതാക്കാൻ ശത്രു ഭൈരവിയാഗം,(അഗ്‌നിബലി) പഞ്ചബലി എന്നീ കർമങ്ങളാണ് നടത്തുന്നത്. ചുവന്ന ആട്, 21 എരുമകൾ, മൂന്ന് കറുത്ത ആടുകൾ, അഞ്ച് പന്നികൾ എന്നിവ അഗ്‌നിയാഗത്തിനായി ഉപയോഗിച്ചു. പൂജകൾക്കായി ശത്രുക്കൾ അഘോരികളെയാണ് സമീപിക്കുന്നത്. യാഗങ്ങൾ ഇപ്പോഴും നടക്കുന്നുണ്ടെന്നും അതിൽ പങ്കെടുത്തവരിൽ നിന്ന് തനിക്ക് അതിനെക്കുറിച്ച് അപ്ഡേറ്റുകൾ ലഭിക്കുന്നുണ്ടെന്നും ശിവകുമാർ അവകാശപ്പെട്ടു.

ആരുടെയും പേര് പറഞ്ഞില്ലെങ്കിലും രാഷ്ട്രീയപരമായി വന്ന ശത്രുക്കളാണ് ഇതിന് പിന്നിൽ. ശത്രുക്കളുടെ ആജ്ഞ പ്രകാരമാണ് ചടങ്ങുകൾ നടക്കുന്നതെന്നും ഡി കെ അവകാശപ്പെട്ടു. ഇങ്ങനെയൊക്കെ ചെയ്യുന്നത് ആരാണെങ്കിലും അത് അവരുടെ വിശ്വാസമാണ്. അവർ ആഗ്രഹിക്കുന്ന കാര്യങ്ങൾക്ക് വേണ്ടി അവർ ശ്രമിച്ചു കൊണ്ടിരിക്കട്ടെ. സ്വയം സംരക്ഷിക്കാൻ തനിക്ക് ആകുമെന്നും ശിവകുമാർ പറഞ്ഞു.