ന്യൂഡൽഹി: ദിവ്യ എസ് അയ്യർ തന്നെ ആലിംഗനം ചെയ്തത് സ്നേഹപ്രകടനത്തിന്റെ ഭാഗമാണെന്ന് കെ. രാധാകൃഷ്ണൻ എംപി. ഒരു സ്നേഹ പ്രകടനം ഇത്ര ചർച്ചയാക്കേണ്ട കാര്യമുണ്ടോ? ആർക്കും സ്നേഹിക്കാനും പാടില്ലേയെന്നും അദ്ദേഹം ചോദിച്ചു. ആദ്യമായാണ് പാർലമെന്റിൽ എത്തുന്നത്. രാജ്യത്തിന്റെ പൊതുസ്ഥിതി പാർലമെന്റിൽ ചർച്ചയാകുമെന്നും കെ. രാധാകൃഷ്ണൻ ഡൽഹിയിൽ പറഞ്ഞു.

കെ.രാധാകൃഷ്ണനെ ദിവ്യ എസ് അയ്യർ ആലിംഗനം ചെയ്തതാണ് ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ സജീവ ചർച്ച ചെയ്യുന്നത്. ഇതോടെ ദിവ്യ എസ് അയ്യർ വിശദീകരണവുമായി രംഗത്തുവന്നിരുന്നു. കെ രാധാകൃഷ്ണനെ ചെയ്തതിൽ ജാതി ചിന്ത കലർത്തിയത് വേദനിപ്പിച്ചെന്നും സ്നേഹത്തിന് പ്രോട്ടോക്കോൾ ഇല്ലെന്നും വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനി ഡയറക്ടർ ദിവ്യ.എസ്.അയ്യർ പറഞ്ഞു.

സ്നേഹം പ്രകടിപ്പിക്കുന്നതിന് പ്രോട്ടോക്കോൾ ഉണ്ടാകില്ല. ഹൃദയത്തിന്റെ ഭാഷയിലാണ് മുൻ മന്ത്രി കെ രാധാകൃഷ്ണനെ ആലിംഗനം ചെയ്തത്. അതിൽ ജാതീയ ചിന്ത കലർത്തിയത് വേദനിപ്പിച്ചു. അപക്വമായ മനസിന് ഉടമകളായിട്ടുള്ളവരാണ് അത്തരത്തിൽ ജാതീയ ചിന്തകൾ കലർത്തിയത്. പലരുടെയും അപക്വമായ ചിന്തകൾ വിഷയത്തെ സങ്കീർണമാക്കി. ജാതീയമായ പരാമർശങ്ങൾ വേദനിപ്പിച്ചു. ജീവിതത്തിൽ ഇന്ന് വരെ ജാതി നോക്കി ജീവിച്ചിട്ടില്ലെന്നും ദിവ്യ എസ് അയ്യർ വ്യക്തമാക്കി.

മന്ത്രിസ്ഥാനം രാജിവെച്ചതിന് പിന്നാലെ കെ. രാധാകൃഷ്ണനെ സന്ദർശിച്ച ദിവ്യ എസ്. അയ്യർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഓർമക്കുറിപ്പിനൊപ്പമാണ് മന്ത്രിയായ സമയത്ത് രാധാകൃഷ്ണനൊപ്പം പകർത്തിയ ചിത്രങ്ങളും പങ്കുവെച്ചത്. 'കനിവാർന്ന വിരലാൽ വാർത്തെടുത്തൊരു കുടുംബം. രാധേട്ടാ, രാധാകൃഷ്ണാ, വലിയച്ഛാ, സർ... എന്നിങ്ങനെ പല വാത്സല്യവിളികൾ കൊണ്ട് ഇന്നു മുഖരിതം ആയിരുന്ന മന്ത്രി വസതിയിൽ യാത്രയയക്കാനെത്തിയ കുടുംബാംഗങ്ങൾക്കൊപ്പം. പത്തനംതിട്ടയിലെ കളക്ടർ വസതിയിൽ നിന്നും ഞാൻ ഇറങ്ങുമ്പോൾ അന്നു അദ്ദേഹത്തിന്റെ സ്‌നേഹസാന്നിധ്യത്തിന്റെ മധുരം ഒരിക്കൽ കൂടി നുകർന്നപോൽ' -എന്നായിരുന്നു ദിവ്യ എസ്. അയ്യരുടെ ഇൻസ്റ്റഗ്രാം കുറിപ്പ്.

കെ. രാധാകൃഷ്ണനെ ദിവ്യ എസ്. അയ്യർ ആശ്ലേഷിക്കുന്ന ചിത്രത്തിന് വലിയ കൈയടിയാണ് ലഭിക്കുന്നത്. നിരവധി പേർ വൈറൽ ചിത്രം സാമൂഹികമാധ്യമങ്ങളിൽ റീപോസ്റ്റ് ചെയ്തിരുന്നു. കെ. രാധാകൃഷ്ണനും ദിവ്യ എസ്. അയ്യരുമുള്ള ചിത്രം വൈറലായതിന് പിന്നാലെ ഭർത്താവും കോൺഗ്രസ് നേതാവുമായ കെ.എസ്. ശബരീനാഥന് ഇതുസംബന്ധിച്ച് പോസ്റ്റിട്ടിരുന്നു. ഏറെ ബഹുമാനിക്കുന്ന, ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയെ മറ്റൊരാൾ ആലിംഗനം ചെയ്ത ഒരു ചിത്രം സ്ത്രീ-പുരുഷ സമസ്യയിൽ ഇപ്പോൾ പോസിറ്റീവായി ചർച്ച ചെയ്യപ്പെടുന്നതിൽ സന്തോഷമുണ്ടെന്ന് ഫേസ്‌ബുക്ക് പോസ്റ്റിൽ ശബരിനാഥൻ കുറിച്ചു.