തിരുവനന്തപുരം: കെ റെയിൽ മോഹം ഇനി അവസാനിപ്പിക്കാം. സിൽവർലൈൻ വേഗ റെയിൽ പദ്ധതിക്കു വേണ്ടിയുള്ള കോർപ്പറേഷന് ഇനിയും തുടരുന്നത് ഖജനാവ് കൊള്ളടിക്കലാകും. ആ സംവിധാനവും ഇനി പിരിച്ചു വിടാം. കെ റെയിൽ പദ്ധതിക്ക് ജപ്പാൻ ഇന്റർനാഷനൽ കോ ഓപ്പറേഷൻ ഏജൻസിയുടെ (ജൈക്ക) ധനസഹായം തൽക്കാലം ലഭിക്കില്ല. അപ്പോഴും പദ്ധതിയുമായി മുമ്പോട്ട് പോകുമെന്ന് വിശദീകരിക്കുകയാണ് കെ റെയിൽ. വിവരാവകാശം തന്നെ തെറ്റാണെന്ന് അവർ പറയുന്നത്. പക്ഷേ ഇനി കെറെയിൽ കല്ലുകൾക്കും തള്ളുകൾക്കും കേരളത്തിൽ സ്ഥാനമുണ്ടാകില്ലെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് നടക്കുന്നത്. കർണ്ണാടകയിലെ മംഗളൂരുവിലേക്ക് പ്ദ്ധതി നീട്ടി ബിജെപി പിന്തുണ കൂടി നേടാനാണ് കേരള സർക്കാരിന്റെ ശ്രമം. ഇതിനിടെയാണ് തിരിച്ചടി വാർത്ത എത്തുന്നത്.

ജൈക്ക ഫണ്ട് ഉപയോഗിച്ചു പദ്ധതികൾ നടപ്പാക്കാനുള്ള ജൈക്ക റോളിങ് പ്ലാനിൽനിന്ന് പദ്ധതിയെ ഒഴിവാക്കിയതായി വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനു കേന്ദ്ര ധനമന്ത്രാലയം മറുപടി നൽകി. ഇതോടെ, പദ്ധതിയുടെ വിദേശ വായ്പ ആരു നൽകുമെന്ന ചോദ്യമുയർന്നു. കേന്ദ്രവും പദ്ധതിക്ക് എതിരാണ്. ഇതോടെ കെ റെയിൽ പദ്ധതി എന്നെന്നേക്കുമായി അവസാനിക്കുകയാണെന്നും വ്യക്തമാക്കി. നിലവിലെ പദ്ധതിയിൽ ജൈക്ക ഫണ്ട് കിട്ടില്ലെന്ന് ഏതാണ് ഉറപ്പായി കഴിഞ്ഞു. കടക്കെണിയിൽ ഉഴലുന്ന കേരളത്തിന് വലിയ തുട കടം കൊടുക്കുന്നതിലെ പ്രതിസന്ധിയും ജ്പ്പാൻ ബാങ്ക് തിരിച്ചറിയുന്നുണ്ട്. സിൽവർലൈൻ വിരുദ്ധ സമിതി പ്രവർത്തകൻ കൂടിയായ കോട്ടയം പെരുവ സ്വദേശി എം ടി.തോമസിനാണു വിവരാവകാശ നിയമപ്രകാരമുള്ള മറുപടി ലഭിച്ചത്.

സിൽവർ ലൈൻ പദ്ധതിച്ചെലവായ 63,941 കോടി രൂപയിൽ 33,000 കോടിയാണു ജൈക്കയിൽനിന്നു വായ്പയെടുക്കാൻ ഉദ്ദേശിച്ചത്. പദ്ധതിയെ ജൈക്ക പ്ലാനിൽ ഉൾപ്പെടുത്തിയതായി കഴിഞ്ഞവർഷം ജനുവരിയിൽ ധനമന്ത്രി നിർമല സീതാരാമൻ സംസ്ഥാന സർക്കാരിനെ അറിയിച്ചിരുന്നു. എന്നാൽ, ഇത്രയും തുക വായ്പ നൽകാനാകില്ലെന്നും മറ്റ് ഏജൻസികളെക്കൂടി കണ്ടെത്തണമെന്നും ജൈക്ക നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ മറ്റു വായ്പാ ഏജൻസികളെക്കൂടി കണ്ടെത്താനുള്ള അപേക്ഷ കെ റെയിൽ, സംസ്ഥാന സർക്കാർ വഴി കേന്ദ്ര ധന മന്ത്രാലയത്തിനു നൽകിയെങ്കിലും പരിഗണിച്ചിട്ടില്ല.

ജൈക്ക പ്ലാനിൽനിന്നു പദ്ധതി പുറത്തായെന്നും മറ്റു വായ്പാ ഏജൻസികളെ കണ്ടെത്താനുള്ള അപേക്ഷ പരിഗണിക്കണമെങ്കിൽ പദ്ധതിയുടെ സാങ്കേതിക സാമ്പത്തിക സാധ്യത സംബന്ധിച്ചു റെയിൽവേയുടെ റിപ്പോർട്ട് ലഭിക്കണം. എന്നാൽ റെയിൽവേ പദ്ധതിക്ക് എതിരാണിപ്പോൾ. അതിവേഗ തീവണ്ടികൾ കേരളത്തിൽ ഓടിക്കുന്നതിനെ കുറിച്ചാണ് അവരുടെ ചിന്ത. പദ്ധതിയെക്കുറിച്ച് എന്തെങ്കിലും അഭിപ്രായപ്പെടാവുന്ന സ്ഥിതി ഇപ്പോഴില്ലെന്നാണു ഫെബ്രുവരിയിൽ ധനമന്ത്രാലയത്തെ റെയിൽവേ അറിയിച്ചത്.

എന്നാൽ ജൈക്ക പ്ലാനിൽനിന്നു പദ്ധതിയെ ഒഴിവാക്കിയതു ധന മന്ത്രാലയം ഇതുവരെ അറിയിച്ചിട്ടില്ലെന്നു കെ റെയിൽ എംഡി വി.അജിത്കുമാർ പ്രതികരിച്ചു. മറ്റ് ഏജൻസികളെക്കൂടി കണ്ടെത്താൻ ജൈക്കയുടെ നിർദേശപ്രകാരം നൽകിയ അപേക്ഷ പരിഗണനയിലുള്ളതുകൊണ്ടാകാം പഴയ അപേക്ഷ റോളിങ് പ്ലാനിൽനിന്നു കേന്ദ്രം ഒഴിവാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴും പ്രതീക്ഷയിലാണെന്ന സൂചനകളാണ് അവർ നൽകുന്നത്. എന്നാൽ ഡൽഹിയുടെ പ്രതികരണങ്ങൾ മറിച്ചാണെന്നതാണ് വസ്തുത.

കെ റെയിൽ വിശദീകരണം ചുവടെ

സിൽവർ ലൈൻ പദ്ധതിക്ക് വിദേശവായ്പ തടസ്സമാകുമെന്ന നിലയിലുള്ള വാർത്ത അടിസ്ഥാനരഹിതമെന്നാണ് കെ റെയിൽ പറയുന്നത്. ജപ്പാൻ ഇന്റർനാഷണൽ കോ--ഓപ്പറേഷൻ ഏജൻസിയുടെ (ജൈക്ക) റോളിങ് പ്ലാനിൽനിന്ന് സിൽവർ ലൈൻ പദ്ധതി ഒഴിവാക്കിയെന്ന് വിവരാവകാശ രേഖയുണ്ടെന്നാണ് വാർത്ത വന്നത്. ജൈക്കയുടെതന്നെ നിർദേശപ്രകാരം കെ--റെയിൽ കോർപറേഷൻ നൽകിയ പുതിയ അപേക്ഷ കേന്ദ്ര ധനമന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നതാണ് വസ്തുത.

പദ്ധതിക്ക് 33,203 കോടിയുടെ വിദേശവായ്പ ജൈക്കയിൽ നിന്നെടുക്കാനായിരുന്നു ആദ്യം ആലോചന. ഇതിനായി കെ--റെയിൽ നൽകിയ അപേക്ഷയിൽ, ജൈക്കയുടെ 2018ലെ റോളിങ് പ്ലാനിൽത്തന്നെ പദ്ധതി ഉൾപ്പെടുത്തി. കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. തുടർന്ന്, ഒന്നിലധികം ബാങ്കുകളിൽനിന്ന് വായ്പ ലഭ്യമാക്കണമെന്ന നിർദ്ദേശം ജൈക്ക മുന്നോട്ടുവച്ചു.

എഡിബി (7553.22 കോടി), എഐഐബി (3778.5 കോടി), കെഎഫ്ഡബ്ല്യു (3476.2 കോടി), ജൈക്ക (18,892 കോടി) എന്നീ ബാങ്കുകളിൽനിന്ന് വായ്പ ലഭ്യമാക്കാനുള്ള അപേക്ഷ കെ--റെയിൽ തയ്യാറാക്കി. ഇത് കേന്ദ്ര ധനമന്ത്രാലയത്തിന്റെ പരിഗണനയിലാണ്. പദ്ധതിയുടെ സാമ്പത്തിക--സാങ്കേതിക സാധ്യത സംബന്ധിച്ച് റെയിൽവേ മന്ത്രാലയത്തിന്റെ റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടിയെന്നാണ് ധനമന്ത്രാലയത്തിന്റെ നിലപാട്.

ആദ്യഘട്ടത്തിൽ പദ്ധതിക്ക് വിദേശ വായ്പയ്ക്കായി ശുപാർശചെയ്ത റെയിൽവേ മന്ത്രാലയം ഈ വർഷം ഫെബ്രുവരിയിൽ പദ്ധതിയുടെ വിവിധ സാങ്കേതിക വിശദാംശങ്ങൾ ലഭിക്കാനുണ്ടെന്ന് അറിയിച്ചു. തുടർന്നാണ് ജൈക്കയുടെ റോളിങ് പ്ലാനിൽനിന്ന് പദ്ധതി ഒഴിവാക്കിയതായി ധനമന്ത്രാലയം അറിയിച്ചത്. റെയിൽവേ മന്ത്രാലയം ആവശ്യപ്പെട്ട വിശദാംശങ്ങളെല്ലാം കെ--റെയിൽ ഇതിനകം കൈമാറിയിട്ടുണ്ട്.