- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിറ്റാണ്ടു പിന്നിട്ടിട്ടും അവ്യക്തമായി തുടരുന്ന പദ്ധതികൾക്കു മുന്നിൽ 'അന്യാധീനപ്പെട്ട' സ്വന്തം ഭൂമിയിൽ ആശങ്കയോടെ കഴിയുന്നവരുടെ കൂട്ടത്തിൽ കെറെയിൽ ബാധിതരും; ഭൂമി വിൽക്കാനോ ജാമ്യം വയ്ക്കാനോ കഴിയില്ല; സിൽവർലൈൻ പദ്ധതിക്ക് ഇതുവരെ ചെലവിട്ടത് 34,51,95,425 രൂപ; കെ റെയിലിൽ ഖജനാവ് നഷ്ടവും അവ്യക്തതകളും മാത്രം
തിരുവനന്തപുരം: സർക്കാരിന്റെ ഭൂമിയേറ്റെടുക്കൽ നടപടികളും പദ്ധതികളുടെ കാലതാമസം മൂലമുള്ള അനിശ്ചിതാവസ്ഥയും മൂലം സംസ്ഥാനത്തുടനീളം വലയുന്നത് നൂറുകണക്കിനു ഭൂവുടമകൾ. എറണാകുളം ജില്ലയിൽ ശബരി റെയിൽ പാതയ്ക്കായി ഭൂമിയേറ്റെടുക്കൽ വിജ്ഞാപനമിറക്കി 2 പതിറ്റാണ്ടു കഴിഞ്ഞിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ല. ഇനി സിൽവർ ലൈൻ പദ്ധതി പ്രദേശത്തുള്ളവർക്കും ഈ ഗതി വന്നേക്കും. പദ്ധതി ഉപേക്ഷിച്ചില്ലെന്ന് സർക്കാർ പറയുന്നു. കെ റെയിൽ അതുകൊണ്ട് തന്നെ അടഞ്ഞ അധ്യായമല്ല. അതിനാൽ പതിറ്റാണ്ടു പിന്നിട്ടിട്ടും അവ്യക്തമായി തുടരുന്ന പദ്ധതികൾക്കു മുന്നിൽ 'അന്യാധീനപ്പെട്ട' സ്വന്തം ഭൂമിയിൽ ആശങ്കയോടെ കഴിയുന്നവരുടെ കൂട്ടത്തിൽ കെറെയിൽ ബാധിതരുമെത്തും.
സിൽവർലൈൻ പദ്ധതിക്ക് ഇതുവരെ ചെലവിട്ടത് 34,51,95,425 രൂപയാണ്. ഇതിൽ 29,29,82,380 രൂപ കൺസൽറ്റൻസി ഫീസ് ഇനത്തിലാണ്. ഇതിൽ 55.92 ലക്ഷം രൂപ നൽകിയത് ഇക്കഴിഞ്ഞ ഒക്ടോബറിലും. ചെലവായ തുകയ്ക്കു പുറമേ, ഭൂമിയേറ്റെടുക്കലിന്റെ പ്രാരംഭ പ്രവർത്തനത്തിനു സർക്കാർ അനുവദിച്ച 13 കോടിയോളം രൂപ കെ റെയിലിന്റെ പക്കലുണ്ട്. റവന്യു ജീവനക്കാരുടെ ശമ്പളം, കല്ലിടൽ തുടങ്ങിയ ആവശ്യങ്ങൾക്കായി 11 ജില്ലകളിലേക്കു കലക്ടർമാരുടെ പേരിൽ 20.5 കോടി രൂപ കൈമാറിയിരുന്നു. ഇതിൽ ഏഴരക്കോടിയോളം രൂപയാണ് ഈ ആവശ്യങ്ങൾക്ക് ഇതുവരെ ചെലവായത്. റെയിൽവേ ബോർഡിന്റെ അനുമതി ലഭിക്കുന്നതുവരെ ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നിർത്തിവച്ചതിനാൽ ബാക്കി തുക എന്തു ചെയ്യണമെന്നു കെ റെയിൽ സർക്കാരിനോട് ചോദിച്ചിട്ടുണ്ട്.
സിൽവർലൈൻ സാങ്കേതികമായി മരവിപ്പിച്ച നീക്കം ആശ്വാസം പകരുമ്പോഴും പദ്ധതിക്കായി നേരത്തെ പ്രഖ്യാപിച്ച പ്രദേശങ്ങളിലെ ഭൂവുടമകളുടെ പ്രശ്നം തീരില്ല. നഷ്ടപരിഹാരവും കിട്ടില്ല. ഇതിനൊപ്പം വസ്തു വിൽക്കാനും കഴിയില്ല. അങ്ങനെ സർവേയുടെ ഭാഗമായി കല്ലിട്ടതും അല്ലാത്തതുമായ ഭൂമിയുടെ ഭാവി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. കല്ലിടുന്നതിനു മുൻപു തന്നെ, സമീപത്തെ ഭൂമിയിൽ കെട്ടിടം നിർമ്മിക്കുന്നതിനുള്ള അനുമതിക്കും മറ്റും തടസ്സം നേരിട്ടിരുന്നു. ബാങ്ക് വായ്പാ അപേക്ഷകൾ പരിഗണിച്ചില്ല. ഇതെല്ലാം ഇനിയും തുടരും. സ്ഥലം ഏറ്റെടുക്കൽ പ്രവർത്തനം നിർത്തിയ ശേഷവും പദ്ധതിയിൽ നിന്നു പിൻവാങ്ങിയിട്ടില്ലെന്നു സർക്കാർ വിശദീകരിക്കുന്നതാണ് ഇതിന് കാരണം.
ശബരി റെയിലിന്റെ ഇരകളായ നൂറുകണക്കിനു കുടുംബങ്ങളാണ് ഇതിലൂടെ ഭൂമി ക്രയവിക്രയത്തിനു സാധിക്കാതെ ദുരിതമനുഭവിക്കുന്നത്. കുന്നത്തുനാട്, അങ്കമാലി, മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളിൽ ഈ പ്രശ്നമുണ്ട്. അളന്നു കല്ലിട്ടു തിരിച്ചു പോയതിനാൽ വിൽക്കാനോ ബാങ്കുകളിൽ പണയം വയ്ക്കാനോ കഴിയുന്നില്ല. ഇടുക്കി ജില്ലയിൽ വെങ്ങല്ലൂർ മുതൽ നെല്ലാപ്പാറ വരെയുള്ള ഭാഗത്ത് നൂറു കണക്കിനു ഭൂവുടമകളും ശബരി പാതയുടെ പേരിൽ ദുരിതത്തിലാണ്. ഈ പദ്ധതിക്ക് വീണ്ടും പ്രതീക്ഷകൾ വയ്ക്കുന്നുണ്ട്. ഇതിനൊപ്പം മൂവാറ്റുപുഴയിൽ കൊച്ചി-ധനുഷ്കോടി റോഡിനു സമാന്തരമായി പ്രഖ്യാപിച്ച കടാതി കാരക്കുന്നം ബൈപാസിനായി കല്ലിട്ടു തിരിച്ച ഭൂമിയിലെ ഉടമകളുടെ അവസ്ഥ.
തൃപ്പൂണിത്തുറ ബൈപാസിനായി 32 വർഷം മുൻപു കുറ്റിനാട്ടിയ ഭൂമിയിലും പ്രതിസന്ധിയാണ്. 1989 ൽ സർവേക്കല്ലുകൾ സ്ഥാപിച്ചതാണ്. തിരുവാങ്കുളം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ സ്ഥലം വിട്ടുകൊടുത്തവർക്ക് നഷ്ടപരിഹാരത്തുക പോലും പൂർണമായി നൽകിയിട്ടില്ല. ഈ ബൈപാസിനായി മറ്റക്കുഴിയിലും സ്ഥലമേറ്റെടുത്ത് കുറ്റികൾ സ്ഥാപിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ