കണ്ണൂർ: കെ റെയിൽ പദ്ധതിയിൽ നിന്ന് റെയിൽവേ പിന്മാറുന്നുവെന്ന് ഉറപ്പായി. കെ റെയിൽ പദ്ധതി വരുമ്പോൾ കണ്ണൂരിൽ റെയിൽവേ സ്റ്റേഷൻ നിർമ്മിക്കാൻ ഉദ്ദേശിച്ച ഭൂമിയും കൈമാറാനുള്ള റെയിൽവേയുടെ തീരുമാനം ഇതിന്റെ സൂചനയാണ്. കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ കിഴക്കേ കവാടത്തിനു സമീപത്തെ റെയിൽവേ ഭൂമിയിലും പൊലീസിന്റെ ഭൂമിയിലുമായാണ് കെ റെയിൽ വരുമ്പോൾ സ്റ്റേഷൻ നിർമ്മിക്കാൻ നിശ്ചയിച്ചിരുന്നത്. കെ റെയിൽ പദ്ധതിക്കായി തയാറാക്കിയ വിശദമായ പദ്ധതിരേഖയിൽ (ഡിപിആർ) ഇക്കാര്യം രൂപരേഖ ഉൾപ്പെടെ രേഖപ്പെടുത്തിയിരുന്നു. ഇതോടെ പിണറായി സർക്കാരിന്റെ സ്വപ്‌ന പദ്ധതിയോട് കേന്ദ്ര സർക്കാരിന് താൽപ്പര്യക്കുറവുണ്ടെന്ന് വ്യക്തമാകുകയാണ്. കേരള സർക്കാരിന് കൂടി തുല്യ പങ്കാളിത്തമുള്ള അതിവേഗ റെയിൽ ഇനി നടക്കാൻ ഇടയില്ലെന്നതാണ് വസ്തുത. പ്രധാനമന്ത്രി മോദിയും ഇക്കാര്യത്തിൽ കേരള സർക്കാരിന്റെ മോഹത്തെ പിന്തുണയ്ക്കില്ല. ഫലത്തിൽ ഭൂമി നഷ്ടപ്പെടുന്നവരുടെ വേദനയ്ക്ക് ആശ്വാസവുമെത്തുന്നു.

എന്നാൽ റെയിൽവേ ലാൻഡ് ഡവലപ്‌മെന്റ് അഥോറിറ്റി (ആർഎൽഡിഎ) വഴി കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തെ ഭൂമിയിൽ നിന്ന് പാട്ടത്തിനു നൽകാനായി കണ്ടെത്തിയ സ്ഥലങ്ങളുടെ പട്ടികയിലും ഇതേ ഭൂമി ഉൾപ്പെട്ടിട്ടുണ്ട്. കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ ഒന്നാം പ്ലാറ്റ് ഫോം സ്ഥിതിചെയ്യുന്ന പടിഞ്ഞാറു ഭാഗത്തെ 4.93 ഏക്കർ ഭൂമി ഷോപ്പിങ് സമുച്ചയം ഉൾപ്പെടെ വാണിജ്യ ആവശ്യങ്ങൾക്കായും കിഴക്കു വശത്തെ 2.26 ഏക്കർ ഭൂമി റെയിൽവേ കോളനി നിർമ്മാണത്തിനായും പാട്ടത്തിനു നൽകിക്കഴിഞ്ഞു. 45 വർഷത്തേക്ക് 24.63 കോടി രൂപയ്ക്കാണ് ടെക്‌സ്വർത് ഇന്റർനാഷനൽ എന്ന കമ്പനി ഭൂമി പാട്ടത്തിനെടുത്തത്. ഇതോടെയാണ് കെ റെയിലിന്റെ കഥ കഴിഞ്ഞെന്ന് വ്യക്തമാകുന്നത്. എന്നാൽ ടെക്‌സ്വർത് ഇന്റർനാഷനൽ എന്ന കമ്പനിയും സംശ നിഴലിലാണ്.

റെയിൽവേ കോളനി നിർമ്മാണത്തിനായി കൈമാറിയ ഭൂമിയും കെ റെയിലിന്റെ ഡിപിആറിൽ ഉൾപ്പെട്ടിരുന്നു. പാട്ടത്തിനു നൽകാനായി ആർഎൽഡിഎ തയാറാക്കിയ ഭൂമിയുടെ പട്ടികയിൽ ഇതിനോടു ചേർന്നുള്ള സ്ഥലങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. കൈമാറ്റം പൂർത്തിയാകുന്നതോടെ നിലവിലെ റെയിൽവേ സ്റ്റേഷനു സമീപം കെ റെയിൽ സ്റ്റേഷൻ എന്ന പദ്ധതി നടക്കില്ല. അലൈന്മെന്റും തെറ്റും. ഈ സാഹചര്യമാണ് കെ റെയിലിൽ നിന്നും റെയിൽവേ പിന്മാറുന്നുവെന്ന തോന്നലുണ്ടാക്കുന്നത്. 45 വർഷത്തേക്കാണ് ടെക്‌സ്വർത് ഇന്റർനാഷനലുമായുള്ള കരാർ. റെയിൽ ലാൻഡ് ഡെവലപ്മെന്റ് അഥോറിറ്റിയുടെ ഈ പ്രവൃത്തി കണ്ണൂരിന്റെ വികസനസാധ്യതയെ ബാധിക്കും.

സ്വകാര്യ ഗ്രൂപ്പ് ഷോപ്പിങ് കോപ്ലക്‌സും മാളും പണിയുമ്പോൾ കണ്ണൂരിന്റെ റെയിൽവേ വളർച്ച പാളത്തിലൊതുങ്ങും. സ്റ്റേഷന്റെ പടിഞ്ഞാറുഭാഗം 4.93 ഏക്കർ വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കും. കിഴക്കുഭാഗത്ത് 2.26 ഏക്കർ റെയിൽവേ ക്വാർട്ടേഴ്സ് കോളനി നിർമ്മാണത്തിനാണ്. 24.63 കോടി രൂപയ്ക്കാണ് സ്ഥലം പാട്ടത്തിനെടുത്തത്. മിനി പ്ലാറ്റ്ഫോം നിർമ്മാണവും അവതാളത്തിലാകും. മംഗളൂരു ഭാഗത്തേക്ക് ചെറിയ പ്ലാറ്റ്ഫോം നിർമ്മിച്ചാൽ ചെറിയ വണ്ടികളിടാനും യാത്രക്കാർക്ക് കയറാനും കഴിയുമായിരുന്നു. റെയിൽവേ സ്റ്റേഷനിലെ വാഹനപാർക്കിങ് സൗകര്യം നിലവിൽ വളരെ പരിമിതമാണ്. വാണിജ്യ കെട്ടിടസമുച്ചയം വരുമ്പോൾ അത് പിന്നെയും കുറയും.

പടിഞ്ഞാറ് ഭാഗത്ത് വാണിജ്യസമുച്ചയം ഉയരുമ്പോൾ റോഡിന് വീതി കൂട്ടാനാകില്ല. മുനീശ്വരൻ കോവിൽ മുതൽ താവക്കര പുതിയ ബസ് സ്റ്റാൻഡിനു സമീപം വരെ ഗതാഗതക്കുരുക്ക് അതി രൂക്ഷമാകും. ഈ റോഡിന് സമാന്തരമായി ഇനി വീതികൂട്ടാൻ ലഭ്യമായ ഏക സ്ഥലം റെയിൽവേയുടേതാണ്. എന്നാൽ സ്വകാര്യകമ്പനിക്ക് ഈ സ്ഥലം കൊടുക്കുന്നതോടെ റോഡ് വീതികൂട്ടൽ പൂർണമായും നിലയ്ക്കും. അതിനിടെ റെയിൽവേയുടെ ഭൂസ്വത്തുക്കൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ കോർപ്പറേറ്റുകൾക്ക് കൈമാറാനുള്ള നീക്കത്തിനെതിരേ സംരക്ഷണ സമിതി രൂപവത്കരിച്ചിട്ടുണ്ട്.

റെയിൽവെ സ്റ്റേഷൻ പരിസരത്തെ ഏഴ് ഏക്കർ ഭൂമി സ്വകാര്യ ഗ്രൂപ്പിന് ഉൾപ്പെടെ വിട്ട് നൽകിയ റെയിൽവെ ലാന്റ് ഡവലെപ്‌മെന്റ് അഥോറിറ്റിയുടെ നടപടി വലിയ അഴിമതിയുടെ തുടർച്ചയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. പ്രതികരിച്ചിരുന്നു. പൊതുമുതലുകൾ ഓരോന്നായി സ്വകാര്യ കമ്പനിക്കൾക്ക് ബിജെപി സർക്കാർ വിറ്റുതുലയ്ക്കുകയാണ്. റെയിൽവെ സ്റ്റേഷന്റെ നവീകരണത്തിനും നഗര വികസനത്തിനും വിഘാതം സൃഷ്ടിക്കുന്ന ഈ നടപടി റെയിൽവെ ലാന്റ് ഡവലെപ്‌മെന്റ് അഥോറിറ്റി തിരുത്തിയെ മതിയാകു.റെയിൽവെ ഭൂമി കൈമാറ്റം പൂർത്തിയാകുന്നതോടെ പുതിയ പ്ലാറ്റ് ഫോം നിർമ്മാണം സാധ്യമാകാതെ വരും.

ധനസമ്പദനത്തിന് വേണ്ടി ബിജെപിയുടെ ഉന്നത നേതാക്കൾ ഇടനിലക്കാരായി നിന്നാണ് റെയിൽവെ ഭൂമി സ്വകാര്യ കമ്പനിക്ക് വാണിജ്യ ആവശ്യങ്ങൾക്കും മറ്റും 45 വർഷത്തെ പാട്ടത്തിന് വിട്ട് നൽകിയത്. നാടിന്റെ വികസന പ്രവർത്തനങ്ങൾക്കല്ലാതെ സ്വകാര്യവ്യക്തികളുടെ വികസനത്തിനായി റെയിൽവെ ഭൂമിയിൽ കാലുകുത്താനോ ഒരിഞ്ച് നിർമ്മാണ പ്രവർത്തനം നടത്താനോ കണ്ണൂർ ജനത അനുവദിക്കില്ലെന്നും കെ സുധാകരൻ പറയുന്നു.

റെയിൽവെ ലാന്റ് ഡവലെപ്‌മെന്റ് അഥോറിറ്റി റെയിൽവെ ഭൂമി സ്വകാര്യ വ്യക്തികൾക്ക് വിട്ടു നൽകാൻ ഏകപക്ഷീയമാണ് തീരുമാനം എടുത്തത്. ഇത് തികച്ചും നിർഭാഗ്യകരമാണ്. ഭൂമി കൈമാറ്റവുമായി മുന്നോട്ട് പോകാനാണ് റെയിൽവെയുടെ തീരുമാനമെങ്കിൽ അതിനെ കണ്ണൂരിലെ ജനങ്ങളെ അണിനിരത്തി കോൺഗ്രസ് ശക്തമായി പ്രതിരോധിക്കും.കൂടാതെ ഭൂമി കൈമാറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവെ മന്ത്രാലയത്തെ സമീപിക്കുകയും വരുന്ന പാർലമെന്റ് സമ്മേളനത്തിൽ ഈ വിഷയം ശക്തമായി ഉന്നയിക്കുകയും ചെയ്യുമെന്നും സുധാകരൻ വ്യക്തമാക്കി.