- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മംഗളൂരു-ഷൊർണൂർ റൂട്ടിൽ 2025-ലും ഷൊർണൂർ-തിരുവനന്തപുരം റൂട്ടിൽ ആലപ്പുഴ വഴി 2026-ലും 130 കിലോ മീറ്റർ വേഗതയിൽ തീവണ്ടിയോടും; 160 കിലോ മീറ്റർ വേഗത കൈവരിക്കാനുള്ള സാധ്യതാ പഠനവും അണിയറയിൽ; ഇനി ശതകോടികൾ മുടക്കുന്ന സിൽവർ ലൈൻ വേണ്ട; കേരളത്തിന് അതിവേഗ യാത്രയൊരുക്കാൻ ഇന്ത്യൻ റെയിൽവേ
ചെന്നൈ: ഇനി കെ റെയിലന്റെ ആവശ്യമില്ല. കേരളത്തിൽ തീവണ്ടികളുടെ വേഗം മണിക്കൂറിൽ 130 കിലോമീറ്ററിലേക്ക് വർധിപ്പിക്കാനുള്ള നിർമ്മാണപ്രവർത്തനങ്ങൾ 2026-ൽ പൂർത്തിയാകും. ഇതോടെ കേരളത്തിൽ ഉടനീളം കുറഞ്ഞ ചെലവിൽ തീവണ്ടി യാത്ര സാധ്യമാകും. അതിവേഗ തീവണ്ടികളും റെയിൽവേയ്ക്ക് ഉപയോഗിക്കാം. മംഗളൂരു-ഷൊർണൂർ റൂട്ടിൽ 2025-ലും ഷൊർണൂർ-തിരുവനന്തപുരം റൂട്ടിൽ (ആലപ്പുഴ വഴി) 2026-ലും പ്രവർത്തനങ്ങൾ പൂർത്തീകരിക്കും. ഇതോടെയാണ് അതിവേഗ റെയിലിന് ശതകോടികൾ മുതലാക്കേണ്ട സാഹചര്യം ഒഴിവാകുന്നത്. തിരുവനന്തപുരത്ത് നിന്ന് കാസർകോട് വരെയുള്ള യാത്ര സമയത്തിൽ വലിയ കുറവ് ഈ തീവണ്ടി പാത പരിഷ്‌കരണത്തിലൂടെ സാധിക്കും. വലിയ മുതൽ മുടക്കും ആവശ്യമില്ല. ഈ പദ്ധതിയിൽ തിരുവനന്തപുരം-കോട്ടയം റൂട്ടിലെ വേഗം എപ്പോൾ 130 കിലോമീറ്ററാക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.
കേരളത്തിൽ തീവണ്ടികളുടെ വേഗംകൂട്ടാനുള്ള പണി ആരംഭിച്ചത് 2022 ഏപ്രിലിലാണ്. പ്രധാനമന്ത്രി ഗതിശക്തി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രവർത്തനം. ഇതിനൊപ്പം 160 കിലോമീറ്റർ വേഗതയിലെ പാളമാറ്റവും റെയിൽവേ പഠന വിധേയമാക്കുന്നുണ്ട്. പാളം മാറ്റിസ്ഥാപിക്കുക, വളവുകൾ ഇല്ലാതാക്കൽ, പാലങ്ങൾ ബലപ്പെടുത്തൽ, ഒട്ടോമാറ്റിങ് സിഗ്നലിങ് സംവിധാനം നവീകരിക്കൽ, വൈദ്യുതലൈനുകളിലെ അറ്റകുറ്റപ്പണി, കൂടുതൽ യാത്രക്കാർ പാളംമുറിച്ചുകടക്കുന്ന ഭാഗങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് നടക്കുന്നത്. മംഗളൂരു-ഷൊർണൂർഭാഗത്ത് 110 കിലോമീറ്റർ വേഗത്തിലും ഷൊർണൂർ-പോത്തന്നൂർ റൂട്ടിൽ 90 കിലോമീറ്റർ വേഗത്തിലുമാണിപ്പോൾ തീവണ്ടികൾ സർവീസ് നടത്തുന്നത്. ഈ റൂട്ടുകളിൽ 2025 മാർച്ചോടെയാണ് വേഗം 130 കിലോമീറ്ററാക്കുക.
തിരുവനന്തപുരം-ഷൊർണൂർ റൂട്ടിൽ ഘട്ടംഘട്ടമായാണ് വേഗം വർധിപ്പിക്കുക. തിരുവനന്തപുരം-കായംകുളം റൂട്ടിൽ വേഗം 100-ൽനിന്ന് 110 കിലോമീറ്ററായും കായംകുളം-തൂറവൂർ റൂട്ടിൽ 90-ൽനിന്ന് 110 കിലോമീറ്ററായും എറണാകുളം-ഷൊർണൂർ റൂട്ടിൽ 80 കിലോമീറ്ററിൽനിന്ന് 90 കിലോമീറ്ററായും ആദ്യഘട്ടത്തിൽ വർധിപ്പിക്കും. തുടർന്ന് 130 കിലോമീറ്ററാക്കും. മംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് (കോട്ടയം വഴിയും ആലപ്പുഴ വഴിയും) തീവണ്ടികളുടെ വേഗം മണിക്കൂറിൽ 130 മുതൽ 160 കിലോമീറ്ററായി വർധിപ്പിക്കാനുള്ള സാധ്യതാപഠനം നടത്തിവരികയാണെന്നും ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു. സാധ്യതാപഠനം ഈ വർഷം ഡിസംബറിൽ പൂർത്തിയാകും. ഇതോടെ കെ റെയിൽ ആവശ്യം തന്നെ അപ്രസക്തമാകും.
ഡൽഹി-ഗ്വാളിയർ റൂട്ടിൽ ഗതിമാൻ എക്സ്‌പ്രസ് (12049/12050) സർവീസ് നടത്തുന്നത് 160 കിലോമീറ്റർ വേഗത്തിലും വന്ദേഭാരത് വണ്ടിയുടെ വേഗം 130 മുതൽ 145 വരെയുമാണ്. ഡൽഹി-വാരാണസി റൂട്ടിലാണ് 146 കിലോ മീറ്റർ വേ്ഗത. മറ്റു റൂട്ടുകളിൽ 130 കിലോമീറ്റർ വരെയാണ്. പാതകൾ പരിഷ്‌കരിക്കുന്നതിലൂടെ കേരളത്തിലെ ഏത് പാതയിലൂടേയും വന്ദേഭാരത് തീവണ്ടി ഓടിക്കാനാകും. വന്ദേ ഭാരത് സർവീസ് നടത്തുന്ന ട്രാക്കിന് ഇരുവശവും വേലി കെട്ടാൻ തീരുമാനം കേന്ദ്രം എടുത്തിട്ടുണ്ട്.
വന്ദേ ഭാരത് ട്രെയിനിന്റെ് റൂട്ടിൽ വേലിക്കെട്ടാൻ തുടങ്ങിയതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷണവ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു .വേലി കെട്ടിയതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ മന്ത്രി പങ്കുവെച്ചു. പുതുതായി സർവീസ് ആരംഭിച്ച വന്ദേ ഭാരത് ട്രെയിൻ നിരന്തരം കന്നുകാലികളെ ഇടിച്ച അപകടത്തിൽപ്പെടുന്നതാണ് വേലി കെട്ടാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. അപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് റൂട്ടിൽ വേലികെട്ടാൻ റെയിൽവേ തീരുമാനിച്ചത് . കന്നുകാലികൾ ട്രാക്കിൽ കയറുന്നത് തടയാനും അപകടങ്ങൾ ഒഴിവാക്കാനും ഇത് സഹായിക്കും .
മറുനാടന്‍ മലയാളി ബ്യൂറോ