- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേരളത്തിന്റെ അതിവേഗതയ്ക്ക് ദക്ഷിണ റെയിൽവേ എതിർപ്പ് തുടരുമ്പോൾ
കൊച്ചി: കെ റെയിലിന് ദക്ഷിണ റെയിൽവേ എതിരു തന്നെ. കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ പുനരാലോചനയിൽ നിർദ്ദേശം കിട്ടിയിട്ടും ദക്ഷിണ റെയിൽവേ പഴയ നിലപാടിൽ തന്നെയാണ്. ഇതോടെ സിൽവർലൈൻ എന്ന കേരളത്തിന്റെ പദ്ധതി നടപ്പിലാകില്ലെന്ന് വീണ്ടും വീണ്ടും വ്യക്തമാകുകയാണ്. നിർദിഷ്ട സിൽവർലൈൻ പദ്ധതിക്ക് റെയിൽവേഭൂമി വിട്ടുകൊടുക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് വീണ്ടും ദക്ഷിണറെയിൽവേ വിശദീകരിക്കുകയാണ്. ഇതോടെ കേരളത്തിന് സിൽവർലൈൻ പദ്ധതി ഉപേക്ഷിക്കേണ്ടി വരുമെന്നാണ് വിലയിരുത്തൽ.
സിൽവർലൈൻപദ്ധതി കെ-റെയിൽ രൂപകല്പനചെയ്തത് റെയിൽവേയുടെ ഭാവിവികസനപരിപാടികൾ പരിഗണിക്കാതെയാണെന്നാണ് ദക്ഷിണ റെയിൽവേ പറയുന്നത്. ലൈനിന് ഉദ്ദേശിക്കുന്ന റെയിൽവേഭൂമിയിൽ റെയിൽവേയും കെ-െറയിലുമായിച്ചേർന്ന് സർവേ നടത്തിയിരുന്നു. ഇതിനു ശേഷം റെയിൽവേബോർഡിന് നൽകിയ റിപ്പോർട്ടിൽ ദക്ഷിണ റെയിൽവേ ഭൂമിവിട്ടുനൽകാൻ എതിർപ്പറിയിച്ചു. കേന്ദ്ര റെയിൽവേ ബോർഡ് തീരുമാനം പുനപരിശോധിക്കണമെന്ന് ദക്ഷിണ റെയിൽവേയോട് ആവശ്യപ്പെട്ടു. എന്നാൽ പഴയ തീരുമാനത്തിൽ തന്നെ ഉറച്ചു നിൽക്കുകയാണ് അവർ.
വിവരാവകാശ മറുപടിയിലാണ് ദക്ഷിണ റെയിൽവേ വീണ്ടും നിലപാട് വിശദീകരിക്കുന്നത്. റെയിൽവേയുടെ 107.80 ഹെക്ടർ ഭൂമിയാണ് സിൽവർലൈനിന് ആവശ്യമുള്ളതെന്നാണ് വിശദപദ്ധതിരേഖയിൽ വ്യക്തമാക്കിയിരുന്നത്. ഈ ഭൂമി വിട്ടുകൊടുത്താൽ എറണാകുളം-ഷൊർണൂർ മൂന്നാംലൈൻ റെയിൽവേ വേണ്ടെന്ന് വെക്കുമെന്ന് സൂചനകൾ ഉണ്ടായിരുന്നു. എന്നാൽ മൂന്നാംപാത നിർദ്ദേശം ഉപേക്ഷിച്ചിട്ടില്ലെന്ന് റെയിൽവേ വിവരാവകാശ മറുപടിയിൽ വ്യക്തമാക്കി.
2020 ജൂൺ 20-ന് കെ-റെയിൽ വിശദപദ്ധതിരേഖ സമർപ്പിച്ചിരുന്നു. ഇതിൽ സാമ്പത്തികമായും സാങ്കേതികമായും പദ്ധതി നടപ്പാക്കാൻ പ്രയാസമുള്ളതാണെന്നും റെയിൽവേമന്ത്രി വ്യക്തമാക്കിയിരുന്നു. ഈ പദ്ധതിരേഖ കെ-റെയിൽ പുതുക്കി സമർപ്പിച്ചിട്ടില്ലെന്നും ദക്ഷിണറെയിൽവേ അറിയിച്ചു. റെയിൽവേ ബോർഡ് ഉന്നയിച്ച സംശയങ്ങൾക്കുള്ള വിശദീകരണം നൽകിയിട്ടുണ്ടെങ്കിലും തൃപ്തികരമല്ല.
2023 നവംബർ 29-നും ഡിസംബർ ഏഴിനും റെയിൽവേ ബോർഡിന്റെ നിർദേശപ്രകാരം ദക്ഷിണറെയിൽവേ കെ-റെയിൽ മേധാവികളുമായി തമ്മിൽ ചർച്ച നടത്തിയിരുന്നു. സിൽവർലൈൻ പദ്ധതിരേഖ, റെയിൽവേഭൂമി പങ്കിടൽ എന്നിവയായിരുന്നു വിഷയം. എന്നാൽ പദ്ധതിയുടെ സാങ്കേതിക വശങ്ങളെക്കുറിച്ചാണ് കെ-റെയിൽ യോഗത്തിൽ വിശദീകരിച്ചതെന്നും റെയിൽവേ വിവരാവകാശമറുപടിയിൽ വ്യക്തമാക്കി.
ദക്ഷിണറെയിൽവേ ആവശ്യപ്പെട്ട വിവരങ്ങളെല്ലാം സമർപ്പിച്ചതായി കെ-റെയിൽ വ്യക്തമാക്കി. ഭൂമിയുടെ വിശദാംശങ്ങളും സ്‌കെച്ചും നൽകി. വിശദപദ്ധതിരേഖയിൽ സാങ്കേതികപ്പിഴവില്ല. ബോർഡ് ഉന്നയിച്ച വിഷയങ്ങളിൽ വിശദീകരണവും നൽകി. ഭൂമി പങ്കിടലിൽ അന്തിമതീരുമാനം ബോർഡാണ് എടുക്കേണ്ടതെന്ന് കെ റെയിൽ പറയുന്നു. അതായത് കേരളം ഇപ്പോഴും സിൽവർ ലൈൻ പദ്ധതിയിൽ പ്രതീക്ഷ കൈവിടുന്നില്ല.