തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിയില്‍ നാളെ നിര്‍ണ്ണായക ചര്‍ച്ച. കെ റെയില്‍-റെയില്‍വേ അധികൃതര്‍ തമ്മില്‍ കൊച്ചിയില്‍ നടക്കുന്ന ചര്‍ച്ച അതിവേഗ റെയില്‍ പാതയുടെ ഭാവി നിശ്ചയിക്കും. ഇന്ത്യന്‍ റെയില്‍വേയ്ക്ക് ചില പദ്ധതികള്‍ കേരളത്തിനായുണ്ട്. ഈ പാതകളിലേക്ക് കെ റെയിലിനെ കൊണ്ടു വരാനാണ് നീക്കം. അല്ലാത്ത പക്ഷം പദ്ധതിക്ക് റെയില്‍വേ പണം മുടക്കില്ല.

കേരളത്തിനുവേണ്ടത്, റെയില്‍വേ നിലവില്‍ ഉദ്ദേശിക്കുന്ന മൂന്നും നാലും പാതയാണെന്നും ഇതിലൊന്ന് വന്ദേഭാരത് അടക്കമുള്ള വേഗവണ്ടികള്‍ക്ക് മാറ്റിവെക്കുന്നതാകണമെന്നാണ് റെയില്‍വേ നിലപാട്. സില്‍വര്‍ലൈനിനുവേണ്ടി തയ്യാറാക്കിയ വിശദപദ്ധതിരേഖ വന്‍അബദ്ധമാണെന്നും അതില്‍ തിരുത്തലോ മാറ്റമോ എന്നതില്‍ പ്രസക്തിയില്ലെന്നും റെയില്‍വേ നിലപാട് എടുത്തിട്ടുണ്ട്. ഇത് കേരളത്തിന്റെ സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടിയാകും.

നാഗര്‍കോവില്‍-മംഗളൂരു, എറണാകുളം-കോയമ്പത്തൂര്‍ റൂട്ടുകളില്‍ മൂന്നും നാലും പാതകളുടെ സര്‍വേ റെയില്‍വേ നടത്തി വരികയുമാണ്. ഈ പാതകളിലേക്ക് കെ റെയില്‍ മാറ്റാമെന്നതാണ് റെയില്‍വേയുടെ ആഗ്രഹമെന്നാണ് സൂചന. കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡും (കെആര്‍ഡിസിഎല്‍) റെയില്‍വേ അധികൃതരുമാണു നാളെ ചര്‍ച്ചയില്‍ പങ്കെടുക്കുക.

റെയില്‍വേ നിര്‍മാണ വിഭാഗം ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ ഷാജി സഖറിയ, കെആര്‍ഡിസിഎല്‍ എംഡി വി.അജിത് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണു ചര്‍ച്ച . പാത ബ്രോഡ്‌ഗേജാക്കണം, വന്ദേഭാരതും ഗുഡ്‌സ് ട്രെയിനുകളും ഓടിക്കാന്‍ കഴിയണം, നിലവിലുള്ള പാതയുമായി ഓരോ 50 കിലോമീറ്ററിലും ബന്ധിപ്പിക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണു റെയില്‍വേയുടേത്. ഇവയാണ് റെയില്‍വേയുടെ മൂന്നും നാലും പാതയുടെ മാനദണ്ഡങ്ങള്‍.

ഡിസൈന്‍ വേഗം 220 കിമീ, പരമാവധി വേഗം 200 കിമീ എന്നിങ്ങനെയാണു സില്‍വര്‍ലൈന്‍ പദ്ധതി വിഭാവനം ചെയ്തിരുന്നത്. പാത സ്റ്റാന്‍ഡേഡ് ഗേജിലും. വന്ദേഭാരത് പരീക്ഷിച്ച 160 കിമീ പരമാവധി വേഗം സാധ്യമാകണമെന്നു റെയില്‍വേ പറയുന്നു. ഓട്ടമാറ്റിക് സിഗ്‌നലിങ്ങിനൊപ്പം ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കവച് സാങ്കേതിക വിദ്യ ഉപയോഗിക്കണമെന്നും റെയില്‍വേ നിഷ്‌കര്‍ഷിക്കുന്നു. പരമാവധി വേഗം 200 കിലോമീറ്ററും നിശ്ചിത ഇടവേളകളില്‍ ഇരുദിശയിലും ട്രെയിന്‍ സര്‍വീസും സാധ്യമാകുന്ന പദ്ധതിയാണു കെ റെയില്‍ മുമ്പോട്ട് വയ്ക്കുന്നത്.

കേരളത്തിന്റെ പദ്ധതി പ്രകാരം 80 ശതമാനംവരെ ഭൂമിയില്‍ കെട്ടിയുയര്‍ത്തിയ പാതയിലൂടെ പോകുന്ന സില്‍വര്‍ലൈനിന് 64,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിച്ചത്. അത് 1.24 ലക്ഷം കോടി വരെയാകുമെന്ന് നിതി ആയോഗും പറഞ്ഞു. അതേസമയം, നിലവിലെ പാതയോട് ചേര്‍ന്ന് അതിവേഗവണ്ടികള്‍ക്കുവേണ്ടി പുതിയപാത പണിതാലും അതിന് പരമാവധി 40,000 കോടി രൂപവരെ മാത്രമേ ചെലവുവരൂ.

പുതിയപാത ബ്രോഡ്ഗേജായിരിക്കണം. അത് മറ്റുള്ള തീവണ്ടികള്‍ക്കും പ്രയോജനപ്പെടുന്നതാകണം. നിലവില്‍ സ്റ്റാന്‍ഡേര്‍ഡ് ഗേജ് നിര്‍ദേശിച്ചത് സില്‍വര്‍ലൈനിന്റെ കോച്ചിന് മാത്രമേപറ്റൂ. അത് നഷ്ടമുണ്ടാക്കും. ഏതുലൈനും നിലവിലെ റെയില്‍വേ സംവിധാനത്തിന്റെ ഭാഗമാകണം. മെട്രോപോലെ തൂണുകളില്‍ സ്ഥാപിച്ച പാലത്തിലൂടെ പാളംപോകുന്ന രീതി വേണമെന്ന് വാദിക്കുന്നവരുണ്ട്.

പക്ഷേ, ഇതിന് രണ്ടുലക്ഷം കോടി രൂപ പോലും തികയില്ല. ഇതുമായി മുന്നോട്ടുപോയാല്‍ കേരളം വലിയ കടക്കെണിയിലേക്കുപോകുമെന്നാണ് വിലയിരുത്തല്‍.