കുന്നന്താനം: ഇത് കെ-റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ മധുര പ്രതികാരം. സമര സമിതി നേതൃത്വത്തിൽ പ്രതിഷേധ സൂചകമായി നട്ട വാഴക്കുല വിളഞ്ഞു. വിളവെടുത്ത് ലേലം ചെയ്തപ്പോൾ കിട്ടിയത് 28,000 രൂപ! ആ പണം ചെങ്ങന്നൂരിൽ മന്ത്രി സജി ചെറിയാന്റെ വീടിന് സമീപം അടുപ്പ് പൊളിച്ച് മഞ്ഞക്കുറ്റി സ്ഥാപിച്ച തങ്കമ്മയുടെ വീട് നിർമ്മാണത്തിന് ധനസഹായമായി നൽകി.

കുന്നന്താനം നടയ്ക്കലിൽ നട്ട സമരവാഴയുടെ വിളവെടുപ്പ് മുൻ എംഎ‍ൽഎ ജോസഫ് എം പുതുശേരി നിർവഹിച്ചു. തുടർന്ന് നടന്ന സമ്മേളനത്തിലാണ് പൂവൻ വാഴക്കുല 28,000 രൂപയ്ക്ക് ലേലം ചെയ്തത്. ജനങ്ങൾ തള്ളിക്കളഞ്ഞ കെ റെയിൽ സിൽവർ ലൈൻ പദ്ധതിക്ക് വേണ്ടി നിലകൊള്ളുന്ന എംഎ‍ൽഎമാരോടുള്ള പ്രതിഷേധ സൂചകമായി നട്ട വാഴകൾ ജനങ്ങളുടെ പ്രതീകാത്മക സമരമാണ്. അടിച്ചമർത്താൻ സർക്കാർ എത്ര ശ്രമിച്ചാലും പദ്ധതി പിൻവലിക്കുന്നത് വരെ ശക്തമായ സമരവുമായി മുന്നോട്ട് തന്നെ പോകുമെന്ന് പുതുശേരി പറഞ്ഞു.

നടക്കൽ ജങ്ഷനിൽ നടന്ന സമര വാഴയുടെ വിളവെടുപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമരസമിതി ജില്ല കൺവീനർ മുരുകേഷ് നടക്കൽ അധ്യക്ഷത വഹിച്ചു. വാഴക്കുല ലേലം ചെയ്ത് ലഭിച്ച 28,000 രൂപ സംസ്ഥാന ജനറൽ കൺവീനർ എസ്. രാജീവൻ തങ്കമ്മയുടെ ഭവന നിർമ്മാണ ഫണ്ടിലേക്ക് കൈമാറി. തങ്കമ്മ ഭവന നിർമ്മാണ കമ്മിറ്റിക്കു വേണ്ടി സംസ്ഥാന സമിതി അംഗം സിന്ധു ജയിംസ് തുക ഏറ്റുവാങ്ങി.

കോട്ടയം ജില്ലാ ചെയർമാൻ ബാബു കുട്ടൻ ചിറ, പത്തനംതിട്ട ജില്ലാ ചെയർമാൻ അരുൺ ബാബു, കുഞ്ഞുകോശി പോൾ, വി എം.റെജി, ബിനു ബേബി, റോസിലിൻ ഫിലിപ്പ്, എസ് രാധാമണി, രാധ എം നായർ, ശാന്തമ്മ കുര്യാക്കോസ്, റിജോ മാമൻ, അനിൽ അമ്പാടി തുടങ്ങിയവർ പ്രസംഗിച്ചു. നടക്കൽ ചേട്ടായീസാണ് ലേലത്തിലൂടെ വാഴക്കുല സ്വന്തമാക്കിയത്. നാട്ടിൽ ഇല്ലാത്തവർക്ക് ലേലത്തിൽ പങ്കെടുക്കാൻ ഓൺലൈനിൽ സംവിധാനം ഒരുക്കിയിരുന്നു.