തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ദ്ധന ഇരുട്ടടി എന്നാരോപിച്ച് പ്രതിഷേധം ശക്തമാകുന്നതിനിടെ, വിശദീകരണവുമായി കെഎസ്ഇബി. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ 2024 ഡിസംബര്‍ അഞ്ച് മുതല്‍ പ്രാബല്യത്തോടെ പ്രഖ്യാപിച്ച താരിഫ് ഉത്തരവ് പ്രകാരം വൈദ്യുതി നിരക്കില്‍ നാമമാത്രമായ വര്‍ദ്ധനവ് മാത്രമാണ് ഉപഭോക്താക്കള്‍ക്ക് ഉണ്ടായിട്ടുള്ളതെന്നാണ് കെഎസ്ഇബി വിശദീകരണം.

ഓരോ വിഭാഗങ്ങള്‍ക്കും വരുന്ന വര്‍ധനയെ കുറിച്ചുള്ള കെഎസ്ഇബിയുടെ വിശദീകരണം ഇങ്ങനെ

1. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ യൂണിറ്റിന് ശരാശരി 16.94 പൈസയുടെയും 2025-26 വര്‍ഷത്തില്‍ 12.68 പൈസയുടെയും മാത്രം വര്‍ധനവാണ് വരിക.

2. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 2024-25ല്‍ 3.56 ശതമാനത്തിന്റെയും 2025-26-ല്‍ 3.2 ശതമാനത്തിന്റെയും വര്‍ദ്ധനവാണ് വരുത്തിയിട്ടുള്ളത്. എല്‍ടി വ്യാവസായിക ഉപഭോക്താക്കള്‍ക്കാകട്ടെ 2024-25ല്‍ 2.31 ശതമാനവും, 2025-26ല്‍ 1.29 ശതമാനവും ആണ് വര്‍ദ്ധനവുണ്ടാവുക എച്ച് ടി വ്യാവസായിക ഉപഭോക്താക്കളുടെ പരമാവധി വര്‍ധനവ് 1.20 ശതമാനവുമാണ്.

3. ഗാര്‍ഹിക വിഭാഗം ഉപഭോക്താക്കളില്‍ പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് നിരക്ക് വര്‍ധന ഇല്ലാതെ 1.50 രൂപാ നിരക്കില്‍ തുടര്‍ന്നും വൈദ്യുതി ലഭ്യമാക്കും. 32,000 ഉപഭോക്താക്കള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളില്‍ കാന്‍സര്‍ രോഗികളോ സ്ഥിരമായി അംഗവൈകല്യം ബാധിച്ചവരോ ഉണ്ടെങ്കില്‍ പ്രതിമാസം 100 യൂണിറ്റുവരെയുള്ള ഉപയോഗത്തിന് താരിഫ് വര്‍ധന ഇല്ല. ഈ വിഭാഗത്തിന്റെ കണക്റ്റഡ് ലോഡ് പരിധി 1000 വാട്ടില്‍ നിന്ന് 2000 വാട്ടായി ഉയര്‍ത്തിയിട്ടുമുണ്ട്.

4. 50 യൂണിറ്റ് വരെ പ്രതിമാസം ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഫിക്‌സഡ് ചാര്‍ജില്‍ അഞ്ചുരൂപയുടെയും, എനര്‍ജി ചാര്‍ജില്‍ 5 പൈസയുടെയും വര്‍ധനവാണ് വരുത്തിയിട്ടുള്ളത്. അതായത് ആകെ പ്രതിമാസ വര്‍ധനവ് 10 രൂപ മാത്രമാണ്. പ്രതിദിന വര്‍ധനവ് 26 പൈസയുമാണ്. ഏകദേശം 26 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കള്‍ ആണ് ഈ വിഭാഗത്തിലുള്ളത്.

5. 250 യൂണിറ്റ് വരെ പ്രതിമാസ ഉപയോഗം ഉള്ളവര്‍ക്ക് അഞ്ച് മുതല്‍ 15 രൂപ വരെയാണ് വര്‍ധനവ് വരുത്തിയിട്ടുള്ളത്. എനര്‍ജി ചാര്‍ജില്‍ 10 മുതല്‍ 30 പൈസ വര്‍ധനവ് വരുത്തിയിട്ടുണ്ട്. 250 യൂണിറ്റ് ഉപയോഗിക്കുന്ന ഒരു ഗാര്‍ഹിക ഉപഭോക്താവിനുണ്ടാകുന്ന വര്‍ധനവ് 48 രൂപയാണ്.

6. 250 യൂണിറ്റിനു മുകളില്‍ ഉപഭോഗമുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ToD (ടൈം ഓഫ് ഡേ) ബില്ലിംഗ് സമ്പ്രദായം ഏര്‍പ്പെടുത്തും. ഇവരുടെ പകല്‍ സമയത്തെ എനര്‍ജി ചാര്‍ജില്‍ 10 ശതമാനം ഇളവ് നല്‍കും. വീടിനോട് ചേര്‍ന്ന് ചെറു വാണിജ്യവ്യവസായ സംരംഭങ്ങള്‍ (നാനോ യൂണിറ്റ്) നടത്തുന്ന വീട്ടമ്മമാര്‍ക്കുള്‍പ്പെടെ പകല്‍ വൈദ്യുതി നിരക്ക് കുറയുന്നത് സഹായകരമാകും. അഞ്ച് ലക്ഷത്തോളം ഉപഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

7.വാണിജ്യ ഉപഭോക്താക്കള്‍ക്ക് എനര്‍ജി ചാര്‍ജില്‍ വര്‍ധനയില്ല. മീറ്റര്‍ വാടകയും വര്‍ധിപ്പിച്ചിട്ടില്ല

8. എല്‍ടി വ്യാവസായിക ഉപഭോക്താക്കള്‍ക്ക് പകല്‍ സമയത്ത് എനര്‍ജി ചാര്‍ജില്‍ 10 ശതമാനം കുറവ് വരുത്തും. ഈ വിഭാഗം ഉപഭോക്താക്കള്‍ക്ക് താരിഫില്‍ വര്‍ധനവ് ഉണ്ടാകുമെങ്കിലും, പകല്‍ സമയത്തെ ToD നിരക്കില്‍ ഇളവ് അനുവദിച്ചിട്ടുള്ളതിനാല്‍ പ്രതിമാസ വൈദ്യുതി ചാര്‍ജില്‍ കുറവ് വരുമെന്നാണ് കണക്കാക്കപെട്ടിട്ടുള്ളത്.

ആകെയുള്ള 107.36 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കളില്‍ പ്രതിമാസം 150 യൂണിറ്റില്‍ കുറഞ്ഞ ഉപയോഗമുള്ള (83.77ലക്ഷം) ഉപഭോക്താക്കളുടെ പ്രതിദിന വര്‍ധനവ് 1.60 രൂപയില്‍ താഴെയാണ്. അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍ തുടങ്ങിയവയുടെ താരിഫ് വര്‍ധിപ്പിച്ചിട്ടില്ല.

9. വൈദ്യുതി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ക്കുള്ള ഫിക്‌സഡ് ചാര്‍ജ് പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. ഇത് ഈ മേഖലയില്‍ കൂടുതല്‍ നിക്ഷേപം ക്ഷണിച്ചുവരുത്തും.

10. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പ്രതിമാസം 150 യൂണിറ്റ് വരെ 1.5 രൂപാ നിരക്കിലും കാന്‍സര്‍ ബാധിച്ചതോ സ്ഥിരമായ അംഗവൈകലും സംഭവിച്ചതോ ആയ വ്യക്തി അംഗമായ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങള്‍ക്ക് (2000 വാട്‌സ് വരെ കണക്റ്റഡ് ലോഡുള്ളത്) പ്രതിമാസം 100 യൂണിറ്റ് വരെ 1.50 രൂപ നിരക്കില്‍ വൈദ്യുതി നല്‍കി വരുന്നു.

സംസ്ഥാനത്ത് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക്, കേരളാ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ 25.07.2012- ലെ ഉത്തരവ് പ്രകാരമുള്ള താരിഫ് വര്‍ധനവില്‍ നിന്നും ഇളവ് നല്‍കാനാണ് ഗവണ്‍മെന്റ് സബ്‌സിഡി നല്‍കി തുടങ്ങിയത്. ഈ സബ്‌സിഡി ഇപ്പോഴും തുടരുകയാണ്. ഇത് പ്രതിമാസം 40 യൂണിറ്റ് വരെ യൂണിറ്റൊന്നിന് 35 പൈസയും 41 യൂണിറ്റ് മുതല്‍ 120 യൂണിറ്റ് വരെ യൂണിറ്റൊന്നിന് 50 പൈസയും ആണ്. പ്രതിമാസം 120 യൂണിറ്റ് വരെ ഉപയോഗമുള്ള സിംഗിള്‍ ഫേസ് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 20 രൂപ ഫിക്‌സഡ് ചാര്‍ജ് ഇനത്തില്‍ സബ്‌സിഡി നല്‍കി വരുന്നുണ്ട്.

11. 72 ലക്ഷത്തിലേറെ വരുന്ന ഉപഭോക്താക്കള്‍ക്ക് പ്രതിമാസം വരുന്ന വര്‍ധന 10 രൂപയാണ്. പ്രതിമാസം 30 യൂണിറ്റ് വരെ ഉപയോഗമുള്ള 500 വാട്‌സില്‍ താഴെ കണക്റ്റഡ് ലോഡുള്ള സാമൂഹികമായും സാമ്പത്തികമായും പിന്നോക്കാവസ്ഥയിലുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഗവണ്മെന്റ് സബ്‌സിഡി നല്‍കി വൈദ്യുതി സൗജന്യമായാണ് നല്‍കി വരുന്നത്. കൂടാതെ പ്രതിമാസം 41 മുതല്‍ 50 യൂണിറ്റ് വരെ ഉപഭോഗമുള്ള ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഗവണ്‍മെന്റ് സബ്‌സിഡിയായി, വൈദ്യുതി യൂണിറ്റൊന്നിന് 1.50 രൂപാ നിരക്കില്‍ നല്‍കി വരുന്നു. ലോ ടെന്‍ഷന്‍ വിഭാഗത്തില്‍പ്പെടുന്ന കാര്‍ഷിക ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് 85 പൈസാ നിരക്കിലാണ് സബ്‌സിഡി നല്‍കി വരുന്നത്. എല്ലാ വിഭാഗത്തിലുമായി ഏകദേശം 76 ലക്ഷം ഉപഭോക്താക്കള്‍ക്ക് വിവിധങ്ങളായ സബ്സിഡി ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ട്.

12. 2024-25-ല്‍ റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ച വൈദ്യുതിയുടെ ശരാശരി വില (Average Cost of Supply) യൂണിറ്റൊന്നിന് 7.30 രൂപയാണ്. എന്നാല്‍, ഒരു യൂണിറ്റ് വൈദ്യുതിയുടെ വിലയായി നിലവില്‍ അനുവദിച്ചിട്ടുള്ളത് 6.96 രൂപ മാത്രമാണ് . അതായത് ഓരോ യൂണിറ്റ് വൈദ്യുതി വില്‍ക്കുമ്പോഴും 34 പൈസ വരുമാനത്തില്‍ കുറവു വരുന്നു. യഥാര്‍ത്ഥ വിലയേക്കാള്‍ 34 പൈസ കുറച്ചാണ് കമ്മീഷന്‍ വില്‍പന വില നിര്‍ണ്ണയിച്ചിരിക്കുന്നത് എന്ന് സാരം.

13. റെഗുലേറ്ററി കമ്മീഷന്‍ നിലവില്‍ വന്നതിനു ശേഷം സംസ്ഥാനത്ത് ആദ്യമായി വൈദ്യുതി താരിഫ് പരിഷ്‌കരണം നടന്നിട്ടുള്ളത് 2002-ലാണ്. പ്രസ്തുത പരിഷ്‌കരണം കഴിഞ്ഞ് പത്ത് വര്‍ഷ കാലയളവിനു ശേഷം 2012ലാണ് അടുത്ത താരിഫ് പരിഷ്‌കരണം നടന്നത്. പിന്നീട് 2013, 2014, 2017 എന്നീ വര്‍ഷങ്ങളിലും താരിഫ് പരിഷ്‌കരണം നടന്നിട്ടുണ്ട് . 2012- ല്‍ 24%, 2013- ല്‍ 9.1%, 2014- ല്‍ 6.7%, 2017- ല്‍ 4.77%, 2019-ല്‍ 7.32%. 2022- ല്‍ 7.32%., 2023-ല്‍ 3.20% എന്നിങ്ങനെയായിരുന്നു വര്‍ധനവ്. എന്നിരുന്നാലും ഈ താരിഫ് പരിഷകരണങ്ങളൊന്നും തന്നെ അന്ന് നിലവിലുണ്ടായിരുന്ന റവന്യു കമ്മി പൂര്‍ണ്ണമായും നികത്തുന്ന തരത്തിലായിരുന്നില്ല. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ 28.06.2024-ലെ ട്രൂ അപ്പ് ഉത്തരവ് പ്രകാരം (2022-23) 01.04.2023 വരെയുള്ള സഞ്ചിത റവന്യൂ കമ്മി 6408.37 കോടി രൂപയും, 2023-24 -ലെ ട്രൂ അപ്പ് പെറ്റീഷന്‍ പ്രകാരമുള്ള റവന്യൂ കമ്മിയായ 1323.95 കോടി രൂപയും കൂടിച്ചേരുമ്പോള്‍ 31.03.2024-ലെ സഞ്ചിത കമ്മി 7732.32 കോടി രൂപയാകും.

2016ലെ ദേശീയ വൈദ്യുതി നയമനുസരിച്ച് ഇപ്രകാരം അംഗീകരിക്കപ്പെട്ട വരുമാന കമ്മി ഏറിയ പക്ഷം ഏഴ് വര്‍ഷം കൊണ്ട് അതിന്റെ പലിശ ഉള്‍പ്പെടെ നികത്തിയെടുക്കേണ്ടതാണ്. ഈ മുന്‍ കാലകമ്മി കുറഞ്ഞൊരളവിലെങ്കിലും നികത്തിയില്ലെങ്കില്‍ സ്ഥാപനത്തിന്റെ നിലനില്‍പ്പിനെ തന്നെ ദോഷകരമായി ബാധിക്കും. കൂടാതെ കണ്‍ട്രോള്‍ പീരീയഡ് കാലയളവില്‍ (2022 - 2027) വിവിധ കാരണങ്ങളാല്‍ വര്‍ധിച്ചുവരുന്ന പ്രവര്‍ത്തന പരിപാലന ചെലവുകള്‍, അവശ്യം നടത്തപ്പെടേണ്ട പ്രവര്‍ത്തന മൂലധന നിക്ഷേപ പ്രവര്‍ത്തികള്‍ക്കുള്ള ചെലവുകള്‍ വര്‍ധിച്ചുവരുന്നു. അതിനാല്‍ ആവശ്യം വേണ്ട നിയമാനുസൃതമായ ചിലവുകള്‍ നിറവേറ്റുന്നതിനും, സ്ഥാപനത്തിന്റെ സുസ്ഥിരമായ നിലനില്‍പ്പിനും വേണ്ടിയാണ് താരിഫ് പരിഷ്‌കരണം നിര്‍ദേശിക്കാന്‍ നിര്‍ബന്ധിതമായതെന്നും കെഎസ്ഇബി വ്യക്തമാക്കി.