- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കെ എസ് ഹരിഹരൻ വീണ്ടും വിവാദത്തിൽ
കോഴിക്കോട്: സിപിഎം നേതാവും വടകരയിലെ ഇടതുമുന്നണി സ്ഥാനാർത്ഥിയുമായ കെ കെ ശൈലജ ടീച്ചർക്കെതിരെ നടത്തിയ ചില പരാമർശങ്ങളിലൂടെ വിവാദത്തിലായ ആർഎംപി നേതാവ് കെ എസ് ഹരിഹരനെതിരെ എസ്.കെ.എസ്.എസ്.എഫ് രംഗത്ത്. കോഴിക്കോട് ഫലസ്തീൻ ഐക്യദാർഢ്യ റാലി വേദിയിൽ സമസ്ത സെക്രട്ടറി മുക്കം ഉമർ ഫൈസി വേദിയിൽ നിസ്‌ക്കരിച്ചതിനെ അധിക്ഷേപിക്കുകയും തരംതാണ പ്രയോഗങ്ങൾ കൊണ്ട് പരിഹസിക്കുകയും ചെയ്തത് അപലപനീയമാണെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് പറഞ്ഞു.
നിസ്‌കാരം സമയനിഷ്ഠ പാലിച്ച് നിർവഹിക്കേണ്ട ആരാധനയാണ്. മതേതര കേരളത്തിന്റെ അനുഗ്രഹീത ഭൂമികയിൽ ഇടത്- വലത് രാഷ്ട്രീയ വേദികളിൽ പലപ്പോഴായി നമസ്‌കാരം നിർവഹിക്കപ്പെട്ടിട്ടുണ്ടെന്നും യോഗം ചൂണ്ടിക്കാട്ടി. ന്യൂനപക്ഷങ്ങളുടെ സാംസ്‌കാരിക സാമൂഹിക സ്വത്വങ്ങൾ പൊതുസമൂഹം പരിചയപ്പെടുന്നത് പോലും അംഗീകരിക്കാൻ സാധിക്കാത്ത നാസ്തിക ചിന്തയാണ് ഹരിഹരനെ ഈ പ്രസ്താവനയ്ക്ക് പ്രേരിപ്പിച്ചത്. മത പണ്ഡിതരെയും വിശ്വാസാചാരങ്ങളെയും അവഹേളിക്കുന്ന ആർഎംപി നേതാവിന്റെ പ്രസ്താവന തിരുത്താനും അപലപിക്കാനും ഉത്തരവാദപ്പെട്ട നേതാക്കൾക്ക് ബാധ്യതയുണ്ടെന്നും യോഗം ചൂണ്ടിക്കാട്ടി. പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു.
ഹരിഹരന്റെ ഈ നിസ്‌ക്കാര പ്രസംഗം നവമാധ്യമങ്ങളിൽ വൈറലാണ്. അത് ഇങ്ങനെയാണ്. 'കോഴിക്കോട് കടപ്പുറത്ത് സിഎഎക്ക് എതിരെ എൽഡിഎഫിന്റെ വലിയൊരു റാലി നടക്കയാണ്. അവിടെയുണ്ട് ഒരു മൗലവി ബാങ്ക് വിളിച്ചപ്പോൾ നിസ്‌ക്കരിക്കുന്നു. മുക്കത്ത് നിന്നുള്ള ഒരു മൗലവി സ്റ്റേജിൽ പിണറായി വിജയന്റെ പിറകിൽ നിസ്‌ക്കരിക്കയാണ്. മൗലവിക്ക് അതുവേണമെങ്കിൽ ബീച്ചിൽ തൊട്ടടുത്ത് ഒരു പള്ളിയുണ്ട്. അവിടെ പോയി നിസ്‌ക്കരിച്ചാൽ മതി. പക്ഷേ മൗലവിക്ക് അതുപോര. എൽഡിഎഫിന്റെ സ്റ്റേജിൽ പോയി നിസ്‌ക്കരിച്ചാലേ, മതന്യൂനപക്ഷങ്ങളോട് എൽഡിഎഫിനുള്ള കൂറ് തെളിയിക്കാൻ കഴിയൂ. എന്നാൽ ആ സ്റ്റേജിൽ എളമരം കരീമുണ്ട്, വികെസി മമ്മദ് കോയയുണ്ട്, മെഹബൂബ് ഉണ്ട്, അഹമ്മദ് ദേവർകോവിലുണ്ട്. അവർ ആരും നിസ്‌ക്കരിക്കുന്നില്ല. വികെസിയും മഹബൂബുമൊക്കെപ്പോട്ടെ അഹമ്മദ് ദേവർകോവിൽ നിസ്‌ക്കരിക്കേണ്ടേ. എന്താ ആസമയത്ത് അയാൾക്ക് നിസ്‌ക്കാരം വേണ്ടേ. മുക്കം മൗലവിക്ക് നിസ്‌ക്കരിക്കാൻ മുട്ടിയിട്ട് ഈ പിണറായി വിജയൻ ഇരിക്കുന്ന, സ്റ്റേജിന്റെ പിറകിൽ നിസ്‌ക്കരിക്കയാണ്. അത് ഇങ്ങനെ ലോകം കാണുകയാണ്.
എന്ത് രാഷ്ട്രീയമാണിത്." - ഇങ്ങനെയാണ് ഹരിഹരൻ ചോദിക്കുന്നത്. പക്ഷേ സോഷ്യൽ മീഡിയയിൽ ഹരിഹരന് വലിയ പിന്തുണയാണ് ഈ വിഷയത്തിൽ കിട്ടുന്നത്്. എവിടെയും നിസ്‌ക്കരിക്കയെന്ന ചില മതപണ്ഡിതവരുടെ ചീപ്പ് പട്ടിഷോയാണെന്നും അത് വിമർശിക്കപ്പെടണമെന്നും പലരും ചൂണ്ടിക്കാട്ടുന്നു.
മഞ്ജുവാര്യരും ശൈലജ ടീച്ചറും
വടകരയിലെ വിവാദ വ്യാജ വീഡിയോ വിഷയത്തിൽ കെ.കെ. ശൈലജ, മഞ്ജുവാര്യർ എന്നിവരുടെ പേരെടുത്തുപറഞ്ഞ് നടത്തിയ പരാമർശമത്തിലായിരുന്നു ഹരിഹരൻ വിവാദത്തിലായത്. 'സിപിഎമ്മിന്റെ സൈബർ ഗുണ്ടകൾ കരുതിയത് അവര് ചില സംഗതികൾ നടത്തിയാൽ അങ്ങ് തീരും എന്നാണ്. ടീച്ചറെ പോൺ വീഡിയോ ഉണ്ടാക്കി... ആരെങ്കിലും ഉണ്ടാക്കുമോ അത്. മഞ്ജുവാര്യരുടെ പോൺ വിഡിയോ ഉണ്ടാക്കിയെന്ന് നമുക്ക് കേട്ടാൽ മനസ്സിലാകും. ആരേലും ഉണ്ടാക്കുമോ അത്? ആരുണ്ടാക്കി? ഇതുണ്ടാക്കിയതിൽ പി. മോഹനന്റെ മകൻ ജൂലിയസ് നിഖിതാസിന് വല്ല പങ്കുണ്ടോ?' -എന്നിങ്ങനെയായിരുന്നു ഹരിഹരന്റെ വാക്കുകൾ.
പ്രസ്താവന വിവാദമായതോടെ ഹരിഹരൻ മാപ്പുപറഞ്ഞിരുന്നു. സംഭവത്തിൽ ഹരിഹരനെിരെ വടകര പൊലീസ് കേസ് എടുത്തിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചു, കലാപം ഉണ്ടാക്കാൻ ശ്രമിച്ചു തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കേസിനെ നിയമപരമായി നേരിടുമെന്ന് ഹരിഹരൻ പ്രതികരിച്ചത്. അതിനിടെ കെ എസ് ഹരിഹരന്റെ വീടിന് നേരെ ബോംബാക്രമണം ഉണ്ടായി. തേഞ്ഞിപ്പലത്ത് കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് സംഭവമുണ്ടായത്. ബോംബ് വീടിന്റെ ചുറ്റുമതിലിൽ തട്ടി പൊട്ടിയതിനാൽ വൻ അപകടം ഒഴിവായി. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് സ്ഫോടക വസ്തു എറിഞ്ഞെന്നാണ് ഹരിഹരൻ വ്യക്തമാക്കുന്നത്. ഇതിനെതിരെയും പൊലീസ് കേസ് എടുത്തിട്ടുണ്ട്.