- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തന്റെ ഏക വരുമാന മാർഗ്ഗം ആയിരുന്നുവെന്ന് യദു
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ തലസ്ഥാനത്ത് നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെ ജോലിയിൽ നിന്ന് മാറ്റിനിർത്തിയിരിക്കുകയാണ്. ഡിടിഒയ്ക്കു മുന്നിൽ ഹാജരായി വിശദീകരണം നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്. തന്റെ ജോലി കളയിക്കുമെന്ന് മേയർ ഭീഷണിപ്പെടുത്തിയതായി യദു മാധ്യമങ്ങളോട് പറഞ്ഞു.
തനിക്ക് മനഃപൂർവം മേയറെ നാണം കെടുത്തേണ്ട കാര്യമില്ല. പക്ഷേ മേയർ എല്ലാവരുടെ മുന്നിലും തന്നെ നാണം കെടുത്തി കൊണ്ടിരിക്കുകയാണ്. മനുഷ്യാവകാശ കമ്മിഷനിൽ അടക്കം കേസ് നൽകുമെന്നും യദു പറഞ്ഞു.
യദുവിന്റെ വാക്കുകൾ:
'ഞാനൊരു സാധാരണക്കാരനും കെഎസ്ആർടിസിയിലെ താൽക്കാലിക ജീവനക്കാരനുമാണ്. അധികാര ദുർവിനിയോഗമാണ് എന്റെയടുത്ത് കാണിക്കുന്നത്. പ്രതികാരം തീർക്കുകയാണവർ. എനിക്കെതിരെ പഴയ കേസ് നിലവിലുണ്ട് എന്നൊക്കെ പറയുന്നത് വെറുതേയാണ്. അങ്ങനെ ഒരു കേസുമില്ല. ഈ കേസിൽ ഞാൻ കോടതിയിൽ പോവുകയും, എന്റെ ഭാഗത്ത് തെറ്റില്ലെന്ന് തെളിയിക്കുകയും ചെയ്യും. കുറച്ചുദിവസത്തേക്ക് ഡ്യൂട്ടിക്ക് കയറണ്ട എന്നാണ് ഓഫീസിൽ നിന്നും അറിയിച്ചിട്ടുള്ളത്.
എന്റെ ആകെയുള്ള വരുമാനമാർഗമായിരുന്നു ഇത്. 715 രൂപയാണ് ഒരുദിവസത്തെ ശമ്പളം. സാധാ കൂലിപ്പണിക്കാരന് 1000 രൂപ കിട്ടും. ഇതുപോലുള്ള ചീത്ത വിളികൾ കേട്ട് ഓടിയാൽ കിട്ടുന്ന ശമ്പളമാണ് 715 രൂപ. നിന്റെ അപ്പന്റെ വകയാണോ റോഡ് എന്നാണ് എന്നോട് ചോദിച്ചത്. എനിക്ക് മനഃപൂർവം മേയറെ നാണം കെടുത്തേണ്ട കാര്യമില്ല. പക്ഷേ മേയർ എല്ലാവരുടെ മുന്നിലും എന്നെ നാണംകെടുത്തി കൊണ്ടിരിക്കുകയാണ്. മനുഷ്യാവകാശ കമ്മിഷനിലും ഞാൻ കേസ് കൊടുക്കും.
സർക്കാർ വാഹനം തടഞ്ഞതിന് സാധാരണക്കാരനായിരുന്നെങ്കിൽ ഇപ്പോൾ എന്തെല്ലാം കേസ് ആയേനേ. ഇതിപ്പോൾ അങ്ങനെയല്ലല്ലോ? എന്റെ ഭാഗത്താണ് ന്യായമെന്ന് പ്രചരിക്കുന്ന വീഡിയോകളിൽ എല്ലാം വ്യക്തമാണ്. തീവ്രവാദികളെ കൊണ്ടുപോകുന്നത് പോലെയാണ് പൊലീസ് എന്നെ കൊണ്ടുപോയത്. വണ്ടി ഒതുക്കി ഇടാൻ പോലും സമ്മതിച്ചില്ല. എന്റെ ജോലി കളയിക്കുമെന്നാണ് മാഡം പറഞ്ഞത്".
അതിനിടെ, ബസ് തടഞ്ഞില്ലെന്ന മേയറുടെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന സിസി ടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പാളയം സാഫല്യം കോംപ്ലക്സിന് മുന്നിൽ കെഎസ്ആർടിസി ബസിന് കുറുകെ കാറിട്ട് കൊണ്ട് കെഎസ്ആർടിസി ഡ്രൈവറോട് സംസാരിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സീബ്ര ലൈനിന്ന് മുകളിലാണ് മേയർ ആര്യ രാജേന്ദ്രന് സഞ്ചരിച്ചിരുന്നു കാറിട്ടിരിക്കുന്നതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. പ്ലാമൂട് - പിഎംജി റോഡിൽ ബസും കാറും സമാന്തരമായി വരുന്നതും ദൃശ്യങ്ങളിലുണ്ട്.
കഴിഞ്ഞ ദിവസം രാത്രി പാളയത്ത് വച്ചായിരുന്നു തിരുവനന്തപുരം മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ വാക്കേറ്റമുണ്ടായത്. മേയറും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയും കുടുംബവും സഞ്ചരിച്ച കാറിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയായിരുന്നു തർക്കം. പ്ലാമൂട് വെച്ച് ആദ്യം ബസ് കാറിനെ ഇടിക്കുന്ന രീതിയിൽ ഓടിച്ചെന്നും പിന്നാലെ ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്നുമാണ് മേയറുടെ പരാതി. ആര്യ രാജേന്ദ്രന്റെ പരാതിയിൽ കെഎസ്ആർടിസി ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, കാർ ബസിന് കുറുകെയിട്ട് ട്രിപ്പ് മുടക്കിയെന്ന് മേയർക്കെതിരെയുള്ള പരാതിയിൽ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. ഡ്രൈവറുടെ പരാതിയിൽ കഴമ്പില്ലെന്ന നിലപാടിലാണ് പൊലീസ്. എന്നാൽ കഴമ്പുള്ളതാണ് പരാതിയെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
സൈഡ് തരാത്തതിനെ ചൊല്ലിയല്ല തർക്കമുണ്ടായതെന്നും ലൈംഗിക ചുവയുള്ള ആംഗ്യം കാണിച്ചത് ചോദ്യം ചെയ്തതെന്നുമാണ് ആര്യ രാജേന്ദ്രന്റെ വിശദീകരണം. കെഎസ്ആർടിസി ബസ് തങ്ങൾ സഞ്ചരിച്ച കാറിൽ തട്ടുമെന്ന നിലയിൽ കടന്നുപോയി, ഇതിന് പിന്നാലെ താനും സഹോദരന്റെ ഭാര്യയും പിറകിലെ ഗ്ലാസിലൂടെ തിരിഞ്ഞുനോക്കിയപ്പോൾ ഡ്രൈവർ ലൈംഗിക ചുവയുള്ള ആംഗ്യം കാണിക്കുകയായിരുന്നുവെന്നാണ് മേയർ മാധ്യമങ്ങളോട് പ്രതികരിച്ചത്.