കോട്ടയം: സംസ്ഥാനത്ത് അങ്ങോളമിങ്ങോളം ഭക്ഷ്യവിഷബാധ അനുഭവപ്പെട്ടതോടെ ഹോട്ടലുകളിൽ അടക്കം പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്. എന്നാൽ, മനുഷ്യൻ കഴിക്കുന്ന ഭക്ഷണത്തിൽ മാത്രമല്ല, കാലത്തീറ്റയിൽ പോലും വിഷമുണ്ടെന്ന വാർത്തയും പുറത്തുവരുന്നു. സംസ്ഥാനത്ത് വിവിധ ജില്ലകളിലെ പശുക്കൾക്ക് കൽകിയ കാലിത്തീറ്റയിൽ വിഷബാധയുണ്ടായി. കാലിത്തീറ്റ കഴിച്ച പശുക്കൾക്ക് ഭക്ഷ്യവിഷബാധയുണ്ടായ സാഹചര്യത്തിൽ പ്രശ്‌നമുണ്ടെന്ന് സംശയിക്കുന്ന കാലിത്തീറ്റ ബാച്ച് പിൻവലിച്ച് സ്വകാര്യകമ്പനി.

കെ.എസ്.ഇ. കമ്പനിയുടെ കെ.എസ്. സുപ്രീം തീറ്റയിലാണ് പ്രശ്‌നമെന്ന് മൃഗസംരക്ഷണവകുപ്പ് നടത്തിയ പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു. കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് പശുക്കൾക്ക് ഭക്ഷ്യവിഷബാധയുണ്ടായത്. കോട്ടയം ജില്ലയിൽ 104 പശുക്കൾക്ക് അസുഖബാധയുണ്ടായി. അതിൽ രണ്ടു പശുക്കൾ ചത്തെന്നാണ് അനൗദ്യോഗിക റിപ്പോർട്ട്. 23 കർഷകരാണ് ജില്ലയിൽ പരാതിനൽകിയത്. സംഭവത്തിൽ ക്ഷീരസംരക്ഷണവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അന്വേഷണത്തിന് ഉത്തരവിട്ടു.

ക്ഷീരസംഘങ്ങൾവഴി വിതരണംചെയ്ത തീറ്റ പ്രശ്‌നമുണ്ടാക്കിയെന്ന് പലജില്ലകളിലും പരാതിവന്നിരുന്നു. ഡോക്ടർമാരുടെ സംഘത്തെ അയച്ച് മൃഗസംരക്ഷണവകുപ്പ് രക്തസാംപിൾ, വിസർജ്യം എന്നിവ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ക്ഷീരകർഷകർ ജാഗ്രതപാലിക്കണമെന്ന് നിർദ്ദേശം നൽകിയതായി മിൽമ ചെയർമാൻ കെ.എസ്. മണി പറഞ്ഞു.

കെ എസ് സുപ്രീം കാലിത്തീറ്റ വാങ്ങിയത്. ഇവ കൊടുത്തശേഷം വയറിളക്കം, തീറ്റയെടുക്കാതിരിക്കുക തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകുകയും പിന്നീട് അവശനിലയിലാകുകയുമായിരുന്നു. ജില്ലയിൽ വിവിധയിടങ്ങളിലായി 105 പശുക്കൾക്കാണ് രോഗബാധ സ്ഥികരീകരിച്ചത്. നീണ്ടൂർ, പാമ്പാടി ഈസ്റ്റ്, കറുകച്ചാൽ, ഞീഴൂർ, മീനടം, കടപ്ലാമറ്റം, അതിരമ്പുഴ, വാഴൂർ ആർപ്പൂക്കര, കൊഴുവനാൽ, നീണ്ടൂർ തുടങ്ങിയ മേഖലകളിലാണ് ആരോഗ്യപ്രശ്നങ്ങൾ പശുക്കളിൽ കണ്ടെത്തിയത്.

പാമ്പാടിയിൽ മുപ്പതിലേറെ പശുക്കളിൽ രോഗബാധയുണ്ടായി. പാമ്പാടി ഓർവയലിലെ ക്ഷീരസംഘത്തിൽ നിന്ന് വിതരണം ചെയ്ത കെ എസ് കാലിത്തീറ്റയിൽ നിന്നാണ് ആദ്യം വിഷബാധ ഉണ്ടായത്.അപകടനില തരണം ചെയ്തു.രോഗം ബാധിച്ച പശുക്കളെല്ലാം അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഷാജി പണിക്കശ്ശേരി പറഞ്ഞു. ജില്ലയിലെ രോഗം ബാധിച്ച മൃഗാശുപത്രികളിലെ ഡോക്ടർമാരുമായി അവലോകനം നടത്തുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. ഓരോ പശുക്കൾക്കും ഓരോ രീതിയിലാണ് രോഗലക്ഷണങ്ങൾ ഉണ്ടാകുന്നത്.

കാലിത്തീറ്റയുടെ ഒരു ബാച്ചിൽ വന്ന അപാകതയാണു പശുക്കൾക്ക് അസുഖം വരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനമെന്നു ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഉദ്യോസ്ഥർ പറഞ്ഞു. വിവരമറിഞ്ഞ് കാലിത്തീറ്റ കമ്പനി അധികൃതരെയും ന്യൂട്രീഷനിസ്റ്റിനെയും ബന്ധപ്പെട്ടിരുന്നു. കാലിത്തീറ്റയിൽ കീടനാശിനിയുടെ അംശം ചേർന്നിട്ടുണ്ടോയെന്നും ഏതെങ്കിലും ഘട്ടത്തിൽ പൂപ്പൽ ബാധിച്ചോയെന്നും പരിശോധിക്കുമെന്നും അധികൃതർ പറഞ്ഞു.

അതേസമയം നഷ്ടപരിഹാരം നൽകുമെന്ന് കെ.എസ്.ഇ. കമ്പനി അറിയിച്ചു. കോട്ടയം വേദഗിരി പ്ലാന്റിൽ ഉത്പാദിപ്പിച്ച് 27-ന് വിതരണംചെയ്തതിലെ ഒരു ബാച്ചാണ് പരാതിക്ക് ഇടയാക്കിയതെന്ന് കെ.എസ്.ഇ. കമ്പനി എം.ഡി. എംപി. ജാക്‌സൺ അറിയിച്ചു. അത് പിൻവലിച്ചു. കമ്പനിയുടെ ഡോക്ടർമാർ കൃഷിക്കാരെ കാണുന്നുണ്ട്. കാലി ചത്തതിനും പാൽ കുറഞ്ഞതിനും രോഗബാധയ്ക്കും നഷ്ടപരിഹാരം നൽകും. ഇക്കാര്യത്തിൽ കൃഷിക്കാർ പറയുന്നത് അംഗീകരിച്ചു മുന്നോട്ടുപോകും.