- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഇനി ഒരു വട്ടം കൂടി സിപിഎം അധികാരത്തിൽ വരാതിരിക്കാൻ പ്രാർത്ഥിക്കണമെന്ന് താൻ പാർട്ടി സഖാക്കളോട് പറയാറുണ്ട്; തുടർ ഭരണം ലഭിച്ചതോടെ അസഹിഷ്ണുത വർദ്ധിച്ചതായി കാണുന്നു; ഇനി ഒരിക്കൽ കൂടി അധികാരം കിട്ടിയാൽ ബംഗാളിൽ സംഭവിച്ച ദുരന്തം ഇവിടേയും സംഭവിക്കും! സച്ചിദാനന്ദനും കാര്യങ്ങൾ മനസ്സിലായി; ഗ്രോ വാസുവിനോട് കാട്ടുന്നത് ക്രൂരത; ഇടത് സാഹിത്യക്കാരൻ സത്യം പറയുമ്പോൾ
തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ, വ്യക്തി ആരാധന വളരെ ദോഷകരമെന്ന് പ്രമുഖ കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ സച്ചിദാനന്ദൻ. വ്യക്തി ആരാധന സ്റ്റാലിന്റെ കാലത്ത് നമ്മൾ കണ്ടതാണ്. മാർക്സിസ്റ്റ് പാർട്ടി സ്റ്റാലിനേയും സ്റ്റാലിനിസത്തേയും വിമർശിക്കുന്നില്ലെങ്കിൽ, വ്യക്തി ആരാധന പല രൂപങ്ങളിൽ ഉയർന്നുവരുമെന്ന അപകടമുണ്ടെന്നും സച്ചിദാനന്ദൻ പറഞ്ഞു. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ പ്രത്യേക അഭിമുഖപരിപാടിയായ എക്സ്പ്രസ് ഡയലോഗ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തി ആരാധനയ്ക്ക് ഏതെങ്കിലും നേതാവിനെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. അതിന് ഇത്തരം വിഗ്രഹാരാധനയുടെ പിന്നിലെ മനഃശാസ്ത്രം മനസ്സിലാക്കേണ്ടതുണ്ട്. ഇത്തരമൊരു സാഹചര്യം മുമ്പ് കേരളത്തിൽ ഉണ്ടായിട്ടില്ലെന്ന് സച്ചിദാനന്ദൻ അഭിപ്രായപ്പെട്ടു.
ഇനി ഒരു വട്ടം കൂടി സിപിഎം അധികാരത്തിൽ വരാതിരിക്കാൻ പ്രാർത്ഥിക്കണമെന്ന് താൻ പാർട്ടി സഖാക്കളോട് പറയാറുണ്ടെന്ന് കവി സച്ചിദാനന്ദൻ പറയുന്നു. അങ്ങിനെ സംഭവിച്ചാൽ പാർട്ടിയുടെ അന്ത്യം കുറിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തുടർ ഭരണം ലഭിച്ചതോടെ അസഹിഷ്ണുത വർദ്ധിച്ചതായി കാണുന്നു. ഇനി ഒരിക്കൽ കൂടി അധികാരം കിട്ടിയാൽ ബംഗാളിൽ സംഭവിച്ച ദുരന്തം ഇവിടേയും സംഭവിക്കും. ഗ്രോ വാസുവിനെ അറസ്റ്റ് ചെയ്തതിലൂടെ ഒരു കമ്യൂണിസ്റ്റ് സർക്കാർ ചെയ്യാൻ പാടില്ലാത്തതാണ് ചെയ്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.പൊലീസിന് അമിതാധികാരം നൽകുന്നത് ആപത്താണെന്നും സച്ചിദാനന്ദൻ പറഞ്ഞു. സിപിഎമ്മിനെ ഇടതുപക്ഷത്തോട് ചേർന്നു നിൽക്കുന്ന സാംസ്‌കാരിക മുഖം തന്നെ വിമർശിക്കുന്നുവെന്നതാണ് ശ്രദ്ധേയം.
എന്നും ഇടതുപക്ഷത്തെ പിന്തുണച്ച കവിയാണ് സച്ചിദാനന്ദൻ. ഒടുവിൽ കവിക്കും കാര്യങ്ങൾ മനസ്സിലാക്കുന്നു. ഇടതു പക്ഷത്തിന്റെ പോരായ്മകൾ എണ്ണി പറഞ്ഞാണ് ഇന്ത്യൻ എക്സ്‌പ്രസുമായി സച്ചിദാനന്ദൻ കാര്യങ്ങൾ വിവരിക്കുന്നത്. ആശയ പരമായി സിപിഎമ്മിന് സംഭവിക്കുന്ന അപചയമാണ് ചർച്ചയാക്കുന്നത്. ഇതിനോട് സിപിഎം പ്രതികരിക്കുമോ എന്നതാണ് നിർണ്ണായക ചോദ്യം. കേരളത്തിലെ സിപിഎമ്മിലെ അപചയത്തിന് തെളിവ് തന്നൊണ് സച്ചിദാനന്ദന്റെ ലേഖനം. ഇതിനെ സൈബർ സഖാക്കൾ എത്തരത്തിൽ പ്രതിരോധിക്കുമെന്നതും നിർണ്ണായകം. ഏതായാലും അതിരൂക്ഷമായ അഭിപ്രായങ്ങളാണ് കവി മുന്നോട്ട് വയ്ക്കുന്നത്. ആദ്യമായാണ് ഇടതു പക്ഷത്തെ പ്രധാന സാസ്‌കാരിക നായകൻ അതിരൂക്ഷമായി വിമർശനം സിപിഎമ്മിനെതിരെ മുമ്പോട്ട് വയ്ക്കുന്നത്.
സ്റ്റാലിനിസം ജനാധിപത്യ വിരുദ്ധ സ്വേച്ഛാധിപത്യ പ്രവണതയാണ്, അത് ഏത് പാർട്ടിക്കും സംഘടനയ്ക്കും ദോഷം ചെയ്യും. ഇടതുപക്ഷം എന്ന ആശയം വളരെ സജീവമായതാണ്. വലതുപക്ഷ ആശയങ്ങൾക്ക് എളുപ്പം വശംവദരാകാത്ത നല്ലൊരു ഭൂരിപക്ഷം ആളുകൾ ഇപ്പോഴും സിപിഎമ്മിലും സിപിഐയും നിലനിൽക്കുന്നുണ്ട്. വലതുപക്ഷ ആശയങ്ങൾ കേരളത്തിൽ വേരൂന്നുന്നത് നമ്മുടെ മൂക്കിന് താഴെ കൂടിയാണ്. അല്ലാതെ ഹൈവേകളിലൂടെ മാർച്ച് നടത്തിയല്ല. അത് നമ്മുടെ പുരാണങ്ങളെയും ആചാരങ്ങളെയും പുനർവ്യാഖ്യാനം ചെയ്യാൻ ശ്രമിക്കുന്നു. ഓണത്തെ വാമനഃപൂജ എന്ന് വിശേഷിപ്പിക്കുക തുടങ്ങിയവ പോലെ. പലപ്പോഴും തത്വാധിഷ്ഠിത നിലപാട് സ്വീകരിക്കാൻ വിസമ്മതിക്കുന്ന സമുദായങ്ങൾക്കും ജാതി സംഘടനകൾക്കും ഇടയിൽ ഭിന്നതകൾ സൃഷ്ടിക്കുന്നു. അതേസമയം ഇതിൽ നിലപാട് എടുക്കാതിരിക്കുന്നത് ഏറെ അപകടകരമാണെന്നും സച്ചിദാനന്ദൻ കൂട്ടിച്ചേർത്തു.

കേരളത്തിൽ മുമ്പൊരിക്കലും കാണാത്ത വിധം സി പി എമ്മിൽ വ്യക്തിപൂജ വളരെ ശക്തമായി കാണാനുണ്ട്.വീരാരാധന കമ്യൂണിസ്റ്റ് പാർട്ടിയെ തകർക്കുമെന്ന് ചരിത്രം കാണിച്ചു തന്നിട്ടുണ്ട്. സ്റ്റാലിന്റെ കാലത്ത് സംഭവിച്ചത് അതാണ്. സ്റ്റാലിനേയും സ്റ്റാലിനിസത്തേയും സി പി എം എതിർക്കാനും വിമർശിക്കാനും തയ്യാറായില്ലെങ്കിൽ പാർട്ടിയെ നശിപ്പിക്കുന്ന വിധത്തിൽ വ്യക്തി ആരാധന പിടിമുറുക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. കേരളത്തിലെ കമ്യൂണിസ്റ്റുകാർ ഇപ്പോഴും സ്റ്റാലിനിസത്തിന്റെ തടവറയിലാണെന്ന് സച്ചിദാനന്ദൻ പറഞ്ഞു. ഏകാധിപത്യ, ജനാധിപത്യ വിരുദ്ധ സ്വഭാവങ്ങളെ പ്രതിനിധീകരിക്കുന്നതാണ് സ്റ്റാലിനിസം. ആ നിലപാടുകൾ പ്രസ്ഥാനങ്ങളേയും രാഷ്ട്രീയ പാർട്ടികളേയും നാശത്തിലേക്ക് വഴിതെളിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തീവ്ര വലതു വൽക്കരണം നമ്മുടെ മുമ്പിൽ സംഭവിക്കുന്നത് നാം കണ്ടു കൊണ്ടിരിക്കയാണ്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പിടിമുറുക്കാൻ ശ്രമിക്കുന്നതും വലതു വൽക്കരണത്തിന്റെ ഭാഗമാണ്. ഇത് അങ്ങേയറ്റം അപകടകരമാണെന്നും അദ്ദേഹം മുന്നറിയിപ്പു നൽകുന്നു. ഗ്രോവാസുവിന്റെ അറസ്റ്റ് ഇടതു സർക്കാർ ചെയ്യാൻ പാടില്ലാത്ത ഒന്നായിരുന്നു. ഇത്തരത്തിലുള്ള പൊലീസ് നടപടികളെ ഞാൻ എപ്പോഴും എതിർത്തിട്ടുണ്ട്. ആർഎസ്എസ് പ്രവർത്തകരുടെ സേനാ പ്രവേശനമാണ് ഇടതുപക്ഷക്കാർ പറയുന്ന കാരണങ്ങളിലൊന്ന്. അതൊരു ന്യായീകരണവും കാരണവുമാകാം. യു.എ.പി.എയും സമാനമായ നിയമനിർമ്മാണങ്ങളും ഞാൻ അംഗീകരിക്കുന്നില്ല. ഗ്രോ വാസുവിനെതിരായ നടപടികൾ ഏറെ ഗൗര?വത്തോടെയാണ് ഞാൻ കാണുന്നത്-സച്ചിദാനന്ദൻ വിശദീകരിച്ചു.
ഇത് ഒരു കമ്മ്യൂണിസ്റ്റ് സർക്കാർ ചെയ്യേണ്ട ഒന്നല്ല. തെറ്റുകൾ സംഭവിച്ചിട്ടുണ്ട്. എന്നിരുന്നാലും, കേരളത്തിൽ ഒരു തിരുത്തൽ ശക്തിയുണ്ട്. പശ്ചിമ ബംഗാളിൽ നമ്മൾ കണ്ടതുപോലെ രണ്ട് ടേം പോലും ഒരു പാർട്ടിയെ അഹങ്കാരിയാക്കുകയും മൂന്ന് ടേം നശിപ്പിക്കുകയും ചെയ്യും. മാവോയിസം എല്ലായിടത്തും പരാജയപ്പെട്ടു, ക്യൂബ അവസാനമായിരുന്നു. പാർലമെന്ററി ജനാധിപത്യമാണ് ഏറ്റവും നല്ല ഭരണസംവിധാനമെന്ന കെ. വേണുവിന്റ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു. അത്തരമൊരു പാർലമെന്റ് എല്ലാ വിഭാഗങ്ങളെയും ജാതികളെയും സ്ത്രീകളെയും ന്യൂനപക്ഷങ്ങളെയും പ്രതിനിധീകരിക്കുന്നുണ്ടോ എന്നതാണ് ചോദിക്കേണ്ട ചോദ്യമെന്നും സച്ചിദാനന്ദൻ പറഞ്ഞു.
ഗാന്ധിക്കും മാർക്സിനും അംബേദ്കറിനും ഇടയിൽ നാം ഉയർത്തിയ മതിലുകൾ തകർക്കേണ്ടതുണ്ടെന്നും സച്ചിദാനന്ദൻ പറഞ്ഞു. ഗാന്ധിയിൽ ഒരുപാട് മാർക്‌സും മാർക്‌സിൽ ഒരുപാട് ഗാന്ധിയുമുണ്ട്. ഗാന്ധിയൻ തത്ത്വചിന്ത ഉൾക്കൊള്ളുന്ന സമത്വം എന്ന ആശയവും ഒരു മാർക്‌സിയൻ ആശയമാണ്. ഗാന്ധിക്കും അംബേദ്കറിനും ഇത് ബാധകമാണ്. ഗാന്ധിജി 1948-ൽ അതിജീവിച്ചിരുന്നെങ്കിൽ, ഒരുപക്ഷേ, തെന്റ ജീവിതം മുഴുവൻ ജാതി ഉന്മൂലനത്തിനായി അദ്ദേഹം സമർപ്പിക്കുമായിരുന്നുവെന്നും സച്ചിദാനന്ദൻ പറഞ്ഞു.




