തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫിസുകളെ കടലാസുരഹിതമാക്കാന്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ (ഐകെഎം) 'കെ സ്യൂട്ട്' എന്ന പുതിയ സോഫ്റ്റ്വെയര്‍. ഫയല്‍നീക്കത്തിന്റെ വേഗം കൂട്ടുന്ന പുതിയ സോഫ്റ്റ് വെയര്‍ വിജയകരമായി പരീക്ഷിച്ചു. ഈ മാസമൊടുവില്‍ ലോഞ്ച് ചെയ്യും. നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ അവതരിപ്പിച്ച 'ഇ ഓഫിസ്' സോഫ്റ്റ്വെയറിനു പകരമാണ് ഇത് വരിക. കുറഞ്ഞ സമയത്തു കൂടുതല്‍ ഫയലുകള്‍ നീങ്ങുന്നതു ഗുണഭോക്താക്കള്‍ക്കും നേട്ടമാകും.

സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഇ-ഗവേണന്‍സ് നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെ 1999 ജൂണില്‍ രൂപീകരിച്ച സ്ഥാപനമാണ് ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ . തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, തദ്ദേശ ഭരണ വകുപ്പിന്റെ ജില്ലാതല ഓഫീസുകള്‍, സംസ്ഥാന ആസൂത്രണ ബോര്‍ഡ്, ജില്ലാ പ്ലാനിംഗ് ഓഫീസുകള്‍ എന്നിവ തമ്മില്‍ പരസ്പരം ബന്ധിപ്പിക്കുന്ന കമ്പ്യൂട്ടര്‍ ശൃംഖല സ്ഥാപിക്കുകയും, വിവിധ തലങ്ങളിലെ കമ്പ്യൂട്ടര്‍വല്‍ക്കരണം പൂര്‍ത്തീകരിച്ച് ഇ- ഗവേണന്‍സ് നടപ്പിലാക്കുകയുമാണ് ഇന്‍ഫര്‍മേഷന്‍ കേരളാമിഷന്‍ ലക്ഷ്യമിട്ടിരുന്നത്. ഇതേ ലക്ഷ്യവുമായി കേന്ദ്ര സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍. അതായത് മോദിയുടെ സ്ഥാപനത്തിന്റെ സോഫ്റ്റ് വെയറിനെ വെല്ലുന്നത് പിണറായി വിജയന്റെ ഐകെഎം ഉണ്ടാക്കുന്നു.

'ഇ ഓഫിസി'ലെ ഫയലുകള്‍ ഉദ്യോഗസ്ഥരുടെ മുന്നിലെത്തുമ്പോള്‍ അനുമതി നല്‍കുന്നതും അഭിപ്രായം രേഖപ്പെടുത്തുന്നതും ഫയലില്‍ ടൈപ്പ് ചെയ്താണ്. ഇത് പുതിയ സംവിധാനത്തില്‍ മാറും. പ്രത്യേക ബട്ടണും 'പുള്‍ ഡൗണ്‍ മെനു' ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുണ്ടാകും. അതുകൊണ്ട് തന്നെ സമയം ലാഭിക്കാം. കെ സ്യൂട്ടില്‍ ടൈപ്പിങ് വിരളമാണെന്നതാണ് ഇതിന് കാരണം. ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. കെ.പി.നൗഫല്‍, അഡ്മിനിസ്‌ട്രേഷന്‍ കണ്‍ട്രോളര്‍ പി.എസ്.ടിംപിള്‍ മാഗി എന്നിവരുള്‍പ്പെടെയുള്ള ടീമാണു പുതിയ സോഫ്റ്റ് വെയര്‍ വികസിപ്പിച്ചത്. കേരളത്തിന് വലിയ നേട്ടമായി ഇതുമാറും.

സാമ്പത്തികാനുമതിയുമായി ബന്ധപ്പെട്ട ഫയലാണെങ്കില്‍ ആദ്യം ഒരു ഫയല്‍ വഴി അനുമതി വാങ്ങിയശേഷം, പേയ്‌മെന്റ് സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തി പിന്നീടു മറ്റൊരു ഫയലായി അയച്ച് അനുമതി വാങ്ങുകയുമാണ് ഇ ഓഫിസില്‍ ചെയ്യുന്നത്. കെ സ്യൂട്ടില്‍ ഒറ്റ ഫയലായി നല്‍കാം. അവധി അപേക്ഷയുടം ഫയലില്‍ അവധിയുടെ കാരണം ഉള്‍പ്പെടെയുള്ളവ ഒറ്റ ക്ലിക്കിലൂടെ രേഖപ്പെടുത്താം. കെ സ്യൂട്ട് വകുപ്പുകള്‍ക്കു വേണ്ടി കസ്റ്റമൈസ് ചെയ്തു നല്‍കാനാകും. മീറ്റിങ് മാനേജ്‌മെന്റ് സോഫ്റ്റ്വെയര്‍ കൂടി സംയോജിപ്പിക്കുന്നതിലൂടെ യോഗങ്ങളുടെ മിനിറ്റ്‌സ് അന്നുതന്നെ തയാറാക്കാനും അയയ്ക്കാനും കഴിയും.

മൂന്നാഴ്ചയായി ഐകെഎമ്മില്‍ ഫയലുകള്‍ കെ സ്യൂട്ടിലാണു കൈകാര്യം ചെയ്യുന്നതെന്നു പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐകെഎം എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ.സന്തോഷ് ബാബു പറഞ്ഞു. സ്വകാര്യ ഓഫിസുകളിലും ഉപയോഗിക്കാനാകും. ഐകെഎമ്മിന് ഇതുവഴി വരുമാനവും ലഭിക്കും. ആഗോളതലത്തില്‍ വില്‍ക്കാനായി ഒരു മാസത്തിനകം താല്‍പര്യപത്രം ക്ഷണിക്കും.

വിവിധ തലങ്ങളിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വിന്യസിക്കുന്നതിനുള്ള 17 സോഫ്റ്റ്വെയര്‍ ആപ്ലിക്കേഷനുകള്‍ രൂപകല്‍പന ചെയ്ത് വികസിപ്പിക്കുകയും, കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന്റെ മുന്നോടിയായി മുന്‍കാലരേഖകള്‍ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന് സജ്ജമാക്കുകയും, ജീവനക്കാരെ ഈ മേഖലകളില്‍ പരിശീലിപ്പിക്കുകയും ചെയ്ത സ്ഥാപനമാണ് ഐകെഎം. 2000-ത്തിലെ കേരളത്തിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ കമ്പ്യൂട്ടര്‍വല്‍ക്കരിച്ച ജനവിധി 2000 എന്ന പദ്ധതിയും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ആണ് നടത്തിയത്.

തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി വിശകലനം ചെയ്ത് ഭരണ സമ്പ്രദായത്തിന്റെ വിശദമായ പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കുള്ള സോഫ്റ്റ്വെയര്‍ ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ വികസിപ്പിച്ചിട്ടുള്ളത്. പഞ്ചായത്ത് രാജ്/മുനിസിപ്പാലിറ്റി നിയമങ്ങള്‍ / ചട്ടങ്ങള്‍, അനുബന്ധ അധികാരവികേന്ദ്രീകരണ നിയമങ്ങള്‍ / ചട്ടങ്ങള്‍, ജനന-മരണ-ഹിന്ദു വിവാഹ/ പൊതുവിവാഹ രജിസ്‌ട്രേഷന്‍ നിയമങ്ങള്‍ /ചട്ടങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും അതിലെ ഉദ്യോഗസ്ഥന്മാര്‍ക്കും ബാധകമായ മറ്റു നിയമങ്ങള്‍ / ചട്ടങ്ങള്‍ തുടങ്ങിയവയ്ക്ക് അനുസൃതമായി ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ 17 സോഫ്റ്റ്വെയറുകള്‍ ഇതിനകം വികസിപ്പിച്ചിട്ടുണ്ട്.