- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഇന്ത്യ മുന്നണി ഇവിഎമ്മിനെ എന്തിനാണ് എതിര്‍ക്കുന്നതെന്ന് ജനങ്ങള്‍ക്ക് മനസ്സിലായി; പഠിച്ചതേ പാടൂ എന്ന് പറയുന്നത് പോലെയാണ് സിപിഎമ്മിന്റെ അവസ്ഥയെന്ന് ബിജെപി; ചെറിയ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചത് ഇത്തരം ക്രമക്കേടിലൂടെയാണെന്ന് കോണ്‍ഗ്രസ്; ജി സുധാകരന്റെ 'ബാലറ്റ് ബോംബ്' സിപിഎമ്മിന് തലവേദനയാകും; പ്രതികരണമൊഴിവാക്കി കരുതലിന് സിപിഎം
കോട്ടയം: പോസ്റ്റല്‍ ബാലറ്റില്‍ തിരുത്തല്‍ വരുത്തിയെന്ന സിപിഎം നേതാവും മുന്‍മന്ത്രിയുമായ ജി.സുധാകരന്റെ വെളിപ്പെടുത്തല്‍ സിപിഎമ്മിനുണ്ടാക്കുക വമ്പന്‍ പ്രതിസന്ധി. 1989ല്‍ കെ.വി.ദേവദാസ് ആലപ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചപ്പോള്‍ പോസ്റ്റല്‍ ബാലറ്റ് ശേഖരിച്ച് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍വച്ച് തിരുത്തല്‍വരുത്തിയെന്നാണ് ജി.സുധാകരന്‍ വെളിപ്പെടുത്തിയത്. ദേശീയ തലത്തില്‍ അടക്കം ഈ വെളിപ്പെടുത്തല്‍ ബിജെപി ശക്തമാക്കും. വോട്ടിംഗ് മിഷീനുകള്‍ക്കെതിരെ സിപിഎം നിലപാട് എടുക്കുന്നത് തിരഞ്ഞെടുപ്പ് അട്ടിമറിക്ക് വേണ്ടിയാണെന്ന വാദം ബിജെപി ശക്തമാക്കും. കോണ്‍ഗ്രസും സിപിഎമ്മിനെതിരെ ശക്തമായി രംഗത്തു വന്നിട്ടുണ്ട്. പ്രായമായവര്‍ക്കും മറ്റും പോസ്റ്റ് വോട്ടുകള്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇത്തരം വോട്ടുകളുടെ വിശ്വസനീയതയിലേക്ക് ചര്‍ച്ചകളെത്തും. പ്രായമായവരുടെ പോസ്റ്റല്‍ വോട്ടുകളില്‍ കേരളത്തില്‍ സിപിഎം അട്ടിമറികള്‍ നടത്തുന്നുവെന്ന ആരോപണം മുമ്പും ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സുധാകരന്റെ പ്രസ്താവനയ്ക്ക് മാനങ്ങള്‍ പലതാണ്.
1988ല്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായിരുന്നു ജി.സുധാകരന്‍. സര്‍വീസ് സംഘടനാംഗങ്ങളുടെ പോസ്റ്റല്‍ ബാലറ്റുകളില്‍ 15 ശതമാനം മറിച്ചു ചെയ്‌തെന്നും ഞങ്ങളുടെ പക്കല്‍ തന്ന പോസ്റ്റല്‍ ബാലറ്റുകള്‍ വെരിഫൈ ചെയ്ത് തിരുത്തിയെന്നുമാണ് സുധാകരന്‍ പറഞ്ഞത്. ഇതിന്റെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേസെടുത്താലും പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. വിവാദത്തില്‍ പ്രതികരിക്കാന്‍ സിപിഎമ്മിന്റെ പ്രധാന നേതാക്കള്‍ തയാറായിട്ടില്ല. എന്നാല്‍ ആരോപണം തെറ്റാണെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി നാസര്‍ പ്രതികരിച്ചു. അതിന് അപ്പുറമൊന്നും നാസര്‍ പറയുന്നുമില്ല. അതേസമയം പ്രതിപക്ഷം സുധാകരന്റെ വെളിപ്പെടുത്തല്‍ ആയുധമാക്കുകയാണ്. സിപിഎം എല്ലാക്കാലത്തും തെരഞ്ഞെടുപ്പില്‍ ക്രമക്കേട് കാണിക്കാറുണ്ടെന്നതിന്റെ തെളിവാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. സുധാകരന്‍ ഇപ്പോഴെങ്കിലും ഈ കാര്യം വെളിപ്പെടുത്തിയത് നല്ല കാര്യമാണെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും സിപിഎം വ്യാപകമായ രീതിയില്‍ ക്രമക്കേട് കാണിച്ചിട്ടുണ്ടെന്ന് കെ.മുരളീധരന്‍ പറഞ്ഞു. ചെറിയ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചത് ഇത്തരം ക്രമക്കേടിലൂടെയാണെന്ന് അദ്ദേഹം ആരോപിച്ചു. സുധാകരന്റെ വെളിപ്പെടുത്തലില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും കെ.മുരളീധരന്‍ ആവശ്യപ്പെട്ടു. കിട്ടുന്ന അവസരങ്ങളിലെല്ലാം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന ജി.സുധാകരനെതിരെ കടുത്ത നടപടിവേണമെന്ന ആവശ്യം സിപിഎമ്മിലുണ്ട്. ഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീഴ്ചവരുത്തിയെന്ന് ആരോപിച്ച് ജി.സുധാകരനെ പാര്‍ട്ടി പരസ്യമായി ശാസിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹം പാര്‍ട്ടി പരിപാടികളില്‍ സജീവമായിരുന്നില്ല. അതിനിടെ അദ്ദേഹം കോണ്‍ഗ്രസിന്റെ വേദികളില്‍ സജീവമായി. ഇതിനിടെയാണ് സിപിഎം ആഭിമുഖ്യമുള്ള സംഘടനയായ എന്‍ജിഒ യൂണിയന്‍ സമ്മേളനത്തില്‍ 'ബാലറ്റ് ബോംബ്' പൊട്ടിച്ചത്.
തപാല്‍ വോട്ടുകള്‍ തിരുത്തി ഇടതുപക്ഷം തിരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചിട്ടുണ്ടെന്ന മുതിര്‍ന്ന സിപിഎം നേതാവ് ജി.സുധാകരന്റെ പ്രസ്താവന ഗൗരവതരമാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും പ്രതികരിച്ചു. ഇന്ത്യ മുന്നണി ഇവിഎമ്മിനെ എന്തിനാണ് എതിര്‍ക്കുന്നതെന്ന് ജനങ്ങള്‍ക്ക് മനസ്സിലായി. പഠിച്ചതേ പാടൂ എന്ന് പറയുന്നത് പോലെയാണ് സിപിഎമ്മിന്റെ അവസ്ഥയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബാലറ്റ് പേപ്പറുണ്ടായിരുന്നപ്പോള്‍ ഇതുപോലെയുള്ള കൃത്രിമങ്ങള്‍ കാണിച്ചും കള്ളവോട്ട് ചെയ്തുമാണ് സിപിഎം ജയിച്ചത്. അത് നടക്കാതെയായപ്പോഴാണ് ഇവിഎമ്മിനെ എതിര്‍ത്തു തുടങ്ങിയത്. കോണ്‍ഗ്രസും ഇതൊക്കെ തന്നെയായിരുന്നു ചെയ്തുവന്നത്. ഇവിഎം തിരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ അവസാനിപ്പിച്ചതാണ് ഇന്ത്യ മുന്നണിയെ അസ്വസ്ഥമാക്കുന്നത്.
എന്നാല്‍ തപാല്‍ വോട്ടില്‍ കോണ്‍ഗ്രസും സിപിഎമ്മും ഇപ്പോഴും ക്രമക്കേട് നടത്തുന്നുണ്ട്. അതിന് ചില ഉദ്യോഗസ്ഥരുടെ പിന്തുണയും ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. ജി.സുധാകരന്റെ പ്രസ്താവന തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഗൗരവമായി കാണണം. സിപിഎമ്മിന്റെ ജനാധിപത്യ വിരുദ്ധത തുറന്നു കാണിക്കുകയാണ് സുധാകരന്‍ ചെയ്തത്. കോണ്‍ഗ്രസ് എല്ലാ കാലത്തും അതിന് കൂട്ടുനില്‍ക്കുകയാണ് ചെയ്തതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
തപാല്‍ വോട്ടുകള്‍ തിരുത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലില്‍ സുധാകരനെതിരെ കേസെടുക്കാന്‍ നിര്‍ദേശം ഉണ്ട്. സുധാകരന്റെ വെളിപ്പെടുത്തലില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് നിര്‍ദേശം. ആലപ്പുഴ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയത്. മുന്‍പ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റ് തിരുത്തിയിട്ടുണ്ടെന്നായിരുന്നു സുധാകരന്റെ വെളിപ്പെടുത്തല്‍. 1989-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സംബന്ധിച്ചായിരുന്നു സുധാകരന്റെ പരാമര്‍ശം. ബാലറ്റ് പൊട്ടിച്ച് പരിശോധിച്ച് തിരുത്തിയിട്ടുണ്ടെന്നും ഇനി കേസെടുത്താലും കുഴപ്പമില്ലെന്നുമാണ് സുധാകരന്‍ പറഞ്ഞത്. തപാല്‍ വോട്ടു ചെയ്യുമ്പോള്‍ എന്‍ജിഒ യൂണിയന്‍കാര്‍ വേറെ ആളുകള്‍ക്ക് ചെയ്യരുത്. കുറച്ചുപേര്‍ അങ്ങനെ ചെയ്യുന്നുണ്ട്.
കെഎസ്ടിഎ നേതാവ് കെ.വി. ദേവദാസ് ആലപ്പുഴയില്‍നിന്ന് പാര്‍ലമെന്റിലേക്ക് മത്സരിച്ചപ്പോള്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ പൊട്ടിച്ച്, പരിശോധിച്ച് ഞങ്ങള്‍ തിരുത്തി. 15 ശതമാനം പേരും വോട്ടുചെയ്തത് എതിര്‍സ്ഥാനാര്‍ഥിക്കായിരുന്നു. ഇനി എന്റെ പേരില്‍ കേസെടുത്താലും കുഴപ്പമില്ലെന്നും സുധാകരന്‍ പറഞ്ഞിരുന്നു.