- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎമ്മിന്റെ ബന്ധു നിയമനങ്ങളെ വിവാദമാക്കുന്നവർ സ്വന്തം കാര്യം വന്നപ്പോൾ പറയുന്നതെല്ലാം വിഴുങ്ങി; സുരേന്ദ്രന്റെ മകന് വേണ്ടി തസ്തിക സൃഷ്ടിച്ച് പതിനായിരങ്ങൾ ശമ്പളത്തിന് നിയമിച്ചത് കേന്ദ്ര സർക്കാരിന് കീഴിലെ രാജീവ് ഗാന്ധി ബയോ ടെക്നോളജി; ടെക്‌നിക്കൽ ഓഫീസർ തസ്തികയിലെ ഹരികൃഷ്ണന്റെ നിയമനം വിവാദത്തിൽ; ബിജെപിയും ബന്ധു നിയമനം നടത്തുമ്പോൾ
തിരുവനന്തപുരം: ബിജെപിയുടെ ഒന്നാമൻ നരേന്ദ്ര മോദിയാണ്. രണ്ടാമൻ അമിത് ഷായും. പ്രധാനമന്ത്രി കേരള സന്ദർശനം കഴിഞ്ഞ് മടങ്ങുകയാണ്. പിന്നാലെ അമിത് ഷാ കേരളത്തിലെത്തുന്നു. അതിനിടെ കേരളത്തിലെ ബിജെപിയിൽ പുതിയ വിവാദം. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്‌നോളജിയിൽ ബന്ധു നിയമനമെന്നാണ് ആക്ഷേപം. ഒരു തസ്തികയുണ്ടാക്കി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ മകനെ കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ നിയമിച്ചുവെന്നണ് ആക്ഷേപം.
കെ എസ് ഹരികൃഷ്ണനെ ടെക്‌നിക്കൽ ഓഫീസർ പോസ്റ്റിലാണ് നിയമിച്ചത്. കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനത്തിൽ തസ്തികയുണ്ടാക്കിയാണ് നിയമനം നൽകിയതെന്നാണ് ആരോപണം. ഈ തസ്തികയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും സ്ഥാപനം പുറത്തു വിടുന്നില്ല. എന്നാൽ എല്ലാ നടപടി ക്രമങ്ങളും പാലിച്ചാണ് നിയമനം എന്നാണ് ഉയരുന്ന വാദം. കേരളത്തിലെ ബന്ധു നിയമനങ്ങളിൽ സിപിഎമ്മിനെ പ്രതിക്കൂട്ടിൽ നിർത്തുന്നവരിൽ പ്രധാനികളാണ് ബിജെപി. അതിനിടെയാണ് സുരേന്ദ്രന്റെ മകന്റെ ജോലിയും ചർച്ചയാകുന്നത്. അമിത് ഷാ കേരളത്തിലേക്ക് വരുമ്പോഴാണ് വിവാദമുണ്ടാകുന്നതെന്നത് നിർണ്ണായകമാണ്.
ആർജിസിബി കേരളത്തിലെ പ്രധാന കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള ഗവേഷണ സ്ഥാപനമാണ്. പതിനായിരങ്ങൾ ശമ്പളം നൽകുന്ന പദവികളാണ് ഇവിടെയുള്ളത്. ഇതിലേക്കാണ് ഒരു പോസ്റ്റുണ്ടാക്കി നിയമനം. ഇതിന് വേണ്ടി അഭിമുഖം അടക്കം നടന്നുവെന്നാണ് സൂചന. പക്ഷേ ജോലി കിട്ടിയത് സുരേന്ദ്രന്റെ മകനും. ജോലിക്ക് അപേക്ഷിച്ച മറ്റുള്ളവർക്ക് തുടക്കം മുതൽ ഈ ജോലി സുരേന്ദ്രന്റെ മകന് വേണ്ടിയുള്ളതാണെന്ന സംശയം ഉണ്ടായിരുന്നു. ഇതാണ് ഇപ്പോൾ മാറുന്നതും ബന്ധു നിയമന ചർച്ച സജീവമാകുന്നതും. അടുത്തിടെയാണ് സുരേന്ദ്രന്റെ മകന്റെ വിവാഹം നടന്നത്. യുസഫലി അടക്കമുള്ളവർ അന്ന് വിവാഹത്തിന് എത്തിയിരുന്നു.
ഒറ്റനോട്ടത്തിൽ തന്നെ സ്വാധീനത്താലാണ് സുരേന്ദ്രന്റെ മകന് ജോലി കിട്ടിയതെന്ന് ആർക്കും വിലയിരുത്താം. ഈ സാഹചര്യത്തിലാണ് വിവാദം ഉണ്ടാകുന്നത്. സുരേന്ദ്രന്റെ മകന്റെ യോഗ്യതയ്ക്ക് അനുസരിച്ച് തസ്തിക ഉണ്ടാക്കുകയും നടപടി ക്രമങ്ങൾ അട്ടിമറിച്ച് ജോലി നൽകിയെന്നുമാണ് ഉയരുന്ന ആക്ഷേപം. കണ്ണൂർ സർവ്വകലാശാലയിലേയും മറ്റും ബന്ധു നിയമന ശ്രമങ്ങൾ ചർച്ചയാകുമ്പോഴാണ് ബിജെപിയേയും പിടിച്ചുലച്ച് പുതിയ വിവാദം എത്തുന്നത്. എല്ലാ നടപടിക്രമങ്ങളും പാലിച്ചുവെന്ന പതിവ് മറുപടി കിട്ടുമ്പോഴും സംശയങ്ങൾ ബാക്കിയായി തുടരും.
പത്തനംതിട്ട ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ തിരക്കിട്ട ഓട്ടത്തിൽ നേതാവിന് കൂട്ട് മകൻ തന്നെയാണെന്ന വാർത്തകൾ ചർച്ചായായിരുന്നു. സുരേന്ദ്രന്റെ മകൻ തന്നെ അദ്ദേഹത്തിന്റെ വണ്ടിയിൽ സാരഥിയായി എത്തിയത് വാർത്തയുമായി. സ്‌കൂൾ, കോളജ് പഠനകാലത്തൊന്നും രാഷ്ട്രീയത്തിൽ ഇല്ലാതിരുന്ന ഹരികൃഷ്ണന്റെ പേര് കൊടകര കുഴപ്പണക്കേസിലും ചർച്ചയായിരുന്നു.
പക്ഷേ പൊലീസിന് തെളിവൊന്നും ഹരികൃഷ്ണനെതിരെ കിട്ടിയില്ല. മകനെതിരെ കേസെടുക്കാൻ പോലും പിണറായി സർക്കാരിനെ അന്ന് സുരേന്ദ്രൻ വെല്ലുവിളിച്ചിരുന്നു. എന്നാൽ പൊലീസിന് കേസിൽ ഹരികൃഷ്ണനെ പ്രതിചേർക്കാൻ കഴിഞ്ഞില്ല.
മറുനാടന് മലയാളി ബ്യൂറോ