കോഴിക്കോട്: മന്ത്രി വി അബ്ദുറഹ്മാനെതിരായ ഫാദർ തിയോഡോഷ്യസ് ഡിക്രൂസിന്റെ വർഗീയ പരാമർശത്തിനെതിരെ വിമർശനം കടത്തുപ്പോഴാണ് സമര സമിതി ഖേദപ്രകടനവുമായി രംഗത്തുവന്നത്. ഈ സംഭവത്തിൽ വിമർശനം കടുക്കവേ അച്ചനെതിരെ രൂക്ഷ വിമർശനവുമായി കെ ടി ജലീൽ എംഎൽഎ രംഗത്തുവന്നു. സാധാരണക്കാരന്റെ മനസ്സിൽ പോലും വരാത്ത കാര്യങ്ങളാണ് പാലാ ബിഷപ്പും തിയോഡഷ്യസുമെല്ലാം ചിന്തിക്കുന്നതും പറയുന്നതും. ഉത്തരവാദപ്പെട്ട ഒരു രാഷ്ട്രീയ നേതാവും പ്രതികരിക്കാത്തതിൽ അത്ഭുതം തോന്നുന്നുവെന്നും കെ.ടി ജലീൽ പറഞ്ഞു.

അച്ചന്മാർക്ക് വായിൽ തോന്നിയത് പറയാമെന്ന വിചാരം അംഗീകരിക്കാനാവില്ല. കേട്ട് കേട്ട് മടുത്തു. ഇനി സഹിക്കാൻ വയ്യ. ഉരുളക്ക് ഉപ്പേരി പോലെ പച്ചക്ക് മറുപടി പറയാനാണ് തീരുമാനം. മര്യാദയാണെങ്കിൽ മര്യാദ. മര്യാദ കേടാണെങ്കിൽ മര്യാദ കേട്. എന്തു വേണമെന്ന് പിതാക്കന്മാർക്ക് തീരുമാനിക്കാം. വിഴിഞ്ഞത്ത് നടന്നത് താനൂർ കടപ്പുറത്താകാതിരുന്നത് മഹാഭാഗ്യമെന്നും കെ.ടി ജലീൽ ഫേസ്‌ബുക് പോസ്റ്റിൽ കുറിച്ചു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

വിഴിഞ്ഞത്ത് നടന്നത് താനൂർ കടപ്പുറത്താകാതിരുന്നത് മഹാഭാഗ്യം. ഡൊമിനിക്ക് ലാപിയറും ലാരി കോളിൻസും കൂടി എഴുതിയ 'സ്വാതന്ത്ര്യം അർധരാത്രിയിൽ' എന്ന പുസ്തകം 35 വർഷം മുമ്പാണ് വായിച്ചത്. അതിലൊരു സംഭവം പറയുന്നുണ്ട്. ഗാന്ധിജി വെടിയേറ്റ് മരിച്ച വാർത്ത ഞെട്ടലോടെ ലോകം കേട്ട നിമിഷങ്ങൾ. ഇന്ത്യ വിറങ്ങലിച്ചു നിൽക്കുകയാണ്. ആളുകൾ ദുഃഖം സഹിക്കവയ്യാതെ വാവിട്ടു കരയുന്നു. രാഷ്ട്ര നേതാക്കൾ സ്തബ്ധരായി. ആർക്കും ആരെയും ആശ്വസിപ്പിക്കാൻ കഴിയാത്ത മണിക്കൂറുകൾ.

ആരാണ് ഘാതകൻ? കേട്ടവർ കേട്ടവർ പരസ്പരം ചോദിച്ചു. ഒരാൾക്കും ഒരു നിശ്ചയവുമില്ല. ഇന്ത്യയുടെ പ്രഥമ ഗവർണർ ജനറൽ മൗണ്ട് ബാറ്റൺ പ്രഭു വാർത്തയറിഞ്ഞ് അങ്ങേയറ്റം ആശങ്കയോടെ സംഭവ സ്ഥലത്തേക്ക് കുതിച്ചു. പരിസരം മുഴുവൻ ജനങ്ങളെക്കൊണ്ട് നിറഞ്ഞ് കവിഞ്ഞിരുന്നു.

വാഹനത്തിൽ നിന്ന് ഇറങ്ങി നടക്കവെ ആൾക്കൂട്ടത്തിൽ നിന്ന് ആരോ വിളിച്ചു പറഞ്ഞു: 'ഗാന്ധിജിയെ കൊന്നത് ഒരു മുസ്‌ലിമാണ്'. ഇതുകേട്ട മൗണ്ട് ബാറ്റർ തൊണ്ട പൊട്ടുമാറുച്ചത്തിൽ പ്രതികരിച്ചു; 'അല്ല, മുസ്‌ലിമല്ല ഗാന്ധിജിയെ കൊന്നത്'. ആ സമയത്തും അദ്ദേഹത്തിന്റെ മനസ്സിൽ ഒരു പ്രാർത്ഥനയേ ഉണ്ടായിരുന്നുള്ളൂ; 'ഘാതകൻ ഒരു മുസ്‌ലിമാകരുതേ'. അങ്ങനെ സംഭവിച്ചാൽ ഉണ്ടാകുമായിരുന്ന വൻ ദുരന്തമോർത്തായിരുന്നു മൗണ്ട് ബാറ്റന്റെ ആത്മഗതം.

വിഴിഞ്ഞത്ത് പൊലീസ് സ്റ്റേഷൻ തകർക്കുകയും 35 പൊലീസുകാരെ അക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത ഞെട്ടിക്കുന്ന വാർത്ത ചാനലുകളിൽ എഴുതിക്കാണിക്കുന്നത് കണ്ടപ്പോൾ എന്റെ മനസ്സിലേക്ക് ഓടിവന്നത് മൂന്നര പതിറ്റാണ്ട് മുമ്പ് വായിച്ച ഡൊമിനിക്കിന്റെയും ലാരിയുടെയും മേലുദ്ധരിച്ച വരികളാണ്.

പാലാ ബിഷപ്പും ഫാദർ തിയോഡോഷ്യസും സമീപ കാലത്ത് നടത്തിയ അത്യന്തം വർഗീയവും വംശീയവുമായ പ്രസ്താവനകൾ കടുത്ത വർഗീയവാദികൾ പോലും ഇന്നോളം പറഞ്ഞിട്ടില്ലാത്ത കാര്യമാണ്. ശാന്തിമന്ത്രങ്ങൾ ഓതിക്കൊടുക്കാൻ ബാദ്ധ്യതപ്പെട്ടവർ അശാന്തി വിതക്കുന്നവരായി മാറുന്നത് അത്യന്തം ദുഃഖകരമാണ്.

മന്ത്രി അബ്ദുറഹ്മാനെതിരെ തിയോഡോഷ്യസ് നടത്തിയ 'പേരിൽ തന്നെ' തീവ്രവാദമുണ്ടെന്ന പ്രസ്താവന വന്നിട്ട് 24 മണിക്കൂർ പിന്നിട്ടു. ഉത്തരവാദപ്പെട്ട ഒരു രാഷ്ട്രീയ നേതാവും അതിനെതിരെ രംഗത്ത് വരാത്തത് അൽഭുതകരമാണ്.

വേദവും മതവും പഠിക്കാത്ത ഒരു സാധാരണക്കാരന്റെ മനസ്സിൽ പോലും വരാത്ത കാര്യങ്ങളാണ് പാലാ ബിഷപ്പും തിയോഡഷ്യസുമെല്ലാം ചിന്തിക്കുന്നതും പറയുന്നതും. അച്ചന്മാർക്ക് വായിൽ തോന്നിയത് പറയാമെന്ന വിചാരം അംഗീകരിക്കാനാവില്ല. കേട്ട് കേട്ട് മടുത്തു. ഇനി സഹിക്കാൻ വയ്യ.

ഉരുളക്ക് ഉപ്പേരി പോലെ പച്ചക്ക് മറുപടി പറയാനാണ് തീരുമാനം. മര്യാദയാണെങ്കിൽ മര്യാദ. മര്യാദ കേടാണെങ്കിൽ മര്യാദ കേട്. എന്തു വേണമെന്ന് പിതാക്കന്മാർക്ക് തീരുമാനിക്കാം.