തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പുതിയ നിയമ ഉപദേഷ്ടാവ് സ്വർണക്കടത്തുകേസിലെ ഒന്നാം പ്രതി സരിത്തിന്റെ അഭിഭാഷകൻ ആയത് യാദൃച്ഛികമെന്ന് കരുതാനാവില്ലെന്ന് കെ ടി ജലീൽ എംഎൽഎ. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായ എസ് ഗോപകുമാരൻ നായരെയാണ് ഗവർണർ നിയമോപദേശകനായി നിയമിച്ചിരിക്കുന്നത്. സരിത്തിന് ജാമ്യം വാങ്ങിക്കൊടുക്കാൻ ഹൈക്കോടതിയിൽ ഹാജരായത് ഇദ്ദേഹമാണ്. കോൺഗ്രസ് ഭരണകാലത്ത് ബാർ കൗൺസിൽ ചെയർമാനായിരുന്നു. ഗോപകുമാരൻ നായരുടെ നിയമനവുമായി ബന്ധപ്പെട്ട വാർത്ത പങ്കുവച്ച് കൊണ്ടാണ് ജലീലിന്റെ കുറിപ്പ്.

കേസിലെ മുഖ്യപ്രതിയുമായി ദീർഘനേരം സംഭാഷണം നടത്തിയ അനിൽ നമ്പ്യാർ 'ജനം ടിവി'യുടെ പ്രധാന ചുമതലക്കാരനായി തിരിച്ചെത്തിയത് ആരും ശ്രദ്ധിച്ചു കാണില്ലെന്നും ജലീൽ പറഞ്ഞു. സ്വർണം മുഴുവൻ വിറ്റഴിക്കാൻ നേതൃത്വം നൽകിയെന്ന് സംശയിക്കുന്ന 'സ്വർണ്ണ മുതലാളി' ഒരു കൂസലുമില്ലാതെ തലസ്ഥാന നഗരിയിൽ ഞെളിഞ്ഞ് നടക്കുകയാണെന്നും കെടി ജലീൽ പറഞ്ഞു. ഒരുതരി സ്വർണം സ്വന്തമായില്ലാത്തവരെ സുരേന്ദ്രസുധാകര 'സംഘം' സംശയത്തിന്റെ മുൾമുനയിൽ നിർത്തിയത് ആരും മറന്നിട്ടില്ലെന്നും ജലീൽ കൂട്ടിച്ചേർത്തു.

'ഗവർണ്ണറുടെ പുതിയ ഉപദേശകൻ പ്രമാദമായ സ്വർണ്ണക്കടത്ത് കേസിലെ ഒന്നാംപ്രതി സരിത്തിന്റെ അഭിഭാഷകൻ. കോൺഗ്രസ് ഭരണ കാലത്ത് ഇദ്ദേഹം ബാർ കൗൺസിൽ ചെയർമാനായിരുന്നു'. രാജ്യത്തിന്റെ ആഭ്യന്തര സമ്പദ്ഘടനയെ അട്ടിമറിക്കാൻ ലക്ഷ്യമിട്ടാണ് സ്വർണ്ണക്കടത്തുൾപ്പടെ എല്ലാ കള്ളക്കടത്തുകളും. അതുകൊണ്ടു തന്നെ അവയെല്ലാം രാജ്യദ്രോഹമാണ്. രാജ്യദ്രോഹക്കുറ്റം ചെയ്തയാളുടെ വക്കാലത്ത് ഏറ്റെടുത്തയാൾ തന്നെ രാജ്ഭവൻ ഉപദേശകനായത് യാദൃശ്ചികമാണെന്ന് കരുതാനാവില്ല.

സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിയുമായി നിർണ്ണായക ഘട്ടത്തിൽ ദീർഘനേരം ടെലഫോൺ സംഭാഷണം നടത്തിയ അനിൽ നമ്പ്യാർ 'ജനം ടിവി'യുടെ പ്രധാന ചുമതലക്കാരനായി ചെറിയ ഇടവേളക്കു ശേഷം തിരിച്ചെത്തിയത് ആരും ശ്രദ്ധിച്ചു കാണില്ല. അതൊരു വാർത്തയാകാതിരിക്കാൻ പ്രത്യേക കരുതൽ സ്വീകരിച്ച'വർഗ്ഗ' സ്‌നേഹികൾക്ക് 'അഭിനന്ദനങ്ങൾ'.

കള്ളക്കടത്തിലൂടെ വന്ന സ്വർണം മുഴുവൻ വിറ്റഴിക്കാൻ നേതൃത്വം നൽകിയതായി സംശയിക്കുന്ന യു.എ.ഇ കോൺസുലേറ്റിലെ നിത്യ സന്ദർശകനായ 'സ്വർണ്ണ മുതലാളി' ഒരു കൂസലുമില്ലാതെ തലസ്ഥാന നഗരിയിൽ ഞെളിഞ്ഞ് നടക്കുന്നു. ഒരുതരി സ്വർണം വീട്ടിലോ നാട്ടിലോ സ്വന്തമായില്ലാത്തവരെ സുരേന്ദ്ര-സുധാകര 'സംഘം' സംശയത്തിന്റെ മുൾമുനയിൽ നിർത്തിയത് ആരും മറന്നു കാണില്ല. അതിന് തപ്പ് കൊട്ടി രാജഭക്തി കാണിച്ചവർ പത്രധർമ്മമാണ് നിഷ്‌കരുണം ബലികഴിച്ചത്.

ഗവർണറുടെ നിയമോപദേഷ്ടാവായിരുന്ന ജാജു ബാബുവും അദ്ദേഹത്തിന്റെ ഭാര്യയും ഗവർണറുടെ അഭിഭാഷകയുമായിരുന്ന എം യു വിജയലക്ഷ്മിയും ചൊവ്വാഴ്ചയാണ് രാജിവച്ചത്. 'ഗവർണർക്ക് അറിയാവുന്ന കാരണങ്ങളാൽ' ആണ് രാജിയെന്നാണ് കത്തിൽ ഇരുവരും വ്യക്തമാക്കിയത്. വൈസ് ചാൻസലർമാരോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ ഗവർണർക്ക് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടിയേറ്റിരുന്നു. ജാജു ബാബുവിന് പകരമാണ് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായ എസ് ഗോപകുമാരൻ നായർ ഗവർണറുടെ ഉപദേഷ്ടാവ് സ്ഥാനത്ത് എത്തിയത്.