- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അവസാനം കോന്നി എംഎൽഎയ്ക്ക് പിന്തുണയുമായി എൻജിഓ യൂണിയൻ; ജനാധിപത്യ വ്യവസ്ഥിതിയിൽ ഉദ്യോഗസ്ഥർക്ക് മുകളിലാണ് ജനപ്രതിനിധിയുടെ സ്ഥാനം; ചില ഉദ്യോഗസ്ഥരുടെ ധാർഷ്ട്യമോ അറിവില്ലായ്മോ പ്രശ്നം സങ്കീർണമാക്കി; വീഴ്ച്ച വരുത്തിയവർക്കെതിരേ നടപടിയെടുക്കണമെന്നും സിപിഎമ്മിന്റെ സർവീസ് സംഘടന
തിരുവനന്തപുരം: ജനപ്രതിനിധിയോ ഉദ്യോഗസ്ഥനോ വലുത്? കോന്നി താലൂക്ക് ഓഫീസ് വിഷയത്തിന്റെ പശ്ചാത്തലത്തിൽ നാടു മുഴുവൻ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു ഇത്. താലൂക്ക് ഓഫീസിലെ ജീവനക്കാർ വിനോദസഞ്ചാരത്തിന് പോയതുമായി ബന്ധപ്പെട്ട് ജനീഷ്‌കുമാർ എംഎൽഎയുടെ ഇടപെടലാണ് ഇങ്ങനെ ഒരു ചോദ്യമുയർത്തിയത്. വിഷയം ചൂടു പിടിച്ചു നിൽക്കുമ്പോൾ യാതൊരു പ്രതികരണവും സിപിഎം സർവീസ് സംഘടനയായ എൻജിഓ യൂണിയന്റെ ഭാഗത്തു നിന്നുമുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോഴിതാ യൂണിയന്റെ സംസ്ഥാന ജനറൽ സെക്രട്ടറി തന്നെ വിശദീകരണവുമായി വന്നിരിക്കുന്നു. ഉദ്യോഗസ്ഥരല്ല വലുത്, ജനപ്രതിനിധി തന്നെയാണ്. അതാണ് ജനാധിപത്യ വ്യവസ്ഥിതി.
കോന്നി വിഷയം വ്യാപകമായി ചർച്ച ചെയ്യപ്പെടുമ്പോൾ റവന്യൂ വകുപ്പ് ഭരിക്കുന്ന സിപിഐയും സർവീസ് സംഘടനയായ ജോയിന്റ് കൗൺസിലും സർക്കാർ ജീവനക്കാരും ചേർന്ന് എംഎൽഎയെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. പ്രവൃത്തി ദിവസം സർക്കാർ ജീവനക്കാർ ലീവെടുത്ത് ടൂർ പോയത് ശരിയായില്ല എന്ന ഒറ്റ വരി പ്രസ്താവന മാത്രമാണ് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു നടത്തിയത്. അന്നൊന്നും നിലപാട് വിശദീകരിക്കാൻ എൻ.ജി.ഓ യൂണിയൻ തയാറായിരുന്നില്ല.
ടൂർ പോയ സംഘത്തിൽ എൻ.ജി.ഓ സംഘിന്റേതൊഴികെ എല്ലാ സർവീസ് സംഘടനകളുടെയും ജില്ലാ നേതാക്കൾ അടക്കം ഉണ്ടായിരുന്നു. എൻ.ജി.ഓ അസോസിയേഷൻ നേതാക്കൾ ടൂർ പോയവരെ ന്യായീകരിച്ച് എംഎൽഎയ്ക്കെതിരേ രംഗത്തു വന്നു. അപ്പോഴൊക്കെ പൊതുസമൂഹം കാത്തിരുന്നത് എൻ.ജി.ഓ യൂണിയൻ എന്തു പറയുന്നുവെന്നാണ്. ജീവനക്കാരെ താങ്ങിയും എംഎൽഎയെ കുറ്റപ്പെടുത്താതെയും വളരെ സൂക്ഷ്മതയോടെയാണ് എൻ.ജി.ഓ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. അജിത്ത്കുമാർ പ്രതികരിച്ചിരിക്കുന്നത്.
സിവിൽ സർവീസിന്റെ സാമൂഹിക പ്രതിബദ്ധത ഉയർത്തിപ്പിടിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്ന് അദ്ദേഹം പറയുന്നു. കോന്നി താലൂക്ക് ഓഫീസുമായി ബന്ധപ്പെട്ട് പുറത്തു വന്ന വാർത്തകളും തുടർ ചർച്ചകളും ദൗർഭാഗ്യകരമാണ്. ജീവനക്കാർ ലീവെടുക്കുന്നതും ഓഫീസിന് പുറത്തേക്ക് ജോലിക്ക് പോകുന്നതുമെല്ലാം സാധാരണമാണ്. എന്നാൽ അവയൊന്നും ഓഫീസിന്റെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്ന തരത്തിലാകരുത്. ഓഫീസിന്റെ പ്രവർത്തനം സുഗമമായി നടക്കുമെന്ന് ഉറപ്പു വരുത്താൻ ഓഫീസ് മേധാവിക്ക് ഉത്തരവാദിത്തമുണ്ട്. ജനപ്രതിനിധിയെന്ന നിലയിൽ കോന്നി എംഎൽഎയുടെ ഇടപെടലും ചില ഉദ്യോഗസ്ഥരുടെ പെരുമാറ്റവും ഇതുമായി ബന്ധപ്പെടുത്തി ചർച്ച ചെയ്യപ്പെട്ടു. ജനാധിപത്യവ്യവസ്ഥിതിയിൽ ഉദ്യോഗസ്ഥ സംവിധാനത്തിന് മുകളിലാണ് ജനപ്രതിനിധിയുടെ സ്ഥാനം.
ചില ഉദ്യോഗസ്ഥരുടെ ധാർഷ്ട്യമോ അറിവില്ലായ്മയോ ആണ് പ്രശ്നം സങ്കീർണമാക്കിയത്. ഏതാനും ചില ഉദ്യോഗസ്ഥർക്കുണ്ടായ വീഴ്ച പൊതുവൽക്കരിച്ച് കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ മുഴുവൻ വീഴ്ചയായും സിവിൽ സർവീസിനെ ഇകഴ്‌ത്തി കാണിക്കുന്നതും ശരിയല്ല. ഈ വിഷയത്തിൽ ഇതിനകം തന്നെ റവന്യൂമന്ത്രി അന്വേഷണത്തിന് നിർദ്ദേശം നൽകി കഴിഞ്ഞിട്ടുണ്ട്. കൃത്യമായി അന്വേഷണം നടത്തി വീഴ്ച വരുത്തിയവർക്കെതിരേ നടപടിയെടുക്കണമെന്നും പ്രസ്താവനയിൽ പറയുന്നു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്