തിരുവനന്തപുരം: മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആരോപണങ്ങൾ തള്ളിയതിന് പിന്നാലെ മറുപടിയുമായി സ്വപ്ന വീണ്ടും രംഗത്ത്. തന്റെ കയ്യിൽ തെളിവുകൾ ഉണ്ടെന്നും, കടകംപള്ളി വീട്ടിൽ വന്നത് പാർട്ടി പ്രവർത്തകരുടെ കൂടെ ആയിരുന്നില്ലെന്നും സ്വപ്ന വ്യക്തമാക്കി.കാറിൽ വന്നത് അർദ്ധരാത്രി ആയിരുന്നുവെന്നും പാർട്ടി പ്രവർത്തകരുടെ കൂടെ ആയിരുന്നില്ലെന്നുമാണ് സ്വപ്ന വ്യക്തമാക്കിയത്.

സ്വപ്ന സുരേഷ് തനിക്കെതിരെ ഉയർത്തിയ ആരോപണങ്ങൾ ബോധപൂർവം ഉയർത്തിക്കൊണ്ടുവന്നതാണെന്ന് കടകം പള്ളി വാദിച്ചിരുന്നു. സ്വപ്നയുടെ വീട്ടിൽ പോയത് ഒരു ചടങ്ങിനിടെ സംഘാടകർ നിർബന്ധിച്ചപ്പോഴാണ്. പോയത് ഒറ്റയ്ക്കല്ല, സംഘാടകരും ഒപ്പമുണ്ടായിരുന്നെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. വീട്ടിൽനിന്ന് ചായ കുടിച്ചു. ഫോട്ടോയെടുത്തപ്പോൾ തോളിൽ കൈയിട്ടെന്ന ആരോപണം അസത്യമാണ്. ഫോട്ടോ കൈവശമുണ്ടെങ്കിൽ സ്വപ്ന പുറത്തുവിടണമെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

സമീപകാലത്ത് കേരളത്തിലുണ്ടായ ഒരു രാഷ്ട്രീയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഉയർന്നുവന്നതാണ് ഇത്തരം ആരോപണങ്ങൾ. ഇക്കാര്യത്തിൽ പാർട്ടി നിലപാട് പാർട്ടി സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. യാതൊരു താത്പര്യമോ ബന്ധമോ ഇല്ലാത്ത കാര്യത്തിൽ തന്നെ വലിച്ചിഴയ്ക്കാൻ വലിയ ശ്രമമാണ് നടത്തിയത്. മൂന്ന് വർഷത്തിനിടെ പലരെ കുറിച്ചും അവർ വിവിധ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. അന്നൊന്നും എന്നെ കുറിച്ച് ഒരു ആരോപണവും ഉന്നയിച്ചിരുന്നില്ലെന്നും കടകംപള്ളി പറഞ്ഞു.

സഹോദരനെ കള്ളക്കേസിൽ കുടുക്കിയെന്ന ആരോപണം ശരിയല്ല. ആത്മകഥയുടെ പേരുപോലെ സ്വപ്ന പത്മവ്യൂഹത്തിൽപ്പെട്ടിരിക്കയാണ്. ബിജെപിയുടെയും കോൺഗ്രസിന്റെയും പത്മവ്യൂഹത്തിലാണ് അവർ. ആരോപണങ്ങളിൽ നിയമനടപടി പാർട്ടിയുമായി അലോചിച്ച് തീരുമാനിക്കുമെന്നും കടകംപള്ളി മാധ്യമങ്ങളോടു പറഞ്ഞു. പുസ്തകത്തിലെ ആരോപണം തന്റെ പേരിലേക്ക് എത്തിക്കാൻ അഭിമുഖത്തിനിടയിൽ ശ്രമമുണ്ടായെന്നും കടകംപള്ളി ആരോപിച്ചു. സ്വപ്നയെ കൊണ്ട് തന്റെ പേര് പറയിപ്പിക്കാൻ ശ്രമിച്ചു. ഇത് ഗൂഢാലോചനയുടെ ഭാഗമാണ്. ബിജെപിയുടെ പാളയത്തിലാണ് സ്വപ്നയെന്നും കടകംപള്ളി പറഞ്ഞു.

സ്വപ്‌ന കടകംപള്ളിക്കെതിരെ ഉന്നയിച്ചത് ഗുരുതര ആരോപണങ്ങൾ

ഗുരുതര ആരോപണമാണ് കടകംപള്ളി സുരേന്ദ്രനെതിരെ സ്വപ്നാ സുരേഷ് നടത്തിയത്. ഒരു എംഎൽഎയോ മന്ത്രിയോ ആയിരിക്കാൻ യോഗ്യതയില്ലാത്ത വ്യക്തിയാണ് കടകംപള്ളി സുരേന്ദ്രനെന്ന് സ്വപ്ന തുറന്നടിച്ചു. 'ഒരു രാഷ്ട്രീയക്കാരനാകാൻ പോലും കടകംപള്ളിക്ക് അർഹതയില്ല. ഒരു കാരണവശാലും വീട്ടിൽ കയറ്റാൻ കൊള്ളാത്തവനാണ് കടകംപള്ളി. കേറിപ്പിടിച്ചു, പീഡനം എന്നൊന്നും പറയാനില്ല. അതൊന്നും സംഭവിച്ചതായും പറയുന്നില്ല. ഫോണിൽ കൂടി മോശമായി സംസാരിക്കുകയും ലൈംഗിക ചുവയോടെ പെരുമാറുകയും ചെയ്തിട്ടുണ്ട്. വീട്ടിലേക്ക് വരാമെന്നും ഹോട്ടലിൽ റൂമെടുക്കാമെന്നും പറഞ്ഞു. ലൈംഗിക ചുവയുള്ള മെസേജുകൾ അയച്ചു. റൂമിലേക്ക് ചെല്ലാനായി നിർബന്ധിച്ചു. സാധാരണ പല സ്ത്രീകളും ചെയ്യുന്നത് പോലെ എനിക്കും ആ മെസേജുകൾ ദുരുപയോഗം ചെയ്യാനും ബ്ലാക് മെയിൽ ചെയ്യാനും കഴിയുമായിരുന്നു. എന്നാൻ താനത് ചെയ്തിട്ടില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു.

ഇക്കാര്യങ്ങൾ ശിവശങ്കറിന് അറിയാമായിരുന്നുവെന്നും സ്വപ്ന വെളിപ്പെടുത്തി. മന്ത്രിയല്ലേ ആരോടും പറയണ്ടെന്നാണ് ശിവശങ്കർ ഇക്കാര്യത്തിൽ മറുപടി നൽകിയത്. ഇതിനെല്ലാം തെളിവുണ്ടെന്നും അത് ഇഡിക്ക് കൈമാറിയതായും സ്വപ്ന വിശദീകരിച്ചു. പറയുന്നത് ശരിയല്ലെന്നാണെങ്കിൽ കടകംപള്ളി തനിക്കെതിരെ കേസ് കൊടുക്കട്ടെയെന്നും അതല്ലെങ്കിൽ മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് സംസാരിക്കാൻ തയ്യാറാകട്ടെയെന്നും സ്വപ്ന വെല്ലുവിളിച്ചു.

ബോൾഗാട്ടിയിലെ ഹയാത്ത് ഹോട്ടൽ ഉദ്ഘാടനത്തിന് കടകംപള്ളി വന്നിരുന്നുവെന്നും അവിടെവെച്ചും അപമര്യാദയായി പെരുമാറിയെന്നും സ്വപ്ന ആരോപിച്ചു. ഹോട്ടൽ ഉദ്ഘാടനത്തിന് ഞാനുമുണ്ടായിരുന്നു. ഹോട്ടലിൽ റൂമെടുക്കാമെന്ന് വരെ അന്ന് കടകംപള്ളി പറഞ്ഞിരുന്നു. കടംകംപള്ളിക്കെതിരെ ആഘട്ടത്തിൽ പ്രതികരിച്ചിട്ടുണ്ട്. മര്യാദയോടെ പെരുമാറണമെന്നും പറഞ്ഞിട്ടുണ്ട്. അതിന് ശേഷം എന്നോട് കടകംപള്ളിക്ക് ദേഷ്യമായിരുന്നുവെന്നും സ്വപ്ന പറഞ്ഞു