അടൂര്‍: ഗ്രാമസഭയ്ക്ക് വൈകി വന്ന തൊഴിലാളികളോട് സിപിഎം നേതാവായ എഡിഎസ് പ്രസിഡന്റിന്റെ ശകാരം. രൂക്ഷമായ ഭാഷയിലുള്ള ശകാരത്തെ തുടര്‍ന്ന് തൊഴിലാളികള്‍ ഗ്രാമസഭ ബഹിഷ്‌കരിച്ചു.

വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് നടന്ന കടമ്പനാട് ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് ഗ്രാമസഭയിലാണ് എഡിഎസ് പ്രസിഡന്റ് രോഷാകുലയായത്. കടമ്പനാട് വടക്ക് റബ്ബര്‍ ഉത്പാദക സഹകരണ സംഘത്തില്‍ വച്ചാണ് ഗ്രാമസഭ കൂടിയത്. എഡിഎസ് പ്രസിഡന്റും സിപിഎം ലോക്കല്‍കമ്മറ്റി അംഗവും മുന്‍ ഗ്രാമപഞ്ചായത്ത് അംഗവുമായ ജെ. സതി ആണ് സ്വാഗത പ്രസംഗത്തിനിടെ വന്നു ചേര്‍ന്ന തൊഴിലുറപ്പു തൊഴിലാളികളോട് വിവാദപരാമര്‍ശം നടത്തിയത്.

കൃത്യം മൂന്ന് മണിക്ക് ഗ്രാമസഭയില്‍ പങ്കെടുക്കണമെന്നാണ് തൊഴിലാളികളോട് അറിയിച്ചിരുന്നത്. എന്നാല്‍ തൊഴില്‍ സ്ഥലത്ത് വൈകിട്ട് ഫോട്ടോ എടുത്ത ശേഷമേ പോകുന്നുള്ളുവെന്നായിരുന്നു തൊഴിലാളികളുടെ തീരുമാനം. ഗ്രാമസഭയില്‍ കോറം തികയാതെ വന്നതിനാല്‍ തൊഴിലാളികളെ എത്രയും പെട്ടെന്ന് പങ്കെടുപ്പിക്കണമെന്ന് മേറ്റിനോട് വാര്‍ഡ് മെമ്പര്‍ ഷീജാകൃഷ്ണന്‍ അറിയിച്ചു.

അതനുസരിച്ച് കുറച്ച് തൊഴിലാളികള്‍ യോഗത്തിന് ചെല്ലുമ്പോള്‍ സതി സ്വാഗത പ്രസംഗം നടത്തുകയായിരുന്നു. തൊഴിലാളികള്‍ വൈകിയെത്തിയതില്‍ പ്രകോപിതയായ സതി 'മര്യാദകേട്' കാണിക്കരുതെന്ന് പറഞ്ഞാണ് പ്രസംഗം തുടര്‍ന്നത്. ഇത് തൊഴിലാളികളെ ചൊടിപ്പിച്ചു. ഇവര്‍ ഉടന്‍ തന്നെ യോഗം ബഹിഷ്‌കരിച്ച് മടങ്ങി. തങ്ങളോട് വിവാദപരാമര്‍ശം നടത്തിയ എഡിഎസ്. പ്രസിഡന്റ് രാജി വയ്ക്കണമെന്നാണ് തൊഴിലുറപ്പ് തൊഴിലാളികളുടെ ആവശ്യം. വര്‍ഷങ്ങളായി ഗ്രാമസഭയില്‍ കോറം തികയ്ക്കുന്നത് തൊഴിലുറപ്പ് തൊഴിലാളികളെ നിര്‍ബന്ധിച്ച് വിളിച്ചു വരുത്തിയാണ്. പുറത്തു നിന്നും പത്ത് പരില്‍ കൂടുതല്‍ പങ്കെടുക്കാറില്ല. പഞ്ചായത്ത് ഓഫീസില്‍ നിന്നും ഗ്രാമസഭയില്‍ പങ്കെടുത്തത് ഒരു ജീവനക്കാരിയും പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാകൃഷ്ണനും മാത്രമാണ്.

കടമ്പനാട് ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡിലെ ഗ്രാമസഭയിലേക്ക് കോറം തികയുന്നതിന് വേണ്ടി തൊഴിലുറപ്പ് തൊഴിലാളികളെ വിളിച്ചു വരുത്തുകയും അവരെ ആക്ഷേപിക്കുകയും ചെയ്ത രണ്ടാം വാര്‍ഡ് എഡിഎസ് പ്രസിഡന്റിന്റെ നടപടിയില്‍ കോണ്‍ഗ്രസ് കടമ്പനാട് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. തൊഴിലാളികളെ അധിക്ഷേപിച്ച വ്യക്തിക്കെതിരെ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡന്റ് റെജി മാമന്‍ വാര്‍ഡ് കമ്മിറ്റി പ്രസിഡന്റ് എം.ആര്‍. ജയകുമാര്‍, സുന്ദരന്‍ ആചാരി, വര്‍ഗീസ് ജി കുരുവിള, എന്‍. ബാലകൃഷ്ണന്‍, ദാമോദരന്‍, ആനന്ദന്‍, കുഞ്ഞുമോന്‍ എന്നിവര്‍ പ്രസംഗിച്ചു.