കടമ്പനാട്: കൈയിൽ ഒഴിഞ്ഞ ബിയർ കുപ്പിയും പിടിച്ച് ക്വട്ടേഷൻ ടീമംഗത്തെപ്പോലെ സ്‌കൂൾ യൂണിഫോമും ധരിച്ച് പൊതുനിരത്തിലൂടെ പോകുന്ന പെൺകുട്ടി. മറ്റൊരു കുട്ടിയുമായി തമ്മിലടി. പത്തനംതിട്ട-കൊല്ലം ജില്ലകൾ അതിർത്തി പങ്കിടുന്ന കടമ്പനാട് ടൗണിൽ കഴിഞ്ഞ ദിവസമുണ്ടായ സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. തൊട്ടടുത്തുള്ള സ്‌കൂളുകളിലെ വിദ്യാർത്ഥിനികളാണ് പൊതുനിരത്തിൽ തമ്മിലടിച്ചത്. പ്രണയത്തെ ചൊല്ലിയുള്ള ഏറ്റുമുട്ടലാണ് നടന്നതെന്ന് സഹപാഠികൾ പറയുന്നു. കെആർകെപിഎം വിഎച്ച്എസ്എസിൽ പഠിക്കുന്ന പെൺകുട്ടിയും തൊട്ടടുത്തുള്ള ഗേൾസ് സ്‌കൂളിലെ കുട്ടിയുമാണ് തമ്മിലടിച്ചതെന്നാണ് പറയപ്പെടുന്നത്.

കഴിഞ്ഞ ദിവസമാണ് സംഭവം. യൂണിഫോം ധരിച്ച പെൺകുട്ടി ബിയർ കുപ്പിയുമായി നെഞ്ചു വിരിച്ച് ക്വട്ടേഷൻ സംഘാംഗത്തെപ്പോലെ നടക്കുന്ന വീഡിയോയാണ് വൈറൽ ആയത്. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ പഠിക്കുന്ന കുട്ടിയാണ് കൈയിൽ കുപ്പിയുമായി നീങ്ങുന്നത്. തൊട്ടടുത്തുള്ള ഗേൾസ് സ്‌കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന കുട്ടിയുമായിട്ടാണ് പ്രണയത്തെ ചൊല്ലി കലഹിച്ചത്. വിഎച്ച്എസ്എസ് വിദ്യാർത്ഥിനി രാവിലെ ഹൈസ്‌കൂളിൽ ചെന്നപ്പോൾ ഒമ്പതാം ക്ലാസുകാരിയും കൂട്ടുകാരികളും ചേർന്ന് തല്ലി.

ഇതിന്റെ പ്രതികാരം തീർക്കാനാണ് വൈകിട്ട് സ്‌കൂൾ വിട്ടപ്പോൾ ഹയർ സെക്കൻഡറി വിദ്യാർത്ഥിനി എത്തിയത്. ഒമ്പതാം ക്ലാസുകാരിയെ പൊതിരെ തല്ലി. അതിന് ശേഷം അവിടെ കിടന്ന ബിയർ കുപ്പിയുമെടുത്ത് തലയ്ക്ക് അടിക്കാൻ വേണ്ടി ഓടിക്കുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളതെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഒമ്പതാം ക്ലാസുകാരിയെ കിട്ടാത്തതിന്റെ കലിപ്പ് തീർക്കാൻ കുപ്പി പൊതുനിരത്തിൽ അടിച്ചുടയ്ക്കുകയും ചെയ്തു.

ഈ സ്‌കൂളിലെ കുട്ടികൾ നാട്ടുകാർക്ക് എന്നും തലവേദനയാണ്. സ്‌കൂൾ കൊല്ലം ജില്ലയിൽ കൊട്ടാരക്കര ഉപജില്ലയുടെ പരിധിയിലാണ് വരുന്നത്. പക്ഷേ, സ്ഥിതി ചെയ്യുന്നത് പത്തനംതിട്ട ജില്ലയിലാണ്. കഴിഞ്ഞ വർഷം യുവജനോത്സവത്തോട് അനുബന്ധിച്ച് കുട്ടികൾ തമ്മിൽ അടിച്ചിരുന്നു. ഇതിൽ ഇടപെട്ട നാട്ടുകാർ ഒടുവിൽ കേസിൽ പ്രതികളായി. കുട്ടികളെ മർദിച്ചതിന് മൂന്നു പേരെ ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കലോത്സവത്തിന് വന്ന കുട്ടി കുളത്തിൽ വീണ് മരിച്ചതും ഇവിടെയാണ്.

ഇവിടെ അഞ്ചു മുതൽ 10 വരെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം സ്‌കൂളാണ്. ഹയർ സെക്കൻഡറി ഒന്നിച്ചാണ്. സ്‌കൂൾ പിടിഎ നിർജീവമാണെന്ന് നാട്ടുകാർ പറയുന്നു. രക്ഷിതാക്കളും അദ്ധ്യാപകരുമായി ആശയവിനിമയമില്ലെന്നും നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. സ്‌കൂളിനെ നേർവഴിക്ക് കൊണ്ടു വരാൻ ശ്രമിച്ച പിടിഎ പ്രസിഡന്റിനെ കള്ളക്കേസിൽ കുടുക്കുകയും ചെയ്തു. കുട്ടികളെ ഉപദേശിക്കാൻ പോയതാണ് അദ്ദേഹത്തിന് വിനയായത്. കേസിൽ കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയാണ് അദ്ദേഹം രക്ഷപ്പെട്ടത്.

കടമ്പനാട് ജങ്ഷനിലാണ് സ്‌കൂൾ കുട്ടികളെ കേന്ദ്രീകരിച്ച് ഏറ്റവും അധികം ലഹരി മരുന്ന് വിൽപ്പന നടക്കുന്നത്. പൊലീസും എക്സൈസും ചേർന്ന് ബോധവൽക്കരണ ക്ലാസുകൾ നിരന്തരം നടത്തുന്നുണ്ടെങ്കിലും പ്രയോജനം കാണുന്നില്ല. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് സംവിധാനവും ഇവിടെയുണ്ട്. പക്ഷേ, ഇവിടുത്തെ കുട്ടികളെ കൊണ്ട് കടമ്പനാട് ജങ്ഷനിലെ വ്യാപാരികൾ അടക്കം പൊറുതി മുട്ടുകയാണ്. എന്തൊക്കെ അതിക്രമം നടന്നാലും നാട്ടുകാർ ഇടപെടാൻ മടിക്കുകയാണ്. മുൻപ് ഇടപെട്ടവരെ പൊലീസ് അറസ്റ്റ് ചെയ്തത് തന്നെയാണ് കാരണം. ഇവിടേക്ക് പൊലീസിന്റെ ശ്രദ്ധപതിയുന്നുമില്ലെന്നാണ് പരാതി.