- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്എഫ്ഐ നേതാവ് മൂക്കിടിച്ച് തകർക്കുകയും അപമാനിക്കുകയും ചെയ്ത പെൺകുട്ടി നീതിക്കായി അലഞ്ഞത് നാലുനാൾ; നേതാവിനെതിരേ കേസെടുത്തതിന് പിന്നാലെ പെൺകുട്ടിക്കെതിരേ രണ്ട് കൗണ്ടർ കേസുകൾ; എസ് സി/എസ്ടി ആക്ട് സഹിതമുള്ള ജാമ്യമില്ലാ കേസുകളിൽ പെൺകുട്ടിയും സുഹൃത്തും പ്രതികൾ
പത്തനംതിട്ട: നവകേരള സദസിൽ നാടുനീളെ സ്ത്രീസുരക്ഷ പ്രഖ്യാപിച്ച് നടന്നവർ യഥാർഥ ജീവിതത്തിൽ നടപ്പാക്കുന്ന സ്ത്രീ സുരക്ഷ കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് കടമ്മനിട്ട മൗണ്ട് സിയോൺ ലോ കോളജിൽ എസ്എഫ്ഐ നേതാവിന്റെ മർദനമേൽക്കേണ്ടി വന്ന പെൺകുട്ടി. നേതാവിന്റെ ആക്രമണത്തിൽ മൂക്കിന്റെ പാലം തകർന്ന് ചികിൽസ തേടുകയും മൊഴി നൽകുകയും ചെയ്തിട്ടും നാലു നാൾ പൊലീസ് പരാതി പൂഴ്‌ത്തി വച്ചു.
നിസഹായ ആയ പെൺകുട്ടിയുടെ വിഷമം കണ്ട് ഒടുവിൽ യൂത്ത് കോൺഗ്രസും കെഎസ്‌യുവും ചേർന്ന് ആറന്മുള പൊലീസ് സ്റ്റേഷൻ ഉപരോധിച്ചപ്പോൾ എസ്എഫ്ഐ നേതാവിനെതിരേ ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്തു. മണിക്കൂറുകൾ കഴിയും മുൻപ് പരാതിക്കാരിക്കും സഹപാഠിക്കുമെതിരേ ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി രണ്ടു കേസുകളാണ് പൊലീസ് എടുത്തിരിക്കുന്നത്. എസ്.സി/എസ്.ടി ആക്ട് പ്രകാരമുള്ള കേസും ഇതിൽ ഉൾപ്പെടും.
ന്യായമായ പരാതിയിൽ നടപടിയെടുക്കാൻ നാലു ദിവസം കാത്തിരുന്ന പൊലീസ് പരാതിക്കാരിയെ പ്രതിരോധത്തിലാഴ്‌ത്താൻ വേണ്ടി കൗണ്ടർ കേസ് എടുക്കാനെടുത്തത് മണിക്കൂറുകൾ മാത്രം. പെൺകുട്ടിക്ക് വേണ്ടി നിലകൊണ്ട കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരേ സ്റ്റേഷനിൽ അതിക്രമിച്ച് കയറിയതിന് ജാമ്യമില്ലാ വകുപ്പിട്ടും കേസെടുത്തു.
എസ്എഫ്ഐ നേതാവിനെതിരേ കേസ് എടുക്കരുതെന്ന് പൊലീസിന് സിപിഎം ജില്ലാ നേതൃത്വത്തിന്റെ കർശന നിർദ്ദേശം ഉണ്ടായിരുന്നു. എന്നാൽ, പെൺകുട്ടി സ്റ്റേഷനിൽ വന്ന് കുത്തിയിരുന്ന് സമരം ചെയ്തതോടെ പൊലീസിന് മറ്റ് മാർഗമൊന്നുമില്ലായിരുന്നു. കേസിൽ എസ്എഫ്ഐ നേതാവ് അകത്തു പോകുമെന്ന് വന്നതോടെയാണ് പെട്ടെന്ന് കൗണ്ടർ കേസുകൾ തട്ടിക്കൂട്ടിയത്. സിപിഎം ജില്ലാ നേതാവ് പറഞ്ഞതാൽ പറഞ്ഞതു പോലെ ചെയ്യുന്നവരാണ് ആറന്മുള പൊലീസ് എന്നത് ഒരിക്കൽ കൂടി വെളിവായി.
കടമ്മനിട്ട മൗണ്ട് സിയോൺ ലോ കോളജിൽ നാലാം വർഷ എൽഎൽബിക്ക് പഠിക്കുന്ന എസ്എഫ്ഐ നേതാവ് ജയ്സൺ ആണ് സഹപാഠിയായ വിദ്യാർത്ഥിനിയെ ആക്രമിച്ച് പരുക്കേൽപ്പിച്ചത്. ഇടിയേറ്റ് പെൺകുട്ടിയുടെ മൂക്കിന്റെ പാലത്തിന് ഗുരുതര പരുക്കേറ്റു. ശാരീരികമായി അപമാനിക്കുകയും ചെയ്തു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പെൺകുട്ടി ചികിൽസ തേടി. ഇവിടെ നിന്നുള്ള അറിയിപ്പ് കിട്ടിയതിന് പിന്നാലെ ആറന്മുള പൊലീസ് ആശുപത്രിയിൽ എത്തി പെൺകുട്ടിയുടെ മൊഴിയെടുത്തു. പിന്നെയാണ് അട്ടിമറിയുടെ തുടക്കം. മൊഴി പൂഴ്‌ത്തി വച്ച പൊലീസ് എസ്എഫ്ഐ നേതാവിനെ രക്ഷിക്കാനുള്ള നീക്കം തുടങ്ങി. മൊഴിയെടുത്ത് കേസെടുക്കാൻ വൈകി എന്ന ഒറ്റക്കാരണം കൊണ്ട് പ്രതിയായ എസ്എഫ്ഐക്കാരന് കേസിൽ നിന്ന് നിസാരമായി ഊരിപ്പോകാൻ കഴിയും.
ഗുരുതരമായി പരുക്ക് പറ്റിയ പെൺകുട്ടിയുടെ അമ്മ ആറന്മുള സ്റ്റേഷനിൽ വിളിച്ച് കരഞ്ഞു പറഞ്ഞിട്ടും കേസെടുക്കാനുള്ള ഒരു നീക്കവും പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. തുടർന്നാണ് കോൺഗ്രസ് വിഷയത്തിൽ ഇടപെട്ടത്. ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ ആശുപത്രിയിൽ പെൺകുട്ടിയെ സന്ദർശിച്ച് സഹായം വാഗ്ദാനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ, കെഎസ്‌യു ജില്ലാ പ്രസിഡന്റ് അലൻ ജിയോ മൈക്കിൾ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തകർ പെൺകുട്ടിയെയും കൂട്ടി ആറന്മുള പൊലീസ് സ്റ്റേഷനിലെത്തി സത്യഗ്രഹം തുടങ്ങി. വാർത്തകൾ മാധ്യമങ്ങളിൽ നിറഞ്ഞതോടെ ഉടനടി പൊലീസ് എഫ്ഐആർ ഇട്ടു.
കേസ് രജിസ്റ്റർ ചെയ്യാനുണ്ടായ കാലതാമസം ചൂണ്ടിക്കാട്ടി പരാതിക്കാരി കോടതിയിൽ പോയാൽ എസ്എച്ച്ഓ അടക്കം പണി വാങ്ങിക്കൂട്ടുമെന്ന് പൊലീസിന് അറിയാം. ഇതൊഴിവാക്കാൻ വേണ്ടിയാണ് എസ്എഫ്ഐ നേതാവിനും തങ്ങൾക്കും വേണ്ടി കൗണ്ടർ കേസുകൾ എടുത്ത് പരാതിക്കാരിയെ സമ്മർദത്തിലാഴ്‌ത്താൻ നീക്കം നടക്കുന്നത്. പെൺകുട്ടിയും സഹപാഠിയുമാണ് പ്രതികൾ.
സഹപാഠിയെ അറസ്റ്റ് ചെയ്തു കൊണ്ട് പെൺകുട്ടിക്ക് മേൽ സമ്മർദം വരുത്താനുള്ള തന്ത്രമാണ് അരങ്ങേറിയത്. ഇതെല്ലാം സിപിഎമ്മിന്റെ ജില്ലാ നേതാവിന്റെ നിർദ്ദേശമനുസരിച്ചാണ് നടക്കുന്നത്. ജില്ലാ സെക്രട്ടറി പറഞ്ഞാൽ ആറന്മുള എസ്എച്ച്ഓ എന്തും ചെയ്യുമെന്ന് ഇവിടുത്തെ സീനിയർ സിപിഓ ഉമേഷ് വള്ളിക്കുന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മർദനമേറ്റ പെൺകുട്ടിയെ പ്രതിയാക്കി സിപിഎം നിർദ്ദേശപ്രകാരം കേസ് എടുത്തിരിക്കുന്നതും.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്