മലപ്പുറം: കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലെ പ്രഭാത -ഉച്ചഭക്ഷണ വിതരണ ക്വട്ടേഷനുകൾ അട്ടിമറിച്ച് എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിൽ സിപിഎം നിയന്ത്രണത്തിലുള്ള തട്ടിക്കൂട്ട് സൊസൈറ്റിക്ക് കൈമാറിയതായും പരാതി. പ്രതിഷേധവുമായി കുടുംബ ശ്രീ പ്രവർത്തകരും സൊസൈറ്റി പ്രവർത്തകരും രംഗത്ത്.

കാടാമ്പുഴ ഭഗവതി ദേവസ്വത്തിൽ പ്രഭാത ഭക്ഷണവും ഉച്ച ഭക്ഷണവും പാചകം ചെയ്ത് വിതരണം ചെയ്യുന്നതിന് രെജിസ്റ്റർഡ് സൊസൈറ്റികളിൽ നിന്നും, കുടുംബശ്രീ കളിൽ നിന്നും ക്വട്ടേഷൻ ആവശ്യപ്പെട്ട് കഴിഞ്ഞ ഡിസംബർ 21നാണു ക്വട്ടേഷൻ ക്ഷണിച്ചുകൊണ്ട് പരസ്യം പബ്ലിഷ് ചെയ്തിരുന്നത്. ഡിസംബർ 28നു വൈകുന്നേരം അഞ്ചുമണിക്കായിരുന്നു ക്വട്ടേഷൻ കാലാവധി അവസാനിച്ചിരുന്നത്.

ഇത് പ്രകാരം അന്നേദിവസം വൈകിട്ടു അഞ്ചുവരെ മൂന്ന് ക്വാട്ടേഷനുകൾ മാത്രമാണ് ലഭിച്ചിരുന്നതെന്നും അന്നേദിവസം വൈകിട്ട് തങ്ങൾ രേഖകൾ പോയി പരിശോധിച്ചിരുന്നതായും ക്വട്ടേഷൻ നൽകിയിരുന്ന കുടുംബശ്രീ പ്രവർത്തകരും, കുറ്റിപ്പുറം ബ്ലോക്ക് റൂറൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികളും പറയുന്നത്.

എന്നാൽ പിന്നീട് ക്വട്ടേഷൻ തുറന്ന് പരിശോധിക്കു സമയത്ത് നാലാമത് ഒരു ക്വട്ടേഷൻ കൂടി ഉണ്ടെന്ന് എക്സിക്യൂട്ടീവ് ഓഫീസർ അജയകുമാർ അറിയിച്ചു. ഇത് എങ്ങനെ വന്നുവെന്നും ഇന്നലെ അഞ്ചുമണി വരെ രെജിസ്റ്ററിൽ ഉണ്ടായിരുന്നില്ലല്ലോ എന്ന് ചോദിച്ചപ്പോൾ അത് തന്റെ കയ്യിൽ ഉണ്ടായിരുന്നു എന്നാണ് എക്സിക്യൂട്ടീവ് ഓഫീസർ തങ്ങളോട് പറഞ്ഞത്. ഇതോടെ കൊട്ടേഷനിൽ ആവശ്യപ്പെട്ട പ്രകാരം ഇവർ അടക്കേണ്ട 20000 രൂപയുടെ നിരത ദ്രവ്യത്തിന്റെ രസീത് ചോദിച്ചപ്പോൾ അവർ ആറു മാസങ്ങൾക്ക് മുമ്പ് മറ്റൊരു ക്വട്ടേഷന് വേണ്ടി നൽകിയ പണം ഇവിടെ ഉണ്ടെന്നാണ് എക്സിക്യൂട്ടീവ് ഓഫീസർ മറുപടി നൽകിയത്.

ഇതോടെ കുടുംബ ശ്രീ പ്രവർത്തകരും സൊസൈറ്റി ഭാരവാഹികളും പ്രതിഷേധം അറിയിച്ചു. ഇത് തെറ്റായ നടപടിയാണെന്ന് ചൂണ്ടികാട്ടിയപ്പോൾ അത് തന്റെ അധികാരമാണെന്നും ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത് താനാണെന്നും പരാതി വല്ലതും ഉണ്ടെങ്കിൽ എഴുതി നൽകിയെക്ക് എന്നും പറഞ്ഞ് എക്സിക്യൂട്ടീവ് ഓഫീസർ നടപടി അവസാനിപ്പിക്കുകയായിരുന്നുവെന്നും കുടുംബശ്രീ പ്രവർത്തകർ പറയുന്നു. തങ്ങൾ നൽകിയ മൂന്നു ക്വട്ടേഷനുകളും പരിശോധിച്ച് കൃത്യമായ ഇവർ നടത്തിയ ഗൂഢാലോചനയണ് ഇവിടെ നടന്നതെന്നാണ് ആരോണം ഇയർന്നിട്ടുള്ളത്.

സിപിഎം നിയന്ത്രണത്തിലുള്ള തട്ടിക്കൂട്ട് സൊസൈറ്റിക്കാണ് ക്വട്ടേഷൻ അംഗീകരിച്ച് നൽകിയിട്ടുള്ളതെന്നും, ഇതിന്റെ ലാഭ വിഹിതം എക്സിക്യൂട്ടീവ് ഓഫീസർക്ക് ലഭിക്കുന്നുണ്ടെന്നും സൊസൈറ്റി ഭാരവാഹികൾ ആരോപിച്ചു.അടിയന്തിരമായി ക്വാട്ടേഷൻ നടപടികൾ നിർത്തി വെച്ച് സുതാര്യമായ നടപടികൾ കൈകൊള്ളണമെന്നും ഇവർ ആവശ്യപ്പെടുന്നു. കുറ്റിപ്പുറം ബ്ലോക്ക് റൂറൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ഉമറലി കരേക്കാട്, വൈസ് പ്രസിഡന്റ് കേശവൻ മാസ്റ്റർ, ജാസിർ പതിയിൽ, സജിത ടീച്ചർ, എന്നിവർ ക്വട്ടേഷൻ നടപടികളിൽ പ്രതിഷേധം അറിയിച്ചു.

അതേ സമയം നിയമപരമയ എല്ലാകാര്യങ്ങളും പാലിച്ചാണ് ക്വട്ടേഷൻ നടപടികൾ നടത്തിയതെന്നും മറിച്ചുള്ള ആരോപണങ്ങൾ തെറ്റാണെന്നും എക്സിക്യൂട്ടീവ് ഓഫീസർ അജയകുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു. ഓഫീസ് സൂപ്രണ്ടിന്റെ കയ്യിൽ രാവിലെ 11നാണു അവരുടെ ക്വട്ടേഷൻ ലഭിച്ചിരുന്നതെന്നും , ഇവരുടെ നിരത ദ്രവ്യം അടക്കാനുള്ള ഇവർ നേരത്തെ നൽകിയ ക്വട്ടേഷനിലെ തുക വരവ് വെക്കാൻ മറ്റൊരു കത്തും നൽകിയിരുന്നുവെന്നും എക്സിക്യൂട്ടീവ് ഓഫീസർ പറഞ്ഞു.