- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വി എസിന്റെ കാലത്ത് അദ്ദേഹത്തോടൊപ്പം; പിണറായിക്കാലത്ത് കടുത്ത ഭക്തന്മാരിലൊരാൾ; മെയ് വഴക്കത്തിൽ കടന്നപ്പള്ളിയെ വെല്ലുന്ന നേതാവില്ല; സി പി എമ്മിലെ കാറ്റും കോളും നോക്കി തുഴയാൻ അഗ്രഗണ്യൻ; മൂന്നാംമൂഴത്തിൽ കടന്നപ്പള്ളി വരുമ്പോൾ കണ്ണൂരിന് മറ്റൊരു മന്ത്രിസ്ഥാനം കൂടി
കണ്ണൂർ: കേരളരാഷ്ട്രീയത്തിലെ ജനകീയ നേതാവാണ് രാമചന്ദ്രൻ കടന്നപ്പള്ളി. കണ്ണൂരിലെ കൊച്ചുകുട്ടികൾക്കു വരെ ഈ നേതാവിനെ അറിയാം. ജനങ്ങളെ കൈയിലെടുക്കുന്നതിനായി കടന്നപ്പള്ളി വേണമെങ്കിൽ ഗാനമേള തന്നെ നടത്തും. ആരെയും ഒരുതവണ കണ്ടാൽ കയറി കൈയിൽ പിടിച്ചു കുശലം പറയും. അതു മന്ത്രിയായാലും എംഎൽഎയായാലും പാർട്ടി നേതാവായാലും ശരി കടന്നപ്പള്ളി ഇങ്ങനെയൊക്കെ തന്നെയാണ്, അതിൽ മാറ്റമില്ല.
കോൺഗ്രസിൽനിന്നും പണ്ടെ സലാം പറഞ്ഞു പിരിഞ്ഞതാണെങ്കിലും കേരളത്തിൽ അടിമുടി കോൺഗ്രസ് സംസ്കാരം ഉയർത്തിപ്പിടിക്കുന്ന ഗാന്ധിയനാണ് കടന്നപ്പള്ളി. അതുകൊണ്ടു കൂടിയാണ് എന്നും കോൺഗ്രസിനോട് ചാഞ്ഞുനിന്നിരുന്ന കണ്ണൂർ മണ്ഡലത്തിൽ കയറി പ്രഹരിക്കാൻ സി.പി. എം കടന്നപ്പള്ളിയെ തന്നെ നിയോഗിച്ചത്.
ജീവിതത്തിൽ ലാളിത്യം കൊണ്ടു നടക്കുകയും റോബസ്റ്റ പഴം കഴിച്ചു ജീവിക്കുകയും ചെയ്യുന്ന ശുദ്ധ ഗാന്ധിയനായ കടന്നപ്പള്ളിക്ക് തെരഞ്ഞെടുപ്പിന്റെ തന്ത്രങ്ങൾ മുഴുവൻ മന:പാഠമാണ്. എതിരാളിയുടെ മസ്തകം നോക്കി അടിക്കേണ്ട സമയത്ത് കടന്നപ്പള്ളി അടിച്ചിരിക്കും. ഈ അടിയിൽ വീണുപോയവരാണ് ഇ.കെ നായനാർ മുതൽ സതീശൻ പാച്ചേനി വരെയുള്ള നേതാക്കൾ. സി.പി. എമ്മിലെ കാറ്റും കോളും നോക്കി തന്റെ രാഷ്ട്രീയ നൗക തുഴയാനും കടന്നപ്പള്ളി അഗ്രഗണ്യനാണ്.
ഘടകകക്ഷി നേതാവാണെങ്കിലും സി.പി. എമ്മിലെ ഓരോ ഉൾത്തുടിപ്പും അദ്ദേഹത്തിന് പാർട്ടിക്കു പുറത്തുനിൽക്കുമ്പോഴും അറിയാൻ കഴിയും. അതുകൊണ്ടാണ് വി. എസിന്റെ കാലത്ത് അദ്ദേഹത്തോടൊപ്പവും, പിണറായിക്കാലത്ത് കടുത്ത ഭക്തന്മാരിലൊരാളായും മെയ്വഴക്കത്തോടെ കടന്നപ്പള്ളിക്ക് നിലനിൽക്കാൻ കഴിയുന്നത്. എന്തുതന്നെയായാലും, രണ്ടാംപിണറായി സർക്കാരിൽ, രണ്ടാം ടേമിൽ മന്ത്രിയായി കടന്നപ്പള്ളി രാമചന്ദ്രൻ തിരിച്ചുവരുമ്പോൾ കണ്ണൂരിന് ലഭിക്കുന്നത് മറ്റൊരു മന്ത്രിസ്ഥാനം കൂടിയാണ്.
എം.വി ഗോവിന്ദൻ മന്ത്രിസ്ഥാനം രാജിവെച്ചു പാർട്ടി സംസ്ഥാന സെക്രട്ടറിയായതോടെ ഒന്നാം പിണറായി സർക്കാരിൽ അഞ്ചുമന്ത്രിമാരുണ്ടായിരുന്ന കണ്ണൂരിന്റെ പ്രാതിനിധ്യം മുഖ്യമന്ത്രി മാത്രമായി ചുരുങ്ങിയിരുന്നു. ഇപ്പോൾ കടന്നപ്പള്ളിയിലൂടെ രണ്ടാം ടേമിലെങ്കിലും മറ്റൊരു മന്ത്രിസ്ഥാനം കണ്ണൂരിന് ലഭിച്ചിരിക്കുകയാണ്. ജനകീയനായ രാഷ്ട്രീയക്കാരനെന്നു അറിയപ്പെടുന്ന കടന്നപ്പള്ളി മൂന്നാമതാണ് മന്ത്രിസ്ഥാനത്തേക്ക് വരുന്നത്. യു.ഡി. എഫ് മണ്ഡലമായ കണ്ണൂരിൽ നിന്നുംരണ്ടു തവണ അട്ടിമറി വിജയം നേടിയ കടന്നപ്പള്ളി സി.പി. എമ്മിന്റെ അതീവവിശ്വസ്തനായ ഘടകകക്ഷി നേതാക്കളിലൊരാൾ കൂടിയാണ്.
കോൺഗ്രസ് എസ് എന്ന ഈർക്കിൽ പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റുകൂടിയായ കടന്നപ്പള്ളി മുഖ്യമന്ത്രി പിണറായി വിജയനുമായി ആത്മബന്ധം പുലർത്തുന്ന അപൂർവ്വം പേരിൽ ഒരാൾ കൂടിയാണ്. മുന്നണിക്കും സർക്കാരിനും തലവേദന സൃഷ്ടിക്കാത്ത പരിപൂർണ വിധേയനായ നേതാവെന്ന പരിഗണനയാണ് കടന്നപ്പള്ളിയെ രണ്ടാം മന്ത്രിസഭയിലും മന്ത്രിയാക്കാൻ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചത്. അഹ്മദ് ദേവർകോവിൽ കൈക്കാര്യം ചെയ്ത തുറമുഖവകുപ്പു തന്നെയാണ് കടന്നപ്പള്ളിക്ക് ലഭിക്കാൻ സാധ്യത. ഇതോടെ സംസ്ഥാനമന്ത്രിസഭയിലെ ഏറ്റവും പ്രായം ചെന്ന മന്ത്രിയായി കൂടി കടന്നപ്പള്ളി മാറും.
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് രാമചന്ദ്രൻ കടന്നപ്പള്ളി പൊതുപ്രവർത്തനത്തിന് തുടക്കം കുറിച്ചത്. 1960ൽ കെ.എസ്.യു കണ്ണൂർ താലൂക്ക് പ്രസിഡന്റായി. 65ൽ കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടിയും 69ൽ പ്രസിഡണ്ടുമായി. കെ.എസ്.യു സംസ്ഥാന പ്രസിഡന്റായിരിക്കെ 1971-ൽ കാസർഗോഡ് ലോക്സഭാ മണ്ഡലത്തിൽ ഇ.കെ. നായനാരെ തോൽപ്പിച്ച് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടന്നപ്പള്ളി വരവറിയിച്ചു. കോൺഗ്രസ് പിളർന്നപ്പോൾ 1980ൽ എൽഡിഎഫിലെത്തി.
അന്ന് കൂടെയുണ്ടായിരുന്ന എ.കെ ആന്റണി ഉൾപ്പെടെയുള്ളവർ തിരികെ കോൺഗ്രസിലേക്ക് പോയെങ്കിലും കടന്നപ്പള്ളി എൽഡിഎഫിൽ ഉറച്ച് നിന്നു. 1980ൽ ഇരിക്കൂറിൽ നിന്ന് നിയമസഭാംഗമായി. പിന്നീട് പേരാവൂർ, എടയ്ക്കാട്, കണ്ണൂർ മണ്ഡലങ്ങളിൽ നിന്നും നിയമസഭയിലെത്തി. 29ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമെൽക്കുമ്പോൾ പിണറായി മന്ത്രിസഭയിലെ അനുഭവസമ്പത്തുള്ള മന്ത്രിമാരിലൊരാളായി കടന്നപ്പള്ളി മാറും.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്