പത്തനംതിട്ട: കൈപ്പട്ടൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ കുത്തകയ്ക്ക് ഇളക്കം തട്ടി. 30 വർഷമായി സിപിഎം ഭരിക്കുന്ന ബാങ്കിൽ ഇക്കുറി നാലു സീറ്റിൽ യുഡിഎഫ് വിജയിച്ചു. ഹൈക്കോടതി നിർദ്ദേശം അതേ പടി അംഗീകരിച്ച് റിട്ടേണിങ് ഓഫീസർ പ്രവർത്തിച്ചതാണ് യുഡിഎഫ് വിജയത്തിന് വഴിയൊരുക്കിയത്. പ്രതികാര നടപടിയെന്ന നിലയിൽ ഫലം വന്ന് മണിക്കൂറുകൾക്കകം റിട്ടേണിങ് ഓഫീസർ ആയിരുന്ന സഹകരണ വകുപ്പ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി. കോന്നി അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിൽ സീനിയർ ഇൻസ്പെക്ടർ തസ്തികയിൽ ജോലി ചെയ്യുന്ന മിനികുമാരിയെയാണ് തെരഞ്ഞെടുപ്പ് നടന്നതിന്റെ പിറ്റേന്ന് സ്ഥലം മാറ്റിയത്.

വർഷങ്ങളായി എൽഡിഎഫ് ഭരിക്കുന്ന സഹകരണ ബാങ്കിൽ നാല് യുഡിഎഫ് സ്ഥാനാർത്ഥികൾ ജയിക്കാനിടയായതാണ് റിട്ടേണിങ് ഓഫീസറുടെ മാറ്റത്തിന് ഇടയാക്കിയതെന്ന് പറയുന്നു. സിപിഎമ്മിന്റെ പ്രതികാര നടപടിയുടെ ഭാഗമായി റിട്ടേണിങ് ഓഫീസർ മിനികുമാരിയെ സ്ഥലം മാറ്റിക്കൊണ്ട് ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവ് ഇറക്കിയെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. കോന്നി അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിൽ സീനിയർ ഇൻസ്പെക്ടർ തസ്തികയിൽ ജോലി ചെയ്യുകയായിരുന്നു ഇവർ. മല്ലപ്പള്ളി ഓഡിറ്റ് വിഭാഗത്തിലേക്കാണ് മാറ്റം. വ്യാഴാഴ്ച ബാങ്കിന്റെ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടപടിയും വേഗത്തിൽ പൂർത്തിയാക്കിയ ശേഷമാണ് ഉത്തരവ് ഇറങ്ങിയത്.

മണ്ണടി സ്വദേശിനി മിനികുമാറി കോന്നിയിലേക്ക് സ്ഥലം മാറി വന്നിട്ട് മൂന്ന് മാസം ആകുന്നുള്ളു. പത്തനംതിട്ട ജില്ലയുടെ അതിർത്തിയായ മണ്ണടിയിൽ നിന്ന് കോന്നിയിൽ വരെ എത്താൻ പോലും ഇവർക്ക് മണിക്കൂറുകൾ വേണ്ടി വരും. മല്ലപ്പള്ളിയിലെ ഓഡിറ്റ് വിഭാഗം ഓഫീസിലെത്താൻ ഇതിന്റെ ഇരട്ടി സമയം വേണം. സിപിഎമ്മിന്റെ തിട്ടൂരം അനുസരിക്കാതെ കോടതി നിർദ്ദേശം പാലിച്ചതിന്റെ പേരിൽ ഉദ്യോഗസ്ഥയോട് പ്രതികാരം ചെയ്യുകയായിരുന്നുവെന്ന് ഡിസിസി ജനറൽ സെക്രട്ടറിയും കൈപ്പട്ടൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥിയുമായ സജി കൊട്ടയ്ക്കാട് പറഞ്ഞു.

കള്ളവോട്ടിന് സാധ്യതയുള്ളതിനാൽ കൈപ്പട്ടൂരിലെ തെരഞ്ഞെടുപ്പ് നടപടികൾ വീഡിയോയിൽ ചിത്രീകരിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇതിനിടെയും ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നിരവധി കള്ളവോട്ട് നടന്നതായും പറയുന്നു. തെരഞ്ഞെടുപ്പ് നടപടികളുടെ തുടക്കം മുതൽ റിട്ടേണിങ് ഓഫീസർ സമ്മർദത്തിലായിരുന്നു. ബാങ്ക് ഭരണം എൽഡിഎഫ് നിലനിർത്തിയെങ്കിലും നാല് സീറ്റ് കൈവിട്ടു പോയത് കനത്ത തിരിച്ചടിയായി. കള്ളവോട്ടും ഭരണസ്വാധീനവും കൊണ്ട് തെരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്ന് ചൂണ്ടിക്കാട്ടി യു.ഡി.എഫ് ഹൈക്കോടതിയെ സമീപിച്ച് നീതിയുക്തമായ തെരഞ്ഞെടുപ്പിനുള്ള അവസരം നേടിയിരുന്നു. എങ്കിലും അഞ്ഞൂറോളം കള്ളവോട്ടുകൾ എൽ.ഡി.എഫ് ഭരണ സ്വാധീനമുപയോഗിച്ച് ചെയ്തുവെന്ന് യു.ഡി.എഫ് ആരോപിക്കുന്നു. ജില്ലയിലെ മറ്റു ബാങ്കുകളിൽ നടന്ന തെരഞ്ഞെടുപ്പുകളിലും ഇതു പോലെ ഹൈക്കോടതി വിധി വന്നിരുന്നുവെങ്കിലും അതൊന്നും പൊലീസോ സഹകരണ ബാങ്ക് ജീവനക്കാരോ പാലിച്ചിരുന്നില്ല. ഇവിടെ സിപിഎം സമ്മർദമുണ്ടായിട്ടു കൂടി മിനികുമാരി നടത്തിയ ഇടപെടലാണ് എൽഡിഎഫിന് തിരിച്ചടിയായത്.

സമീപ സ്ഥലങ്ങളിലെ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ട് നടന്ന സാഹചര്യത്തിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥികൾ ഹൈക്കോടതിയിൽ ഹർജി നൽകിയത്. സംഘർഷം ഒഴിവാക്കാൻ കൂടുതൽ പൊലീസിനെയും നിയോഗിച്ചിരുന്നു. പട്ടിക ജാതി സംവരണ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പത്രിക നേരത്തെ തള്ളിയിരുന്നു. ബാങ്കിൽ കുടിശികയുണ്ടെന്ന കാരണം പറഞ്ഞാണ് റിട്ടേണിങ് ഓഫീസർ പത്രിക തള്ളിയത്. 25 വർഷത്തോളമായി എൽ.ഡി.എഫാണ് ബാങ്ക്ഭരിക്കുന്നത്. ഇത്തവണ കഷ്ടിച്ച് ഭരണം നിലനിർത്താൻ മാത്രമാണ് കഴിഞ്ഞത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിൽ നിന്നും ആരും വിജയിച്ചിരുന്നില്ല. പ്രസാദ് മാത്യു, പ്രഫ. പി.ജെ. പത്രോസ്, ബാബു ജോർജ്, രാജു നെടുവംപുറം, നീതു ചാർലി, ശാന്തി എസ്. നായർ, അനിൽ കുമാർ എന്നിവരാണ് എൽ.ഡി.എഫിൽ നിന്നും വിജയിച്ചത്. യു.ഡി.എഫിൽ നിന്നും സജി കോട്ടയ്ക്കാട്, പ്രഫ. ജി. ജോൺ, കേണൽ ഉണ്ണിക്കൃഷ്ണൻ നായർ, ലിസി ജോസഫ് എന്നിവരും വിജയിച്ചു.

പ്രതികാര നടപടിയുടെ ഭാഗമായി റിട്ടേണിങ് ഓഫീസർ മിനികുമാരിയെ സ്ഥലം മാറ്റിക്കൊണ്ട് തെരഞ്ഞെടുപ്പ് നടന്നതിന്റെ തൊട്ടടുത്ത ദിവസം ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവും ഇറങ്ങി. കൈപ്പട്ടൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് അനുകൂല നിലപാട് എടുത്തില്ല എന്നതിന്റെ പേരിൽ റിട്ടേണിങ് ഓഫീസറെ സ്ഥലംമാറ്റിയത് ജനാധിപത്യവിരുദ്ധമാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.

വ്യാജ കാർഡുമായി എത്തിയവർ വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി ഉത്തരവ് പ്രകാരം ബാങ്ക് തിരിച്ചറിയൽ കാർഡും തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച മറ്റേതെങ്കിലും കാർഡും കാണിച്ചാൽ മാത്രമേ വോട്ട് ചെയ്യാൻ സാധിക്കുകയുള്ളൂ എന്ന് റിട്ടേണിങ് ഓഫീസർ നിലപാട് സ്വീകരിച്ചതിനാലാണ് സിപിഎം നിർദ്ദേശപ്രകാരം സ്ഥലം മാറ്റിയതെന്നും സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.