- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഭരിക്കുന്നത് വിദ്യാഭ്യാസമില്ലാത്ത നേതാക്കളെന്ന പ്രസ്താവനക്ക് പിന്നാലെ കജോളിന് നേരെ കടുത്ത സൈബർ ആക്രമണം; വിദ്യാഭ്യാസത്തേക്കുറിച്ചും അതിന്റെ പ്രാധാന്യത്തേക്കുറിച്ചും ചൂണ്ടിക്കാണിക്കുക മാത്രമാണ് താൻ ചെയ്തതെന്ന് വിശദീകരിച്ചു നടി
മുംബൈ: ഭരിക്കുന്നത് വിദ്യാഭ്യാസം ഇല്ലാത്ത നേതാക്കളാണെന്ന പ്രസ്താവനയുടെ പശ്ചാത്തലത്തിൽ നടി കജോളിന് നേരെ കടുത്ത സൈബർ ആക്രമണം. നടിയുടെ പ്രസ്താവന വന്നതിന് പിന്നാലെ ഒരു വിഭാഗം ആളുകൾ രൂക്ഷ വിമർശനങ്ങളുമായി രംഗത്തുവരികയായിരുന്നു. സൈബർ ലോകത്ത് ആക്രമണം ശക്തമായതോടെ സംഭവത്തിൽ വിശദീകരണവുമായി കജോൾ വീണ്ടും രംഗത്തുവന്നു.
കജോൾ ഒരു നേതാവിന്റെയോ രാഷ്ട്രീയ പാർട്ടിയുടെയോ പേരെടുത്ത് പറഞ്ഞില്ലെങ്കിലും ഒരു വിഭാഗത്തെ ഇത് ചൊടിപ്പിക്കുക ആയിരുന്നു. സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽനിന്ന് രൂക്ഷമായ ആക്രമണമാണ് കജോളിനെതിനെ നടക്കുന്നത്. ഇതോടെയാണ് ട്വിറ്ററിലൂടെ നടി വിശദീകരണം നൽകിയത്.
വിദ്യാഭ്യാസത്തേക്കുറിച്ചും അതിന്റെ പ്രാധാന്യത്തേക്കുറിച്ചും ചൂണ്ടിക്കാണിക്കുക മാത്രമാണ് താൻ ചെയ്തതെന്ന് കജോൾ ഔദ്യോഗിക ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ഏതെങ്കിലും രാഷ്ട്രീയ നേതാക്കളെ നിന്ദിക്കുകയായിരുന്നില്ല ഉദ്ദേശിച്ചത്. രാജ്യത്തെ നേർവഴിക്ക് നയിക്കുന്ന വലിയ നേതാക്കൾ നമുക്കുണ്ടെന്നും കജോൾ വ്യക്തമാക്കി.
രണ്ട് ദിവസം മുൻപ് 'ഇന്ത്യയെ പോലൊരു രാജ്യത്തെ മാറ്റം വളരെ പതുക്കെയാണ് നടക്കുന്നത്. നാം നമ്മുടെ പാരമ്പര്യങ്ങളിൽ മുഴുകിയിരിക്കുകാണ്. മാറ്റത്തിൽ വിദ്യാഭ്യാസത്തിന് വലിയ പങ്കുണ്ട്. വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയ നേതാക്കളാണ് നമുക്കുള്ളത്. എനിക്ക് ഇത് പറയുന്നതിൽ ബുദ്ധിമുട്ടുണ്ട്. പക്ഷേ അത് പറയാതെ വയ്യ, അതാണ് വസ്തുത.
അത്തരത്തിലുള്ള ഒരു കാഴ്ചപ്പാടില്ലാത്ത നേതാക്കളാണ് നമ്മെ ഭരിക്കുന്നത്. വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് ലഭിക്കാനെങ്കിലും വിദ്യാഭ്യാസം ഉപകരിക്കും', എന്നാണ് ദി ക്വിന്റിന് നൽകിയ അഭിമുഖത്തിൽ കജോൾ പറഞ്ഞത്. പിന്നാലെ ഒരു വിഭാഗം നടിക്കെതിരെ രംഗത്തെത്തുക ആയിരുന്നു.
'കജോൾ സ്‌കൂൾ വിദ്യാഭ്യാഭ്യാസം പോലും പൂർത്തിയാക്കാത്ത ആളാണെന്നും അവരുടെ ഭർത്താവ് കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കാത്ത ആളാണെന്നും ബോളിവുഡ് തന്നെ വിദ്യാഭ്യാസമില്ലാത്തവരുടെ താവളം'. ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ തുടങ്ങിയവർക്കൊപ്പമുള്ള കജോളിന്റെ ഫോട്ടോകൾ ട്വീറ്റ് ചെയ്തും ആക്ഷേപം ഉന്നയിക്കുന്നുണ്ടായിരുന്നു.
ഒരുവശത്ത് കജോളിനെ എതിർക്കുമ്പോൾ, താരത്തെ പിന്തുണച്ചും നിരവധി പേർ രംഗത്തെത്തുന്നുണ്ട്. കജോൾ ഒരാളുടെയും പേരോ പാർട്ടിയുടെ പേരോ പറയാതിരുന്നിട്ടും അതെങ്ങനെ നിങ്ങളെ കുറിച്ചാണെന്ന് മനസ്സിലായെന്നാണ് ഇവർ ചോദിക്കുന്നത്.




