- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രഹ്‌മപുരത്തെ മാലിന്യത്തെക്കാൾ ഹീനമാണ് ഇടതു സാംസ്‌കാരിക ബോധം; ഇടതു സംഘടനകൾ മുന്നോട്ട് വയ്ക്കുന്ന സ്ഥാനാർത്ഥികളെ ജയിപ്പിക്കണോ എന്ന് ആലോചിക്കണം; നാടകം ക്രൈസ്തവ വിശ്വാസത്തിനെയും പുരോഹിതരെയും അപഹസിക്കുന്നത്; കക്കുകളി നിരോധിക്കണം; പ്രതിഷേധം കടുപ്പിക്കാൻ കെസിബിസി എത്തുമ്പോൾ
തൃശൂർ : കക്കുകളി നാടകത്തെയും ഇടത് സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് തൃശൂർ അതിരൂപത സർക്കുലർ. ക്രൈസ്തവ മഠത്തിലെ ക്രൂരതയും ലൈംഗിക ചൂഷണവും ഇതിവൃത്തമാക്കിയ 'കക്കുകളി' നാടകത്തെ ചൊല്ലി ഗുരുവായൂരിൽ വിവാദം ഉണ്ടായിരുന്നു. നാടകം ഗുരുവായൂർ മുൻസിപ്പാലിറ്റിയുടെ സർഗോത്സവത്തിലാണ് കളിപ്പിക്കാൻ തീരുമാനിച്ചത്. ഇതിനെതിരെ എതിർപ്പുമായി എതിർപ്പുമായി ക്രൈസ്തവ സംഘടനകൾ അടക്കം രംഗത്തുവന്നു. ക്രൈസ്തവ സഭയെയും, വൈദികരെയും കന്യാസ്ത്രീകളെയും താറടിക്കാനാണ് നാടകത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. ഇതിന് പിന്നാലെയാണ് കെസിബിസിയുടേയും നിലപാട് വിശദീകരണം.
കക്കുകളി നാടകത്തെ ഉന്നതമായ കലാ സൃഷ്ടിയെന്ന് സാംസ്‌കാരിക വകുപ്പ് തന്നെ വരുത്തി തീർക്കാൻ ശ്രമിക്കുന്നതായി ഇടവകകളിൽ വായിച്ച സർക്കുലറിൽ തൃശൂർ രൂപത കുറ്റപ്പെടുത്തി. 'ബ്രഹ്‌മപുരത്തെ മാലിന്യത്തെക്കാൾ ഹീനമാണ് ഇടതു സാംസ്‌കാരിക ബോധം. ഇടതു സംഘടനകൾ മുന്നോട്ട് വയ്ക്കുന്ന സ്ഥാനാർത്ഥികളെ ജയിപ്പിക്കണോ എന്ന് ആലോചിക്കണം. നാടകം ക്രൈസ്തവ വിശ്വാസത്തിനെയും പുരോഹിതരെയും അപഹസിക്കുന്നതാണ്. കക്കുകളി നിരോധിക്കണമെന്ന ആവശ്യവും തൃശൂർ അതിരൂപത മുന്നോട്ട് വെച്ചു.
കക്കുകളി നാടകത്തിനെതിരെ കെസിബിസിയും രം?ഗത്തെത്തിയിട്ടുണ്ട്. നാടകം സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നും ചരിത്രത്തെ അപനിർമ്മിക്കുന്ന സൃഷ്ടികളെ മഹത്വവത്കരിക്കുന്നത് അംഗീകരിക്കാനാകില്ല എന്നും വാർത്തകുറിപ്പിൽ കെസിബിസി വ്യക്തമാക്കി. എത്രയും വേഗം നാടകത്തിന്റെ പ്രദർശനം നിരോധിക്കാൻ സർക്കാർ ഇടപെടൽ വേണം. സന്യാസ സമൂഹത്തിന്റെ ആത്മാഭിമാനത്തിന് വില പറയുന്ന നാടകം സംസ്ഥാന സർക്കാരിന്റെ അന്താരാഷ്ട്ര നാടക വേദിയിൽ അവസരം നൽകിയത് അപലപനീയമാണ്. അതുപോലെ കമ്മ്യുണിസ്റ്റ് സംഘടനകൾ നാടകത്തിനു നൽകുന്ന പ്രചാരണം അപലപിക്കപ്പെടേണ്ടതാണെന്നും കെസിബിസി അഭിപ്രായപ്പെട്ടു.
ഫ്രാൻസിസ് നൊറോണയുടെ ഒരു കഥയുടെ സ്വതന്ത്രാവിഷ്‌കാരമാണ് കക്കുകളി എന്ന നാടകം. നദാലിയ എന്ന ദരിദ്ര യുവതിയെ മഠത്തിൽ ചേർക്കുന്നതും മഠത്തിലെ പീഡനവും ക്രൂരതയും ലൈംഗിക ചൂഷണവും കണ്ടു മഠം വിട്ടു പുറത്തുവരുന്നതുമാണ് ഇതിവൃത്തം. ഇതിനോടകം തന്നെ കേരളത്തിൽ അങ്ങോളമിങ്ങോളം ഈ നാടകം കളിച്ചു കഴിഞ്ഞു. തൃശ്ശൂരിൽ കേരള സംഗീതനാടക അക്കാദമിയുടെ പതിമൂന്നാമത് അന്താരാഷ്ട്ര നാടകോത്സവം ഇറ്റ്‌ഫോക്കിന്റെ വേദിയിൽ അടക്കം കളിച്ചതാണ് ഈ നാടകം.
ഗുരുവായൂർ മുനിസിപ്പാലിറ്റിയിലേക്ക് നാടകം എത്തിയതോടെയാണ് കെസിവൈഎം, പ്രദേശത്തെ പള്ളി അധികാരികളും അടക്കം എതിർപ്പുമായി രംഗത്തുവന്നത്. ഗുരുവായൂരിന്റെ സാമൂഹീക അന്തരീക്ഷത്തിന് ഉതകുന്നതല്ല ഈ നാടകത്തിന്റെ പ്രദർശനം എന്നാണ് ഗുരുവായൂർ സെന്റ് ആന്റണീസ് ചർച്ച് പിആർഒ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചത്. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ എന്തും ഈ സമൂഹത്തിൽ കാട്ടിക്കൂട്ടാം എന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഈ നാടകമെന്നും ആന്റോ ലാസർ പുത്തൂർ പറയുന്നു.
സഭാസംവിധാനങ്ങളെ അങ്ങേയറ്റം കളിയാക്കുന്ന, നുണപറഞ്ഞു പരത്തുന്ന ഈ നാടകം അങ്ങേയറ്റം പ്രതിഷേധാതാർഹമാണ്. എന്തുകൊണ്ട് ഗുരുവായൂരിൽ? ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ചാണ് നഗരസഭ ഇത്തരത്തിൽ ഒരു സർഗോത്സവം നടത്തുന്നത്? ആരാണ് കാണികൾ? ക്രൈസ്തവരാണോ? വളരെ വിരലിലെണ്ണാവുന്ന ക്രൈസ്തവർ ഒരുപക്ഷേ അവിടെ ഉണ്ടായിരിക്കാം. ബാക്കി വരുന്ന ഭൂരിപക്ഷം മതവിഭാഗത്തിനു മുന്നിൽ ക്രൈസ്തവ സഭയെയും, വൈദികരെയും കന്യാസ്ത്രീകളെയും താറടിക്കുക എന്നത് മാത്രമാണ് ലക്ഷ്യംമെന്നും ആന്റോ ലാസർ ആരോപിച്ചിരുന്നു.
ഗുരുവായൂരിലെ ക്രൈസ്തവ സമൂഹം മതസൗഹാർദ്ദത്തിന് അടക്കം പേരുകേട്ടവരാണ്. കന്യാസ്ത്രീകളുടെ മികവിനെ വാനോളം പുകഴ്‌ത്തിയവക്കു ഗുരുവായൂർ പോലുള്ള മതസൗഹാർധത്തിന് പേരുകേട്ട സ്ഥലത്തു, അതിൽ വിള്ളലുണ്ടാക്കാൻ എങ്ങനെ കഴിയുന്നുവെന്നും അദ്ദേഹം ചോദിക്കുന്നു. കാസ അടക്കമുള്ളവരും നാടകത്തിന് എതിരായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ