തിരുവനന്തപുരം: സിപിഎം നേതാക്കന്മാരുടെ ഭാര്യമാരുടെ അദ്ധ്യാപക നിയമനതിനുള്ള ഇന്റർവ്യൂകളിലെ സ്ഥിരം വിഷയവിദഗ്ധ അംഗമായിരുന്ന സംസ്‌കൃത സർവകലാശാല മലയാള വിഭാഗം മേധാവി ഡോ: വി.ലിസ്സി മാത്യുവിന് വകുപ്പ് അധ്യക്ഷ പദവി നഷ്ടമായി. എറണാകുളം ജില്ലയിലെ ഒരു മുൻ കോൺഗ്രസ് എംഎൽഎയുടെ ഭാര്യക്ക് ഗവേഷണത്തിന് പ്രവേശനം നൽകിയതാണ് വിസി യുടെ അപ്രീതിക്ക് കാരണമായത്.

മന്ത്രി എം.ബി. രാജേഷിന്റെ ഭാര്യക്ക് സംസ്‌കൃത സർവകലാശാലയിൽ നിയമനം നൽക്കുന്നതിന് റാങ്ക് പട്ടിക ശീർഷാസനം ചെയ്തതായി ഇന്റർവ്യൂ അംഗങ്ങളിൽ ചിലർ ആക്ഷേപമുന്നയിച്ചിരുന്നു. ബോർഡിലെ മൂന്ന് ഭാഷാ വിദഗ്ദ്ധർ മറ്റൊരു അപേക്ഷകയ്ക്ക് ഉയർന്ന മാർക്ക് നൽകിയെങ്കിലും രാജേഷിന്റെ ഭാര്യക്ക് ഒന്നാം റാങ്ക് ലഭിക്കാൻ സഹായകമായത് ഏറ്റവും കൂടുതൽ മാർക്ക് കൊടുത്ത ഡോക്ടർ ലിസി മാത്യുവിന്റെ നിലപാടായിരുന്നു. കണ്ണൂർ സർവ്വകലാശാലയിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യയുടെ നിയമനത്തിലും, കാലിക്കറ്റ് സർവകലാശാല അദ്ധ്യാപക നിയമനത്തിലും ലിസി മാത്യു ആയിരുന്നു ഇന്റർവ്യു ബോർഡിലെ വിഷയവിദഗ്ധ.

മലയാളം വകുപ്പിൽ ഗവേഷണത്തിന് 9 ഒഴിവുകൾ ആണ് നേരത്തെ അനുവദിച്ചിരുന്നതെങ്കിലും 18 ഒഴിവുകൾ ഉള്ളതായി കണ്ടെത്തിയതിനെ തുടർന്ന് ഗവേഷണ സമിതിയുടെ അനുവാദപ്രകാരം ലിസി മാത്യു 18 പേർക്കും പ്രവേശനം നൽകാൻ തീരുമാനിച്ചതാണ് സിപിഎം സിൻഡിക്കേറ്റ് അംഗങ്ങളെയും വൈസ് ചാൻസറേയും പ്രകോപിപ്പിച്ചത്. മുൻ കോൺഗ്രസ് എംഎൽഎയുടെ ഭാര്യയ്ക്ക് കൂടി പ്രവേശനം ലഭിക്കാനാണ് കൂടുതൽ പേരെ പ്രവേശിപ്പിച്ചതെന്നാണ് ആക്ഷേപം.

ഇത് സംബന്ധിച്ച് വിസി, ലിസ്സി മാത്യുവിനോട് വിശദീകരണം ചോദിക്കുകയും പ്രവേശന നടപടികൾ അടിയന്തരമായി നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതേസമയം മൂന്ന് ഒഴിവുകളുള്ള മാൻസ്‌ക്രിപ്‌റ്റോളജിയിൽ നാലാമതായി മറ്റൊരു വിഷയത്തിൽ പിജി ബിരുദം നേടിയ മുൻ വിദ്യാർത്ഥി സിൻഡിക്കേറ്റ് അംഗംകൂടിയായ എസ്എഫ്‌ഐ നേതാവിന് റഗുലേഷന് വിരുദ്ധമായി പ്രവേശനം നൽകിയതായും ആരോപണം ഉണ്ട്. ലിസ്സി മാത്യുവിനെ വകുപ്പ് മേധാവി സ്ഥാനത്ത് നിന്നും മാറ്റികൊണ്ട് സർവ്വകലാശാല ഇന്ന് ഉത്തരവിറക്കി.

ചട്ടപ്രകാരമുള്ള ഗവേഷണ വിദ്യാർത്ഥി പ്രവേശനങ്ങളിൽ പോലും രാഷ്ട്രീയവേർതിരിവ് കാട്ടുകയും നിയമപരമായി പ്രവർത്തിച്ച വകുപ്പ് മേധാവിയ്‌ക്കെതിരെ നടപടി കൈകൊള്ളുകയും ചെയ്യുന്ന വിസി ഡോ.എം വി നാരായണന്റെ നിലപാട് ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് തീരാകളങ്കമാണെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.