- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിശ്ചിത സമയപരിധിക്കുള്ളിൽ ഗവർണറോ രാഷ്ട്രപതിയോ ഓർഡിനൻസിൽ തീരുമാനമെടുക്കണമെന്ന് ഭരണഘടനയിൽ വ്യവസ്ഥയില്ല; രാഷ്ട്രപതിയുടെ പരിഗണനയ്ക്കയച്ചാൽ ഇതേവിഷയത്തിൽ ബിൽ നിയമസഭയിൽ കൊണ്ടുവരാൻ സർക്കാരിനാവില്ല; സർവ്വകലാശാലയിലെ ചാൻസലർ പദവിയിൽ നിന്നും ഉടനൊന്നും ഗവർണ്ണറെ മാറ്റാനാകില്ല; കലാമണ്ഡലത്തിലെ 'പുറത്താക്കൽ' പോരിന് വീര്യം കൂട്ടുമ്പോൾ
തിരുവനന്തപുരം: ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെ പരമാവധി പ്രകോപിപ്പിക്കാൻ സർക്കാർ. കലാമണ്ഡലം കൽപിത സർവകലാശാലയുടെ ചാൻസലർ പദവിയിൽനിന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പുറത്താക്കിയത് ഇതിന്റെ ഭാഗമാണ്. ഇതുസംബന്ധിച്ച് സാംസ്‌കാരികവകുപ്പ് ഉത്തരവിറക്കി. സംസ്ഥാനത്തെ 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്തു നിന്ന് ഗവർണറെ ഒഴിവാക്കാൻ ഓർഡിനൻസ് കൊണ്ടുവരാൻ മന്ത്രിസഭ ബുധനാഴ്ച തീരുമാനിച്ചതിനു പിന്നാലെയാണ് നടപടി. ചാൻസലറുടെ അസാന്നിധ്യത്തിൽ പ്രോ ചാൻസലറായ സാംസ്‌കാരിക മന്ത്രി വി.എൻ.വാസവനാണ് ചുമതല നിർവഹിക്കുക.
സംസ്ഥാനത്തെ 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്തു നിന്ന് ഗവർണറെ മാറ്റാനുള്ള ഓർഡിനൻസ് ഇന്നലെ വൈകുന്നേരം വരെ ഇത് രാജ്ഭവനിൽ എത്തിയിട്ടില്ല. നിയമവകുപ്പ് പരിശോധിച്ച് മുഖ്യമന്ത്രിയുടെ ഓഫിസ് മുഖാന്തരം വേണം രാജ്ഭവനിൽ എത്തിക്കാൻ. ഗവർണർ നാളെ ഡൽഹിക്കു പോയാൽ 20നാണ് മടങ്ങിയെത്തുക. ഈ ഓർഡിനൻസിൽ ഒപ്പിടില്ലെന്ന് ഗവർണ്ണർ വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രപതിക്ക് ഓർഡിനൻസ് അയക്കാനാണ് ഗവർണ്ണറുടെ തീരുമാനം. തന്നെ കുറിച്ചുള്ള ഫയലിൽ താൻ തീരുമാനം എടുക്കില്ലെന്നാണ് വിശദീകരണം. അതിനിടെയാണ് കലാമണ്ഡലത്തിലെ പ്രകോപകനം.
ഗവർണർക്കു പകരം കലാമണ്ഡലത്തിൽ കലാ സാംസ്‌കാരികരംഗത്തെ പ്രഗല്ഭ വ്യക്തിയെ ചാൻസലറായി സർക്കാർ നിയമിക്കും. യുജിസി ചട്ടം അനുസരിച്ച് കൽപിത സർവകലാശാലകളുടെ ചാൻസലറെ നിയമിക്കേണ്ടതു സ്‌പോൺസറിങ് ബോഡിയാണ്. കലാമണ്ഡലത്തിന്റെ കാര്യത്തിൽ ഇതു സർക്കാരാണ്. കൽപിത സർവകലാശാലയും യുജിസിയും തമ്മിലുള്ള ധാരണ പ്രകാരവും കലാമണ്ഡലത്തിന്റെ ചട്ടങ്ങൾ അനുസരിച്ചും ചാൻസലറെ നിയമിക്കാനുള്ള അധികാരം സർക്കാരിനാണ്. ചട്ടങ്ങളിലാണ് ഇത് വിശദീകരിക്കുന്നത്. അതുകൊണ്ടാണ് ചട്ടത്തിൽ മാറ്റം വരുത്തി രാഷ്ട്രപതിയെ ഒഴിവാക്കുന്നത്.
ഗവർണർ ആയിരിക്കും കലാമണ്ഡലത്തിന്റെ ചാൻസലർ എന്ന് 2015 ലെ സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഗവർണർക്കെതിരെ കലാമണ്ഡലം മുൻ വൈസ് ചാൻസലർ കേസ് കൊടുത്തപ്പോഴും ഗവർണറാണ് ചാൻസലർ എന്ന നിലപാട് വ്യക്തമാക്കി കഴിഞ്ഞ ഏപ്രിലിൽ സർക്കാർ ഉത്തരവിറക്കി. പഴയ ഉത്തരവിൽ ഭേദഗതി വരുത്തിയതോടെ ചാൻസലർ സ്ഥാനത്തു നിന്നു ഗവർണർ പുറത്തായി. കലാമണ്ഡലത്തിൽ പുതിയ വിസിയെ നിയമിക്കുന്നതിനു വഴി ഒരുക്കുന്നതിനു കൂടിയാണ് ഗവർണറെ മാറ്റിയത്. ഇപ്പോൾ സംസ്‌കൃത സർവകലാശാലാ വിസിക്കാണ് അധികച്ചുമതല. സാംസ്‌കാരിക മന്ത്രിക്കു ചാൻസലറുടെ ചുമതല കൂടി ഉള്ളതിനാൽ ഇനി പുതിയ വിസിയെ നിയമിക്കാം. ഇത് സർക്കാരിന് ഇഷ്ടമുള്ള ആളാവുകയും ചെയ്യും.
അതിനിടെ സർവകലാശാല വൈസ് ചാൻസലർമാരുടെ നിയമനം സേർച് കമ്മിറ്റി നിർദേശിക്കുന്ന പാനലിൽ നിന്നു മാത്രമേ പാടുള്ളൂവെന്നും പാനലിൽ നിന്ന് ഏറ്റവും യോഗ്യതയുള്ള ആളെയാണ് വിസിയാക്കേണ്ടതെന്നും സുപ്രീം കോടതി വിശദീകരിച്ചിട്ടുണ്ട്. അൽമോറയിലെ എസ്എസ്‌ജെ സർവകലാശാലയിൽ പ്രഫ. നരേന്ദ്ര സിങ് ഭാന്ദറിനെ വിസിയായി നിയമിച്ചതു റദ്ദാക്കിയ ഉത്തരാഖണ്ഡ് ഹൈക്കോടതി വിധി ശരിവച്ചാണ് ജഡ്ജിമാരായ എം.ആർ.ഷാ, എം.എം.സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ച് ഇക്കാര്യം ആവർത്തിച്ചത്. ഇത് ഗവർണ്ണർക്ക് കരുത്താണ്. ഈ വിധി മുൻനിർത്തി ബാക്കിയുള്ള വിസിമാരെ പുറത്താക്കാനുള്ള നടപടികൾ ഗവർണ്ണർ തുടരും.
ഗവർണ്ണർക്കെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് ഇടതു മുന്നണി തീരുമാനം. ഗവർണറെ തിരികെ വിളിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന് എൽഡിഎഫ് യോഗത്തിൽ നിർദ്ദേശം ഉയർന്നു. എന്നാൽ, ചാൻസലർ സ്ഥാനത്തു നിന്നു ഗവർണറെ നീക്കാനും അദ്ദേഹത്തെ തുറന്നുകാട്ടാനുമുള്ള നടപടികളാണ് ഇപ്പോൾ വേണ്ടതെന്ന വിലയിരുത്തലാണ് ഉണ്ടായത്. സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്നു ഗവർണറെ മാറ്റുന്ന ഓർഡിനൻസിൽ അനിശ്ചിതത്വം ഇല്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു പ്രതികരിച്ചു. ഓർഡിനൻസ് സർക്കാർ ഗവർണർക്ക് അയച്ചു കൊടുക്കും. അത് അദ്ദേഹം രാഷ്ട്രപതിക്ക് അയയ്ക്കട്ടെ. ഓർഡിനൻസ് മൂലം ഉന്നത വിദ്യാഭ്യാസ മേഖലയിൽ അനിശ്ചിതത്വം ഇല്ല. സർവകലാശാലകളുടെ ചാൻസലർമാരെ ഇനി സർക്കാർ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.
സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്നു ഗവർണറെ നീക്കി സർക്കാർ ഇറക്കുന്ന ഓർഡിനൻസിന്റെ ഭാവിയും ഗവർണർതന്നെ നിശ്ചയിക്കുമെന്നതാണ് വസ്തുത. ഓർഡിനൻസ് നടപ്പാവണമെങ്കിൽ ഗവർണർ ഒപ്പിടണം. നിയമസഭയിൽ ബില്ല് പാസാക്കിയാലും സാധുത ലഭിക്കണമെങ്കിൽ ഗവർണറുടെ അനുമതിവേണം. മുഖ്യമന്ത്രിയെ ഉൾപ്പെടെ വെല്ലുവിളിച്ചുനിൽക്കുന്ന ഗവർണർ പുതിയൊരു നിയമനിർമ്മാണത്തിനുകൂടി വഴങ്ങുമോയെന്നതാണ് സർക്കാരിനു മുന്നിലെ വെല്ലുവിളി.
കണ്ണൂർ, കാലടി വി സി. മാരെ നിയമിച്ചതിൽ വിവാദമുയർന്നപ്പോൾ 'നിങ്ങളെന്നെ ചാൻസലർ സ്ഥാനത്തുനിന്നു മാറ്റിക്കോളൂ'വെന്നും 'ഓർഡിനൻസോ നിയമമോ കൊണ്ടുവന്നാൽ ഒപ്പിട്ടുനൽകാമെ'ന്നും ഗവർണർ തുറന്നുപറഞ്ഞതിലാണ് സർക്കാരിന്റെ ഏകപ്രതീക്ഷ. രാജ്ഭവനിലെ വാർത്താസമ്മേളനത്തിലും അദ്ദേഹം ഇക്കാര്യം ആവർത്തിച്ചിരുന്നു.
ഗവർണർക്കു മുന്നിൽ ഒരു ഓർഡിനൻസ് എത്തിയാൽ പലവഴികളുണ്ട്. അതിലൊന്ന് ഉടനടി ഒപ്പിട്ട് ഓർഡിനൻസ് പ്രാബല്യത്തിൽ വരുത്താം എന്നതാണ്. ഇത് ഇപ്പോൾ നടക്കില്ല. മറ്റൊന്ന് സൂക്ഷ്മമായി പരിശോധിച്ച് പിശകുണ്ടെങ്കിലോ നിരീക്ഷണമോ അഭിപ്രായമോ ഉണ്ടെങ്കിലോ ചൂണ്ടിക്കാട്ടി ഓർഡിനൻസ് സർക്കാരിനുതന്നെ തിരിച്ചുനൽകാം എന്നതാണ്. മന്ത്രിസഭയ്ക്ക് അതുപരിശോധിച്ച് ആവശ്യമായ ഭേദഗതികൾ വരുത്തുകയോ അല്ലെങ്കിൽ ഗവർണറുടെ അഭിപ്രായംതള്ളി മുമ്പുള്ള അതേരൂപത്തിൽ വീണ്ടും അയക്കുകയോചെയ്യാം. മന്ത്രിസഭ രണ്ടാമതും അയച്ചാൽ ഗവർണർ ഒപ്പിട്ടുനൽകണമെന്നാണ് വ്യവസ്ഥ.
ഇതൊന്നുമല്ലെങ്കിൽ, ഓർഡിനൻസിലോ ബില്ലിലോ ഗൗരവപ്പെട്ട പ്രശ്‌നമുണ്ടെന്നു ഗവർണർക്കു തോന്നിയാൽ ആ അഭിപ്രായം വ്യക്തമാക്കി രാഷ്ട്രപതിക്ക് അയക്കാം. അത്തരമൊരു സാഹചര്യത്തിൽ ആഭ്യന്തരമന്ത്രാലയത്തിന്റെ റിപ്പോർട്ടുതേടിയശേഷം തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കാണ് അധികാരം. നിശ്ചിത സമയപരിധിക്കുള്ളിൽ ഗവർണറോ രാഷ്ട്രപതിയോ തീരുമാനമെടുക്കണമെന്ന് ഭരണഘടനയിൽ വ്യവസ്ഥയില്ല. ഓർഡിനൻസ് രാഷ്ട്രപതിയുടെ പരിഗണനയ്ക്കയച്ചാൽ ഇതേവിഷയത്തിൽ ബിൽ നിയമസഭയിൽ കൊണ്ടുവരാൻ സർക്കാരിനാവില്ല.
മറുനാടന് മലയാളി ബ്യൂറോ