കൊച്ചി: പൊതുസ്ഥലത്ത് മറ്റുള്ളവർക്ക് ശല്യമാകും വിധമുള്ള പ്രവൃത്തികൾ പാടില്ല എന്നാണ് നിയമം. എന്നാൽ, ഈ നിയമം തെറ്റിക്കും വിധമുള്ള പെരുമാറ്റം, ചില ന്യൂജെൻകാരിൽ നിന്ന് ഉണ്ടാകുന്നു എന്നാണ് കളമശേരി എച്ച്എംടി ഭാഗത്തെ നാട്ടുകാരുടെ പരാതി. ഇവിടെ ജോഡികളായി എത്തുന്ന യുവതീയുവാക്കളും, കൗമാരക്കാരും, തങ്ങളുടെ പ്രണയചേഷ്ടകൾ പൊതുവായി പ്രദർശിപ്പിച്ച് നാട്ടുകാർക്ക് ശല്യമുണ്ടാക്കുന്നു എന്നാണ് പരാതി. ഉച്ചയ്ക്ക് ശേഷം മൂന്നു മുതൽ ഇരുട്ടുവോളമാണ് ഇവർ പ്രണയചേഷ്ടകൾ കാട്ടുന്നത്. എന്തായാലും കളമശേരി പൊലീസ് ഈ പരിപാടിക്ക് വിലക്കേർപ്പെടുത്തി നോട്ടീസ് പതിച്ചു.

എച്ച്എംടിയിലും പരിസരങ്ങളിലും മറ്റുള്ളവർക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന ചേഷ്ടകളോ പ്രവൃത്തികളോ കാണിക്കുന്നവർക്കെതിരെ കേസെടുക്കുമെന്ന് കളമശേരി പൊലീസിന്റെ മുന്നറിയിപ്പ്. കടകളിലും സമീപപ്രദേശങ്ങളിലും മറ്റും കമിതാക്കളുടെ പരസ്യപ്രണയപ്രകടനങ്ങൾ ബുദ്ധിമുട്ടാകുന്നുവെന്നു നാട്ടുകാർ പരാതിപ്പെട്ടതിനാലാണ് മുന്നറിയിപ്പെന്ന് പൊലീസ് പതിച്ച നോട്ടീസിൽ പറയുന്നു.

വെകുന്നേരങ്ങളിൽ വയോധികർക്കു വന്നിരിക്കാൻ പോളി ടെക്‌നിക്കിനു സമീപം റസിഡൻസ് അസോസിയേഷൻ ഒരു പാർക്ക് സ്ഥാപിച്ചിരുന്നു. അവിടവും ഇത്തരക്കാർ താവളമാക്കിയതോടെ പ്രായമായവർക്കും കുട്ടികൾക്കും നടന്നു പോകാൻ പോലും പറ്റാതായി. ഇതോടെ, അസോസിയേഷൻ തന്നെ പാർക്ക് തന്നെ വേണ്ടെന്ന് വച്ചു് 30 ലധികം സിസിടിവി ക്യാമറകൾ ഇവിടെ പിന്നീട് സ്ഥാപിച്ചെങ്കിലും ഫലമുണ്ടായില്ല.

പാർക്കിൽ ഇരിക്കാൻ പറ്റാതായതോടെ, വഴിയോരവും കടകളുമൊക്കെയായി യുവതീയുലാക്കളുടെ കേളീരംഗം. പ്രണയ ചേഷ്ടങ്ങൾ കൈവിട്ടതോടെ അതുവഴി നടക്കാൻ പോലും നാട്ടുകാർക്ക് നാണമായി. എച്ച്എംടി ജംക്ഷനു പരിസരത്തുള്ള ചില സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളാണ് ഇവിടെ എത്തുന്നവരിൽ ഏറെയുമെന്നും ഇവരിൽ പലരും യൂണിഫോമിലാണ് എന്നതിനാൽ തിരിച്ചറിയാമെന്നും നാട്ടുകാർ പറയുന്നു. ശല്യമേറിയതോടെയാണ് പരാതി പോയത്.