- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹോളി അടിച്ചുപൊളിക്കാന്‍ കഞ്ചാവിന്റെ തൂക്കി വില്‍പ്പന; ഇലക്ടോണിക് ത്രാസ് അടക്കമുള്ള സെറ്റപ്പ് കണ്ട് അന്തം വിട്ട് പൊലീസ്; കളമശേരി പോളിടെക്നിക് ഹോസ്റ്റലില്‍ അറസ്റ്റിലായ ആകാശ് കഞ്ചാവ് വില്‍ക്കുന്ന ആള്; പൊലീസ് എത്തുമ്പോള്‍ കഞ്ചാവ് പായ്ക്ക് ചെയ്യുന്ന തിരക്കില്‍; പരസ്പരം പഴിച്ച് വിദ്യാര്‍ഥി സംഘടനകള്‍; ജാഗ്രതക്കുറവുണ്ടായെന്ന് സമ്മതിച്ച് എസ്എഫ്ഐ
ഹോളി അടിച്ചുപൊളിക്കാന്‍ കഞ്ചാവിന്റെ തൂക്കി വില്‍പ്പന
കൊച്ചി: കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലില്‍ കഞ്ചാവ് സൂക്ഷിച്ചത് വില്‍പ്പനയ്ക്ക്. പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേസില്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥി ആകാശ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തുന്നയാളാണ്. കേസില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കോടതിയില്‍ ഹാജരാക്കിയ ആകാശിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു.
വില്‍പ്പനയ്ക്കും സ്വന്തം ഉപയോഗത്തിനുമായിട്ടാണ് കഞ്ചാവ് സൂക്ഷിച്ചതെന്ന് ആകാശ് പൊലീസിനോട് സമ്മതിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഹോളി ആഘോഷത്തിനായിട്ടാണ് കഞ്ചാവ് എത്തിച്ചതെന്നും ആകാശ് പറഞ്ഞു. പോളിടെക്നിക് ഹോസ്റ്റലില്‍ നിന്നും രണ്ടു കിലോ കഞ്ചാവാണ് പിടികൂടിയത്. ഇതില്‍ 1.909 കിലോ കഞ്ചാവ് കൊല്ലം കുളത്തൂപ്പുഴ സ്വദേശി ആകാശിന്റെ മുറിയില്‍ നിന്നുമാണ് കണ്ടെടുത്തത്.
സംഭവത്തില്‍ രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഒരു കേസില്‍ ആകാശാണ് പ്രതി. എസ്എഫ്ഐ നേതാവും കോളജ് യൂണിയന്‍ സെക്രട്ടറിയുമായ അഭിരാജ്, ആദിത്യന്‍ എന്നിവരുടെ മുറിയില്‍ നിന്നും 9.70 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. കഞ്ചാവ് വലിക്കാനുപയോഗിക്കുന്ന കുപ്പി അടക്കമുള്ള ഉപകരണങ്ങളും, ചെറിയ പായ്ക്കറ്റുകളിലാക്കിയ കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്. കേസില്‍ അറസ്റ്റ് ചെയ്ത അഭിരാജിനെയും ആദിത്യനെയും പൊലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.
ഇന്ന് പുലര്‍ച്ചെയാണ് കളമശ്ശേരി പോളിടെക്നിക്കില്‍ നിന്ന് രണ്ടുകിലോയോളം കഞ്ചാവ് പിടികൂടിയത്. ഇന്നലെ രാത്രി ഒന്‍പത് മണിയോടെ ആരംഭിച്ച പരിശോധന ഇന്ന് പുലര്‍ച്ചെ വരെ നീളുകയായിരുന്നു. പോളിടെക്നിക് കോളേജിലെ ആണ്‍കുട്ടികളുടെ പെരിയാര്‍ ഹോസ്റ്റലിലെ എഫ് 39 മുറിയാണ് അഭിരാജും ആദിത്യനും ഉപയോഗിച്ചിരുന്നത്. ഹോസ്റ്റല്‍ മുറിയിലെ ഷെല്‍ഫില്‍ പോളിത്തീന്‍ ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്.്. ഒന്നാം നിലയില്‍ ജി-11 മുറിയില്‍നിന്ന് 1.909 കിലോഗ്രാം കഞ്ചാവും ഇലക്ട്രോണിക് ത്രാസും പിടിച്ചു. രണ്ടാം നിലയിലെ എഫ്-39 മുറിയില്‍നിന്ന് 9.70 ഗ്രാമും പിടിച്ചു. മദ്യക്കുപ്പികളും ഗര്‍ഭനിരോധന ഉറകളും ഇവിടെനിന്നു കണ്ടെടുത്തിട്ടുണ്ട്.
ക്യാമ്പസില്‍ ഹോളി ആഘോഷം നടക്കാനിരിക്കെയായിരുന്നു പരിശോധന നടന്നത്. സംഭവത്തില്‍ ആകാശിനേയും ആദിത്യനേയും അഭിരാജിനേയും അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. അതേസമയം വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സൗകര്യം ഒരുക്കും. സംഭവത്തില്‍ കോളേജ് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേക അന്വേഷണ കമ്മീഷനെ നിയോഗിച്ചു. നാലംഗ അധ്യാപകര്‍ അടങ്ങുന്നതാണ് കമ്മീഷന്‍.
പൊലീസ് എത്തിയത് കഞ്ചാവ് പായ്ക്ക് ചെയ്യുന്നതിനിടെ
കളമശേരി പോളിടെക്നിക്ക് ഹോസ്റ്റലിലെ കഞ്ചാവ് കേസില്‍ പൊലീസ് എത്തുമ്പോള്‍ പ്രതികള്‍ കഞ്ചാവ് പാക്ക് ചെയ്യുകയായിരുന്നുവെന്ന് നര്‍ക്കോട്ടിക് അസിസ്റ്റന്റ് കമ്മീഷണര്‍ അബ്ദുള്‍ സലാം. മുറിയില്‍ നിന്നാണ് പ്രതികളെ കഞ്ചാവുമായി പിടികൂടിയതെന്നും എല്ലാ വിവരങ്ങളും വീഡിയോയില്‍ റെക്കോഡ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതികള്‍ പുറത്ത് ആയിരുന്നു എന്നത് കള്ളമെന്നും അബ്ദുള്‍ സലാം വ്യക്തമാക്കി.
ചെറിയ അളവില്‍ കിട്ടുമെന്ന പ്രതീക്ഷയിലാണ് പോയതെന്നും ഇത്രയും കൂടുതല്‍ പിടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ തന്നെ പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ ഒരു മാസമായി വിദ്യാര്‍ത്ഥികളെ നിരീക്ഷിച്ചു വരികയായിരുന്നു. പൂര്‍വ വിദ്യാര്‍ത്ഥികള്‍ ക്യാംപസില്‍ എത്തുന്നുണ്ട്. അവരാണ് ഇത് കൊടുക്കുന്നത് എന്നാണ് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നത്. അവര്‍ താമസിക്കുന്ന മുറി തന്നെയാണ്. പൊലീസ് എത്തുമ്പോള്‍ പ്രതികള്‍ കഞ്ചാവ് പാക്ക് ചെയ്യുകയായിരുന്നു അദ്ദേഹം വ്യക്തമാക്കി.
ഹോളി ആഘോഷത്തിന്റെ പേരില്‍ ഹോസ്റ്റലില്‍ കഞ്ചാവ് വില്‍പനയ്ക്കെത്തിക്കുന്നുണ്ടെന്നും അതിനായി പണപ്പിരിവു നടന്നെന്നും പൊലീസിനു വിവരം കിട്ടിയിരുന്നു. കളമശേരി പോളിടെക്‌നിക് കേന്ദ്രീകരിച്ച് ലഹരി ഉപയോഗവും വില്‍പനയും നടക്കുന്നെന്ന വിവരത്തെ തുടര്‍ന്ന്, നേരത്തേ പൊലീസ് നിരീക്ഷണത്തിലായിരുന്നു ഇവിടം. പോളിടെക്‌നിക് പരിസരത്ത് വച്ച് ഇവിടുത്തെ ഒരു പൂര്‍വവിദ്യാര്‍ഥിയെ കഞ്ചാവുമായി പൊലീസ് അടുത്തിടെ പിടികൂടിയിരുന്നു. ഇയാളില്‍നിന്ന് കിട്ടിയ വിവരത്തിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് എന്നു കരുതുന്നു.
ജാഗ്രത കുറവുണ്ടായെന്ന് എസ്എഫ്‌ഐ
കളമശ്ശേരി പോളിടെക്‌നിക് കോളജിന്റെ ഹോസ്റ്റലില്‍ പ്രവര്‍ത്തകന്റെ മുറിയില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയതില്‍ ജാഗ്രതക്കുറവുണ്ടായെന്നു എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്.സഞ്ജീവ്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണം. എസ്.എഫ്.ഐക്കാരന്റെ മുറിയില്‍ നിന്ന് പിടിച്ചത് 300 ഗ്രാം കഞ്ചാവ് മാത്രമാണ്.
രണ്ട് കിലോ കഞ്ചാവ് പിടിച്ചത് കെഎസ്യു പ്രവര്‍ത്തകന്റെ മുറിയില്‍ നിന്നുമാണെന്നും അത് എന്തുകൊണ്ട് ചര്‍ച്ച ചെയ്യുന്നില്ലെന്നും പിഎസ് സഞ്ജീവ് ചോദിച്ചു. അതിനെക്കുറിച്ച് കെഎസ്യു നേതൃത്വം മറുപടി പറയണം. പ്രവര്‍ത്തകന്‍ പുറത്തിറങ്ങിയശേഷം പറഞ്ഞത് വൈരുദ്ധ്യം നിറഞ്ഞ കാര്യങ്ങളാണ്. വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും പിടിച്ചെടുത്ത ലഹരിയുടെ ഉറവിടം കണ്ടെത്തണമെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജീവ് ആവശ്യപ്പെട്ടു.
ആരോപണം കെഎസ്യു നേതാക്കള്‍ നിഷേധിച്ചു. കഞ്ചാവ് പിടിച്ചതില്‍ കെ.എസ്.യുക്കാര്‍ ഉണ്ടെങ്കില്‍ പൊലീസ് കണ്ടെത്തട്ടെയെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. ആരോപണവിധേയരായവരുടെ കെഎസ്യു ബന്ധം പരിശോധിക്കും. ലഹരിക്ക് കടിഞ്ഞാണിടാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് ആരോപിച്ചു.