- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൈചൂണ്ടി മുക്കില്‍ 'സൂക്ഷ്മദര്‍ശിനി' കാണാനായി വാടകയ്ക്ക് എടുത്തത് 14 കൊല്ലം പഴക്കമുള്ള ടവേര; മടിയില്‍ ഇരുന്നുള്ള ഓവര്‍ ലോഡ് യാത്രയും ആന്റി ലോക്ക് ബ്രേക് സംവിധാനത്തിന്റെ അഭാവവും മഴയുണ്ടാക്കിയ ജലപാളികളും ദുരന്ത കാരണം; വൈദ്യപരിശീലനം നടത്തേണ്ടിയിരുന്ന വണ്ടാനം മെഡിക്കല്‍ കോളേജില്‍ അവര്‍ അവസാനമെത്തിയത് ജീവനറ്റ ശരീരങ്ങളായി
ആലപ്പുഴ: ദേശീയപാതയില്‍ ചങ്ങനാശ്ശേരിക്ക് സമീപം കളര്‍കോട് കെ.എസ്.ആര്‍.ടി.സി ബസ്സും കാറും കൂട്ടിയിടിച്ച് അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ കാറിലെ ഓവര്‍ ലോഡും വണ്ടിയുടെ പഴക്കവും അപകടത്തിന്റെ വ്യാപ്തി കൂട്ടിയെന്ന് വിലയിരുത്തല്‍. 11 കുട്ടികള്‍ കാറിലുണ്ടായിരുന്നു. ഇവര്‍ ഒരുപക്ഷെ, മടിയിലൊക്കെയായിരിക്കും ഇരുന്നിട്ടുണ്ടാവുകയെന്നാണ് ആര്‍ടിഒയുടെ വിലയിരുത്തല്‍. അപകടത്തില്‍ പെട്ടത് 14 വര്‍ഷം പഴക്കമുള്ള വാഹനമാണ്. ആന്റിലോക്ക് ബ്രേക് സംവിധാനം ഇല്ലാത്ത വാഹനമായിരുന്നു ഇത്. ഈ കുറവും അപകടത്തിന്റെ തീവ്രത കൂട്ടി. അമിത വേഗതയില്‍ വാഹനം ഓടിക്കാന്‍ പറ്റാത്ത ഒരു സ്ഥലമാണത്. മഴ പെയ്തതുകൊണ്ട് റോഡില്‍ രൂപപ്പെട്ട ജലപാളികളും വാഹനത്തിന്റെ പഴക്കവും അപകടത്തിന് വഴിയൊരുക്കിയെന്നാണ് വിലയിരുത്തല്‍.
വാഹനത്തില്‍ എയര്‍ബാഗ് സംവിധാനം ഇല്ലായിരുന്നു. വാഹനമോടിച്ചയാള്‍ക്ക് പരിചയക്കുറവുണ്ടാവും. എങ്ങനെ കുട്ടികള്‍ക്ക് ഈ വാഹനം കിട്ടിയെന്നും ആര്‍ ടി ഒ പരിശോധിക്കും. അമിതവേഗതയുടെ സൂചനയൊന്നും കിട്ടിയിട്ടില്ല. ഇടിച്ച് തെറിച്ച് പോയിരുന്നെങ്കിലോ അല്ലെങ്കില്‍ തെന്നിമാറിപ്പോയിരുന്നെങ്കിലോ പരിക്കുകളോടെ രക്ഷപ്പെടുമായിരുന്നു. ബസിലേക്ക് നേരെ ഇടിച്ച് കയറിപ്പോയതോടെ ദുരന്ത വ്യാപ്തി കൂടി. എന്തോ കണ്ട് വാഹനം വലത്തോട്ടേക്ക് തിരിച്ചെന്നാണ് മൊഴി. ഇത് പരിശോധിക്കും. തിങ്കളാഴ്ച രാത്രി ഒന്‍പതിന് കനത്ത മഴയുള്ളപ്പോഴാണ് അപകടം നടന്നത്. മെഡിക്കല്‍ കോളേജിലെ 11 വിദ്യാര്‍ഥികളാണ് കാറിലുണ്ടായിരുന്നത്. ആലപ്പുഴയില്‍ സിനിമ കാണാന്‍ പോകുകയായിരുന്നു വിദ്യാര്‍ഥികള്‍. സൂക്ഷ്മദര്‍ശിനി സിനിമ കാണാനായിരുന്നു യാത്ര.
ആലപ്പുഴ വളഞ്ഞവഴി സ്വദേശി ഷാമില്‍ഖാന്റെ ഉടമസ്ഥതയിലുള്ള ടവേര കാര്‍ വാടകയ്ക്കെടുത്തായിരുന്നു യാത്ര. എട്ട് പേര്‍ക്ക് യാത്രചെയ്യാന്‍ കഴിയുന്ന വാഹനത്തില്‍ 11 പേരായിരുന്നു ഉണ്ടായിരുന്നത്. സിനിമ കാണാന്‍ തിരച്ച സംഘത്തില്‍ 13 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ 11 പേര്‍ കാറിലും രണ്ടുപേര്‍ ബൈക്കിലുമായിരുന്നു.
ആലപ്പുഴ കൈചൂണ്ടിമുക്കിലെ പാന്‍ സിനിമാസിലേക്കായിരുന്നു യാത്ര. കാറില്‍ ചങ്ങനാശ്ശേരി റോഡില്‍നിന്ന് ഹൈവേയില്‍ക്കയറി വലതുഭാഗത്തേക്കു തിരിയുന്നതിനിടയിലാണ് അപകടത്തില്‍പ്പെട്ടതെന്നും സൂചനയുണ്ട്. ഹൈവേയുടെ തിരക്കില്‍ നിന്നൊഴിഞ്ഞ് ഇടറോഡിലൂടെ ചങ്ങനാശ്ശേരി റോഡിലെത്തി ഹൈവേയിലേക്കു കയറുകയായിരുന്നുവെന്നാണ് സൂചന.
അതിനിടെ കാര്‍ ഓവര്‍ടേക്ക് ചെയ്തു വന്നതാണ് അപകടകാരണമെന്ന് ആലപ്പുഴ കളര്‍കോട് അപകടത്തില്‍പ്പെട്ട കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവര്‍ രാജീവ് പറയുന്നു. കെഎസ്ആര്‍ടിസി കായംകുളം ഡിപ്പോയിലെ ജീവനക്കാരനാണ് ഇദ്ദേഹം. ദേശീയപാതയില്‍ കളര്‍കോട് ചങ്ങനാശേരിമുക്ക് ജംക്ഷനിലാണ് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ''ശക്തമായ മഴയുണ്ടായിരുന്നു അപ്പോള്‍. ഓവര്‍ടേക്ക് ചെയ്ത് കാര്‍ കയറിവരികയായിരുന്നു. കാറിനു പോകാനുള്ള സ്ഥലം അവിടെയുണ്ടായിരുന്നു എന്നാണ് തോന്നുന്നത്. മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്ത് കയറിവന്ന വാഹനം പെട്ടെന്നു തന്നെ ബസിനു നേര്‍ക്ക് തിരിഞ്ഞു. പെട്ടെന്ന് സ്‌കിഡ് ആയി കാറിന്റെ ഇടതുവശം ബസിന്റെ മുന്നില്‍ ഇടിച്ചു നിന്നു. ഞാന്‍ പരമാവധി മാറ്റാന്‍ നോക്കി. സൈഡില്‍ ഒരു പോസ്റ്റ് ഉണ്ടായിരുന്നതിനാല്‍ കൂടുതല്‍ താഴേക്ക് ഇറക്കാനായില്ല. ബസിലും യാത്രക്കാരുണ്ടായിരുന്നല്ലോ. അവരുടെ കാര്യവും നോക്കണ്ടേ. നന്നായി മഴ പെയ്തിരുന്നു. അതുകൊണ്ടുതന്നെ പെട്ടെന്ന് എതിരെവന്ന വാഹനം കാണാന്‍ സാധിച്ചു കാണില്ല. ബസ് കണ്ടപ്പോള്‍ ബ്രേക്ക് ചവിട്ടിയതാകാം. ബസ് വേഗത്തിലായിരുന്നില്ല. കാര്‍ കയറി വരുന്നത് കണ്ടെങ്കിലും ഇടിക്കുമെന്ന് കരുതിയില്ല'' ഡ്രൈവര്‍ രാജീവ് പറഞ്ഞു.
കാറിലുണ്ടായിരുന്ന 5 മെഡിക്കല്‍ വിദ്യാര്‍ഥികളാണ് മരിച്ചത്. ആലപ്പുഴ ഗവ.മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളായ മലപ്പുറം കോട്ടയ്ക്കല്‍ ശ്രീവര്‍ഷത്തില്‍ ദേവനന്ദന്‍ (19) , പാലക്കാട് ശേഖരീപുരം ശ്രീവിഹാറില്‍ ശ്രീദേവ് വല്‍സന്‍ (19), കോട്ടയം ചേന്നാട് കരിങ്കുഴിക്കല്‍ ആയുഷ് ഷാജി (19), ലക്ഷദ്വീപ് ആന്ത്രോത്ത് പക്രിച്ചിയപ്പുര പി.പി.മുഹമ്മദ് ഇബ്രാഹിം (19), കണ്ണൂര്‍ വെങ്ങര പാണ്ട്യാല വീട്ടില്‍ മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍ (19) എന്നിവരാണു മരിച്ചത്. 6 പേര്‍ക്കു പരുക്കേറ്റു. 2 പേരുടെ നില ഗുരുതരമാണ്. കാറിലുണ്ടായിരുന്ന 11 പേരും ആലപ്പുഴ ഗവ.മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളാണ്. വണ്ടാനം ഗവ.മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളില്‍ ആര്‍ക്കാണ് അപകടം പറ്റിയതെന്ന് തുടക്കത്തില്‍ വ്യക്തതയുണ്ടായിരുന്നില്ല.
അപകടത്തില്‍പ്പെട്ട വാഹനത്തിന്റെ വിശദാംശങ്ങള്‍ അറിഞ്ഞതോടെയാണ് രാത്രി ഹോസ്റ്റലില്‍നിന്ന് ആലപ്പുഴ നഗരത്തിലേക്കു സിനിമ കാണാന്‍ പോയ സംഘമാണെന്ന സംശയമുണ്ടായത്. രണ്ടു മാസം മുന്‍പാണ് ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളുടെ ക്ലാസ് തുടങ്ങിയത്.