- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജബ്ബാറിന്റെ ചേട്ടന്‍ വിളിച്ച് 'കൊടുക്ക് ഇക്കാ സിനിമയ്ക്ക് പോവാനല്ലേ, രാവിലെ തന്നെ എത്തിക്കും' എന്നു പറഞ്ഞു; സിനിമയ്ക്ക് പോയി വരാമെന്ന് പറഞ്ഞ് കാര്‍ എടുത്തു കൊണ്ടു പോയി; കാര്‍ വാടകയ്ക്ക് കൊടുത്തില്ലെന്ന വാദവുമായി ഷമീല്‍; 'റെന്റ് എ കാര്‍' ലൈസന്‍സ് ഇല്ലാതെ 14 വര്‍ഷം പഴക്കമുള്ള ടവേര കൈമാറിയതില്‍ അന്വേഷണം; ആ കാര്‍ കൈമാറലില്‍ ദുരൂഹതയോ?
ആലപ്പുഴ: അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ കാര്‍ ഉടമയ്ക്കെതിരെ അന്വേഷണം. കാര്‍ വാടകയ്ക്ക് കൊടുത്തത് നിയമവിരുദ്ധമായാണെന്നാണ് വിലയിരുത്തല്‍. 'റെന്റ് എ കാര്‍' ലൈസന്‍സ് ഇല്ലാതെയാണ് ഉടമ വാഹനം വാടകയ്ക്ക് നല്‍കിയത്. വാഹനത്തിന് ടാക്സി പെര്‍മിറ്റ് ഉണ്ടായിരുന്നില്ല. സംഭവത്തില്‍ വാഹന ഉടമയോട് അടിയന്തരമായി എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒയ്ക്ക് മുന്‍പില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏഴ് പേര്‍ക്ക് സഞ്ചാരിക്കാവുന്ന വാഹനമാണ് ടവേര. എന്നാല്‍ ഇതില്‍ 11 പേരാണ് അപകടസമയത്ത് യാത്ര ചെയ്തിരുന്നത്. എന്നാല്‍ വാടകയ്ക്ക് നല്‍കിയത് അല്ലെന്ന വാദവുമായി വാഹന ഉടമയും രംഗത്തു വന്നു.
അപകടമുണ്ടായ കാര്‍ അമ്പലപ്പുഴ കക്കാഴം സ്വദേശി ഷമില്‍ ഖാന്റേതാണ്. കാര്‍ വാടകയ്ക്ക് കൊടുക്കുന്നയാളാണ് ഉടമ. വണ്ടാനം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളുമായുള്ള പരിചയത്തിന്റെ പേരിലാണ് വാഹനം വിട്ടുനല്‍കിയതെന്ന് ഷമില്‍ പറഞ്ഞു. അപകടത്തില്‍ മരിച്ച കണ്ണൂര്‍ സ്വദേശി മുഹമ്മദ് ജബ്ബാറാണ് കാറിനായി ബന്ധപ്പെട്ടത്. ജബ്ബാറും മറ്റ് രണ്ട് വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് കാര്‍ കൊണ്ടുപോയതെന്നും ഷമില്‍ ഖാന്‍ പറഞ്ഞു. 14 വര്‍ഷം പഴക്കമുള്ള ടവേര വാഹനമാണ് അപകടമുണ്ടാക്കിയത്. ഷമില്‍ ഖാനെതിരെ സൂക്ഷ്മ അന്വേഷണം നടത്താനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം.
'സിനിമയ്ക്ക് പോയിവരാമെന്ന് പറഞ്ഞാണ് കാര്‍ എടുത്തുകൊണ്ടുപോയത്. വാടകയ്ക്ക് കൊടുത്തതല്ല. സുഹൃത്തായതിന്റെ പേരില്‍ സിനിമയ്ക്ക് പോവാന്‍ കൊടുത്തുവിട്ടതാണ്. മുഹമ്മദ് ജബ്ബാറിനെയാണ് പരിചയം. ജബ്ബാറിന്റെ ചേട്ടന്‍ മിഷാല്‍ തിരുവനന്തപുരത്ത് എന്‍ജിനിയറിംഗ് പഠിച്ചുകൊണ്ടിരിക്കുകയാണ്. പുള്ളിയുമായി പരിചയമുണ്ട്. പാവം വിളിച്ചു. 'കൊടുക്ക് ഇക്കാ സിനിമയ്ക്ക് പോവാനല്ലേ, രാവിലെ തന്നെ എത്തിക്കും ' എന്ന് പറഞ്ഞു. അങ്ങനെ കൊടുത്തുവിട്ടതാണെന്നാണ് ഉടമയുടെ വാദം. വാടകയ്ക്ക് കൊടുത്തുവെന്ന തരത്തില്‍ വാര്‍ത്ത വന്നിരുന്നു. ഇത് പരിശോധിക്കാനും ബന്ധപ്പെട്ടവര്‍ തീരുമാനിച്ചു. ഇതോടെയാണ് വാടകയ്ക്ക് കൊടുത്തതല്ലെന്ന വാദം ചര്‍ച്ചയാക്കുന്നത്.
ഏഴര കഴിഞ്ഞാണ് കൊണ്ടുപോയത്. രാത്രി 10 മണിക്കാണ് അപകടവിവരം അറിഞ്ഞത്. ഒന്ന് സഹായിച്ചതാണ്. അതിങ്ങനെ ആവുമെന്ന് ആരും കരുതിയില്ല. ഇത് അറിഞ്ഞപ്പോള്‍ മുതല്‍ ഉറങ്ങിയിട്ടില്ല. എങ്ങനെ ഉറങ്ങാന്‍ പറ്റും. പിള്ളേരായിട്ട് ചോദിച്ചപ്പോള്‍ എങ്ങനെ കൊടുക്കാതിരിക്കും എന്ന് ഓര്‍ത്തുകൊടുത്തുപോയതാണ്. ചുരുങ്ങിയ ദിവസമാണെങ്കിലും നല്ല ബന്ധമുണ്ടായിരുന്നു. അതാണ് കൊടുത്തുവിട്ടത്. അവന്റെ മുഖം ഇപ്പോഴും മനസില്‍ മറയാതെ നില്‍കുകയാണ്',- ഷമില്‍ പറഞ്ഞു
അപകടമുണ്ടാക്കിയ ഡ്രൈവര്‍ക്ക് പരിചയക്കുറവ് ഉണ്ടെന്നും ലൈസന്‍സ് എടുത്തിട്ട് അഞ്ച് മാസം മാത്രമാണ് ആയതെന്നും ആര്‍ടിഒ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സിനിമയ്ക്ക് പോകാനായി നേരത്തെ സംഘം ഹോസ്റ്റലില്‍ നിന്നും ഇറങ്ങിയിരുന്നു. ഇതിനിടെയായിരുന്നു ഗുരുവായൂര്‍ നിന്നും കായംകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റുമായി കാര്‍ കൂട്ടിയിടിക്കുന്നത്. അഞ്ച് പേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഓവര്‍ടേക്ക് ചെയ്യുന്നത് കണ്ടിരുന്നു. സ്പീഡ് കുറച്ചിട്ടും കാര്‍ ബസിലേക്ക് വന്ന് ഇടിക്കുകയായിരുന്നുവെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
ഇന്നലെ രാത്രി 9.30 ഓടെ കളര്‍കോട് ചങ്ങനാശേരി മുക്കിലായിരുന്നു അപകടം ഉണ്ടായത്. ഗുരുവായൂരില്‍ നിന്ന് കായംകുളത്തേക്ക് വരികയായിരുന്ന ഫാസ്റ്റ് പാസഞ്ചറും വണ്ടാനം ഭാഗത്തുനിന്നു ആലപ്പുഴ ഭാഗത്തേക്ക് വരികയായിരുന്ന ടവേര കാറുമാണ് കൂട്ടിയിടിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥികളായ കണ്ണൂര്‍ സ്വദേശി മുഹമ്മദ് ജബ്ബാര്‍, കോട്ടയം സ്വദേശി ആയുഷ് ഷാജി, മലപ്പുറം സ്വദേശി ദേവാനന്ദ്, പാലക്കാട് സ്വദേശി ശ്രീദേവ് വത്സന്‍, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം എന്നിവരാണ് മരിച്ചത്.