- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലച്ചോറിലും ശ്വാസകോശത്തിലും വൃക്കയിലും തുടയെല്ലിലും മുട്ടെല്ലിലും പരിക്ക്; കൃഷ്ണദേവ് അതീവ ഗുരുതരാവസ്ഥയില്‍; ആനന്ദ് മനു വെന്റിലേറ്ററിലെങ്കിലും നില മെച്ചപ്പെട്ടു; പരിക്കേറ്റ ബാക്കി രണ്ടു പേര് അപകട നില തരണം ചെയ്തു; ഷൈനിന് പരിക്കില്ല; പ്രാര്‍ത്ഥനകള്‍ തുടരുന്നു
ആലപ്പുഴ: കളര്‍കോട്ട് വാഹനാപകടത്തില്‍ മരിച്ച മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കൊപ്പമുണ്ടായിരുന്ന ആറു സഹപാഠികളില്‍ അഞ്ചുപേര്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍. എടത്വാ സ്വദേശി ആല്‍വിന്‍ ജോര്‍ജ്, ചേര്‍ത്തല സ്വദേശി കൃഷ്ണദേവ്, കൊല്ലം പോരുവഴി ആനന്ദ് മനു എന്നിവരുടെ നില ഗുരുതരമാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികില്‍സ. ആല്‍വിന്റെ നില അതീവ ഗുരുതരമാണ്. എറണാകുളം സ്വദേശി ഗൗരീശങ്കര്‍, കൊല്ലം ചവറ പന്മന സ്വദേശി മുഹസ്സിന്‍ മുഹമ്മദ് എന്നിവര്‍ക്കും സാരമായ പരിക്കുണ്ട്. പുതുക്കുറിച്ചി സ്വദേശി ഷൈന്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു.
കൃഷ്ണദേവിന് തലച്ചോറില്‍ ശസ്ത്രക്രിയ നടത്തി. ആല്‍വിന് തലച്ചോറ്, ശ്വാസകോശം, വൃക്ക, ഇടതുതുടയെല്ല്, മുട്ടെല്ല് തുടങ്ങിയ അവയവങ്ങളില്‍ ക്ഷതമേറ്റു. അതിനാല്‍ പോളിട്രോമാ കാറ്റഗറിയില്‍ ചികിത്സയിലാണ്. ആനന്ദ് മനുവിന് തുടയെല്ലിനു പൊട്ടലും തലച്ചോറിനും തലയോട്ടിക്കും ക്ഷതവുമുണ്ട്. ചികിത്സയില്‍ നേരിയ പുരോഗതിയുണ്ട്. വൈകാതെ വെന്റിലേറ്ററില്‍നിന്ന് മാറ്റു. ഗൗരീശങ്കറിന് ഇടതു തുടയെല്ലിനു പൊട്ടലുണ്ട്. മുഹസ്സിന് ഇടതു നെഞ്ചിലും തോളെല്ലിനും ക്ഷതമുണ്ട്. അപകടത്തില്‍പ്പെട്ട ബസ്സില്‍ യാത്ര ചെയ്ത ഷീബ(40)യ്ക്ക് തലയോട്ടിയില്‍ പൊട്ടലുണ്ട്. ചികിത്സയുടെ സ്ഥിതി വിലയിരുത്താന്‍ ദിവസവും മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരും. ക്രിട്ടിക്കല്‍ കെയര്‍ ടീമിന്റെ സേവനവും ഉറപ്പാക്കും.
തിങ്കളാഴ്ച രാത്രി ഒന്‍പതു മണിയോടെ ആലപ്പുഴ കളര്‍കോട് ചങ്ങനാശ്ശേരി ജങ്ഷനു സമീപമാണ് കെ.എസ്.ആര്‍.ടി.സി. ബസ്സും കാറും കൂട്ടിയിടിച്ച് അഞ്ചു മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചത്. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെ ഒന്നാംവര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ഥികളാണ് കാറിലുണ്ടായിരുന്നത്. തിങ്കളാഴ്ച പരീക്ഷകഴിഞ്ഞ് രാത്രി 9.45 -നുള്ള സിനിമയ്ക്കു പുറപ്പെട്ടതായിരുന്നു സംഘം. പരീക്ഷയിലെ സമ്മര്‍ദ്ദം മറികടക്കാനായിരുന്നു യാത്ര. പതിനൊന്ന് പേരാണ് കാറിലുണ്ടായിരുന്നത്. ടവേരയില്‍ ഏഴു പേര്‍ക്കാണ് സാധാരണ സഞ്ചരിക്കാന്‍ കഴിയുക.
പാലക്കാട് ശഖരീപുരം കാവുസ്ട്രീറ്റ് ശ്രീവിഹാറില്‍ ശ്രീദീപ് വത്സന്‍ (19), മലപ്പുറം കോട്ടയ്ക്കക്കല്‍ ചീനംപുത്തൂര്‍ ശ്രീവൈഷ്ണവത്തില്‍ ബി. ദേവനന്ദന്‍ (19), കണ്ണൂര്‍ വേങ്ങര മാടായി മുട്ടം പാണ്ട്യാല വീട്ടില്‍ മുഹമ്മദ് അബ്ദുള്‍ ജബ്ബാര്‍ (19), ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപ് പാക്രിച്ചിയപുര വീട്ടില്‍ മുഹമ്മദ് ഇബ്രാഹിം (19), ആലപ്പുഴ കാവാലം നെല്ലൂര്‍ ആയുഷ് ഷാജി (19) എന്നിവരാണു മരിച്ചത്. ചൊവ്വാഴ്ച രാവിലെ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം 11.45 -ഓടെ മെഡിക്കല്‍ കോളേജ് സെന്‍ട്രല്‍ ലൈബ്രറിക്കുമുന്നിലെ നടുത്തളത്തില്‍ മൃതദേഹങ്ങള്‍ 45 മിനിറ്റോളം പൊതുദര്‍ശനത്തിനുവെച്ചു.
ശക്തമായ മഴ, കാറില്‍ കയറാവുന്നതിലും അധികം യാത്രക്കാര്‍, വാഹനത്തിന്റെ കാലപ്പഴക്കം തുടങ്ങിയവയാണ് ആലപ്പുഴയില്‍ അഞ്ചു മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ച അപകടത്തിനു കാരണമെന്ന് ആലപ്പുഴ ആര്‍ടിഒ എ.കെ.ദിലു. കാറിന്റെ പഴക്കമാണ് പ്രധാന കാരണം. 11 വര്‍ഷം പഴക്കമുണ്ട് കാറിന്. ഏഴു പേര്‍ക്കു കയറാവുന്ന വണ്ടിയിലുണ്ടായിരുന്നത് 11 പേരാണ്. കളര്‍കോട്ട് ഇന്നലെ രാത്രി കെഎസ്ആര്‍ടിസി ബസില്‍ കാറിടിച്ചായിരുന്നു അപകടം.
തിങ്കള്‍ രാത്രിതന്നെ പൊലീസ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി. രാവിലെ 8.30ന് പോസ്റ്റുമോര്‍ട്ടം നടപടി ആരംഭിച്ചു. പകല്‍ 11.35 ന് ബന്ധുക്കളും സഹപാഠികളും ഏറ്റുവാങ്ങിയ മൃതദേഹങ്ങള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പൊതുദര്‍ശനത്തിന് വച്ചു. പകല്‍ 1.15 ന് മൃതദേഹങ്ങള്‍ അവരവരുടെ നാടുകളിലേക്ക് കൊണ്ടുപോയി ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിമിന്റെ മൃതദേഹം പകല്‍ 3.30ന് എറണാകുളം മാര്‍ക്കറ്റ് റോഡ് സെന്‍ട്രല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
ശ്രീദീപ് വത്സന്റെ മൃതദേഹം വൈകിട്ട് പാലക്കാട് ശേഖരീപുരം കാവ് സ്ട്രീറ്റ് ശ്രീവിഹാറില്‍ എത്തിച്ചു. പൊതുദര്‍ശനശേഷം ചന്ദ്രനഗര്‍ വൈദ്യുതശ്മശാനത്തില്‍ സംസ്‌കരിച്ചു. മുഹമ്മദ് അബ്ദുള്‍ ജബ്ബാറിന്റെ മൃതദേഹം രാത്രി എട്ടിന് കണ്ണുരിലെ വീട്ടിലെത്തിച്ചു. പൊതുദര്‍ശനശേഷം മാട്ടൂല്‍ നോര്‍ത്ത് വേദാമ്പ്രം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
ആലപ്പുഴ കാവാലം നെല്ലൂര്‍ വീട്ടില്‍ ആയുഷ് ഷാജിയുടെ സംസ്‌കാരം ബുധന്‍ പകല്‍ 10ന് വീട്ടുവളപ്പില്‍ നടക്കും. ആയുഷിന്റെ മാതാപിതാക്കള്‍ ഇന്‍ഡോറില്‍നിന്ന് കാവാലത്തെ വീട്ടിലെത്തി. മലപ്പുറം കോട്ടയ്ക്കല്‍ ചീനംപുത്തൂര്‍ വൈഷ്ണവത്തില്‍ ബിനുരാജ്--രഞ്ജിമോള്‍ ദമ്പതികളുടെ മകന്‍ ബി ദേവനന്ദന്റെ മൃതദേഹം കോട്ടയം മറ്റക്കര കരിമ്പാനിയിലെ അച്ഛന്റെ കുടുംബവീടായ പൂവക്കുളത്ത് (അശ്വതി വിലാസം) വീട്ടില്‍ എത്തിച്ചു. സംസ്‌കാരം ബുധന്‍ പകല്‍ രണ്ടിന് വീട്ടുവളപ്പില്‍.