ആലപ്പുഴ: കളര്‍കോട് 5 മെഡിക്കല്‍ വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ കേസില്‍ നിന്നും കെ എസ് ആര്‍ ടി സി ഡ്രൈവറെ ഒഴിവാക്കി. കെ എസ് ആര്‍ ടി സി ഡ്രൈവറെ പ്രതിയാക്കിയത് വ്യാപക പ്രതിഷേധമുണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസ് തിരുത്തല്‍, കാറോടിച്ച വിദ്യാര്‍ഥി ഗൗരീശങ്കറിനെ പ്രതിയാക്കുകയും ചെയ്തു പൊലീസ്. അഞ്ചു മെഡിക്കല്‍ വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായതു തൊട്ടുമുന്‍പിലെ വാഹനത്തെ മറികടക്കുന്നതിനിടെയാണെന്നു കാര്‍ ഓടിച്ച വിദ്യാര്‍ഥിയുടെ മൊഴിയും പോലീസിന് കിട്ടിയിരുന്നു. മുന്‍പിലുണ്ടായിരുന്ന കാറിനെ വലതുവശം വഴി മറികടക്കുമ്പോള്‍ ഉദ്ദേശിച്ച വേഗം കിട്ടിയില്ല. ഈ സാഹചര്യമെല്ലാം വിശകലനം ചെയ്താണ് കെ എസ് ആര്‍ ടി സി ഡ്രൈവറെ പ്രതിസ്ഥാനത്ത് നിന്നും മാറ്റുന്നത്.

ഈ സാഹചര്യത്തില്‍ അപകടവുമായി ബന്ധപ്പെട്ടു റജിസ്റ്റര്‍ ചെയ്ത കേസില്‍ ഗൗരിശങ്കറിനെ പ്രതിയാക്കി ആലപ്പുഴ സൗത്ത് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ പ്രതിയാക്കി ആദ്യം റജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കിയാണു പുതിയ റിപ്പോര്‍ട്ട്. അപകടത്തിനു തൊട്ടുമുന്‍പ് കെഎസ്ആര്‍ടിസിയെ മറികടന്നെത്തിയ കാറിന്റെ തീവ്രവെളിച്ചത്തില്‍ ഗൗരീശങ്കറിന്റെ കാഴ്ച മറഞ്ഞിരിക്കാമെന്നാണു പോലീസ് നിഗമനം. മുന്‍പിലുണ്ടായിരുന്ന കാറിനെ വലതുവശം വഴി മറികടക്കുമ്പോള്‍ ഉദ്ദേശിച്ച വേഗം കിട്ടിയില്ല. എതിര്‍വശത്തുനിന്നു കെഎസ്ആര്‍ടിസി ബസ് വരുന്നതു കണ്ടു പെട്ടെന്നു ബ്രേക്ക് ചവിട്ടി. വാഹനം നിയന്ത്രണംവിട്ടു വലതുവശത്തേക്കു തെന്നിമാറിയാണു ബസില്‍ ഇടിച്ചു കയറിയെന്നാണ് മൊഴി.

അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ദാരുണാന്ത്യമുണ്ടായ ദേശീയപാതയിലെ കളര്‍കോട് ജംഗ്ഷന്‍ നാടിനെ നടുക്കുന്ന ബ്‌ളാക്ക് സ്പോട്ടാണ്. ദേശീയപാതയില്‍ ബൈപ്പാസ് ആരംഭിക്കുന്ന കളര്‍കോട് ജംഗ്ഷനില്‍ നിന്ന് അരക്കിലോമീറ്റര്‍ അകലെ തിരക്കേറിയ റോഡുകളിലൊന്നായ ചങ്ങനാശേരി റോഡിന്റെ തുടക്കമായ ചങ്ങനാശേരി ജംഗ്ഷനിലായിരുന്നു അപകടം. പുതിയ അപകടമുണ്ടായി ദിവസങ്ങളായിട്ടും ദേശീയപാത വിഭാഗം സ്ഥലം പരിശോധിക്കാനോ റോഡ് സുരക്ഷിതമാക്കാനോ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

സംഭവത്തില്‍ അപകടത്തില്‍പ്പെട്ട വാടക വാഹന ഉടമ ഷാമില്‍ ഖാന്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്മെന്റ് ആര്‍ടിഒയ്ക്ക് മൊഴിനല്‍കിയിരുന്നു. നോട്ടീസ് അയച്ചതിനെ തുടര്‍ന്ന് വാഹനത്തിന്റെ രേഖകളുമായി ഷാമില്‍ ഖാന്‍ ബുധനാഴ്ച ഹാജരായി. അപകടത്തില്‍ മരിച്ച കണ്ണൂര്‍ സ്വദേശി മുഹമ്മദ് അബ്ദുല്‍ ജബ്ബാറുമായുള്ള പരിചയത്തിന്റെ പേരിലാണ് വാഹനം സൗജന്യമായി വിട്ടുനല്‍കിയത് എന്ന മൊഴിയില്‍ ഉറച്ചു നില്‍ക്കുകയാണ് ഷാമില്‍ ഖാന്‍. ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ഉടന്‍ കോടതിക്ക് റിപ്പോര്‍ട്ട് കൈമാറും. ഷാമില്‍ ഖാന്‍ നിയമവിരുദ്ധമായി വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്നതായി മോട്ടോര്‍ വാഹന വകുപ്പിന് സൂചന ലഭിച്ചിട്ടുണ്ട്.

ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ മുന്‍പാകെ മോട്ടോര്‍ വാഹന വകുപ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അപകടത്തിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് വാഹനത്തിന്റെ കാലപ്പഴക്കമാണ്. അതേസമയം വാഹനമോടിച്ച മെഡിക്കല്‍ വിദ്യാര്‍ഥി ഗൗരി ശങ്കറിന്റെ ലൈസന്‍സ് റദ്ദാക്കും. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥികളുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. നാല് പേരുടെ നില മെച്ചപ്പെട്ടതായി പ്രത്യേകം രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ആനന്ദ് മനു, ഗൗരി ശങ്കര്‍, മുഹ്സിന്‍, കൃഷ്ണദേവ് എന്നിവരുടെ നിലയാണ് മെച്ചപ്പെട്ടത്. രണ്ട് പേരെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. ഇവര്‍ മരുന്നുകളോട് മെച്ചപ്പെട്ട രീതിയില്‍ പ്രതികരിക്കുന്നുണ്ട്.

ഗുരുതരാവസ്ഥയില്‍ കഴിയുന്ന ആല്‍വിന്‍ ജോര്‍ജിനെ കൊച്ചി അമൃത ആശുപത്രിയിലേക്ക് മാറ്റി. കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് മാറ്റിയത്. അഞ്ച് പേര്‍ മരിക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത വാഹനാപകടത്തില്‍ ഗുരുതര പരിക്കുകള്‍ കൂടാതെ രക്ഷപ്പെട്ടത് ഷെയ്ന്‍ എന്ന വിദ്യാര്‍ത്ഥി മാത്രമാണ്. വാഹനമോടിച്ചിരുന്ന ഗൗരീശങ്കറും കൊല്ലം ചവറ വെളുത്തേടത്ത് മക്കത്തില്‍ മുഹ്‌സിനും ചികിത്സയില്‍ തുടരുന്നു. പരുക്കേറ്റില്ലെങ്കിലും കടുത്ത മാനസികാഘാതം നേരിട്ട തിരുവനന്തപുരം മരിയനാട് സ്വദേശി ഷെയ്ന്‍ ഡെന്‍സ്റ്റണ്‍ ഇന്നലെ മാതാപിതാക്കള്‍ക്കൊപ്പം വീട്ടിലേക്കു മടങ്ങി.