കണ്ണൂർ: വടക്കൻ കേരളത്തിലെ തെയ്യാട്ടങ്ങൾക്ക് സമാപനം കുറിച്ചു കൊണ്ടു വളപട്ടണം കളരിവാതുക്കൽ ഭഗവതി ക്ഷേത്രത്തിലെ കളിയാട്ടം നടന്നു. കാർമേഘങ്ങൾ ആകാശത്ത് ഘനീഭവിച്ചു നിന്നുവെങ്കിലുംമഴമാറി നിന്ന അന്തരീക്ഷത്തിലാണ് ആയിരക്കണക്കിന് ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ കളരിവാതുക്കൽ ഭഗവതിയുടെ കൂറ്റൻ തിരുമുടി ഉയർന്നത്.

പുഴാതി. അഴീക്കോട്, കുന്നാവ് പള്ളിക്കുന്ന് എന്നിവടങ്ങളിലെ ആശാരിമാരാണ് അംബര ചുംബിയായ തിരുമുടി ഒരുക്കിയത്. 21 കോൽ നീളവും 5.75 കോൽ വീതിയുമുള്ള ഏഴ് കവുങ്, 16 വലിയ മുളകൾ എന്നിവ കൊണ്ടു തീർത്ത തിരുമുടി ഒരുക്കിയത്. ജൂൺ രണ്ടിന് വൈകുന്നേരം 4.30 നാണ് തിരുമുടി ഉയർന്നത്. മുഖ്യ കോലക്കാരൻ ബാബു മുത്താനിശേരി പെരുവണ്ണനാണ് തിരുമുടിയേറ്റത്. ബാബുവിന്റെ നേതൃത്വത്തിൽ നാലുപുരയ്ക്കൽ ആശാരിമാർ ഒരാഴ്‌ച്ച കൊണ്ടു തീർത്ത തിരുമുടി ഒരു ദിവസം മുൻപെ ക്ഷേത്രമുറ്റത്ത് എത്തിച്ചിരുന്നു.

ഇതിനു ശേഷം കളിയാട് ദിവസം രാവിലെ കലശം നിറയ്ക്കൽ ചടങ്ങ് നടന്നു. പകൽ മൂന്നുമണി മുതൽ ശ്രീഭാരത് കളരി സംഘത്തിന്റെ കളരിപയറ്റും നടന്നു. കളരിയാൽ ഭഗവതിയുടെ കൂറ്റൻ തിരുമുടിക്കൊപ്പം തിരുവർക്കാട്ട് ഭഗവതി, സോമേശ്വരി , പാടിക്കുറ്റി ചുഴലി ഭഗവതി പോർക്കലി എന്നീ ഉപദേവതകളും തിരുമുറ്റത്ത് എത്തിയിരുന്നു. 21 കോൽ നീളവും 5.75 കോൽ വീതിയുമുള്ള തിരുമുടി പച്ചമുളകൾ കൊണ്ടു കത്രിക പൂട്ടിട്ടാണ് ഉയർത്തിയത്.

വ്രതക്കാരും അവകാശ പാരമ്പര്യമുള്ളവരും ചേർന്ന് ഓം കാര മന്ത്രധ്വനികൾ ഉരുവിട്ട് മുഖ്യ കോലക്കാരനായ മൂത്താനിശേരി ബാബു പെരുവണ്ണാന്റെ ശിരസിലേറ്റി തന്ത്രി നൽകിയ ഉടവാൾ കൈയിലെടുത്ത് മൂന്ന് തവണ പ്രദിക്ഷണം വെച്ചു നാലരയോടെ ഭക്തജനങ്ങൾക്ക് അനുഗ്രഹം ചൊരിഞ്ഞ ഭഗവതിയുടെ തിരുമുടി ആറുമണിയോടെ താഴേക്ക് ഇറക്കി.

തുടർന്ന് കലശ തട്ടിൽ നിന്നും പൂക്കൾ വാരിവിതറിയതോടെ ഇത്തവണത്തെ തെയ്യം കാലത്തിന് സമാപനമായി. ഇതോടെ ചിലമ്പൊലിനാദമുയർന്ന തെയ്യ കാവുകൾ നിശബ്ദമാവും. കോലക്കാർ തുലാം മാസം വരെ ഇനി അണിയലങ്ങൾ നിർമ്മിക്കുകയാണ് ചെയ്യുക. ഇനിയൊരു കളിയാട്ടക്കാലം വരുന്നത് വരെ.