ചെന്നൈ: വടക്കൻ തമിഴ്‌നാട്ടിലെ കള്ളാക്കുറിച്ചിയിലുണ്ടായ വ്യാജമദ്യദുരന്തത്തിൽ ജുഡീഷൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. ഹൈക്കോടതിയിൽനിന്ന് വിരമിച്ച ജസ്റ്റീസ് പി. ഗോകുൽ ദാസ് അടങ്ങുന്ന കമ്മീഷൻ സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു.

മൂന്ന് മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് നിരദേശം നൽകിയിരിക്കുന്നതെന്നും ഉന്നതലയോഗത്തിന് ശേഷം സ്റ്റാലിൻ അറിയിച്ചു. മരിച്ചവരിൽ അഞ്ച് സ്ത്രീകളുമുണ്ട്. മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ സഹായം അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 37 ആയി ഉയർന്നു. 60 ഓളം പേർ ഇപ്പോഴും ആശുപത്രിയിൽ തുടരുന്നുണ്ട്. ഇതിൽ 15 പേരുടെ നില ഗുരുതരമാണ്. സംഭവത്തിൽ സിബി-സിഐഡി അന്വേഷണം തുടങ്ങിയിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. രണ്ട് സ്ത്രീകൾ അടക്കം 10 പേരെ കസ്റ്റഡിയിലെടുത്തു. പ്രദേശത്തുനിന്ന് 900 ലീറ്റർ വ്യാജമദ്യം പിടിച്ചെടുത്തു.

സംഭവത്തിൽ തമിഴ്‌നാട് സർക്കാർ കർശനനടപടി ആരംഭിച്ചു. ജില്ലാ കളക്ടർ ശ്രാവൺ കുമാർ ജടാവത്തിനെ സ്ഥലം മാറ്റി. എസ്‌പി. സമയ് സിങ് മീണയെ സസ്‌പെൻഡ് ചെയ്തു. എം.എസ്. പ്രശാന്ത് ആണ് പുതിയ ജില്ലാ കളക്ടർ. രജത് ചതുർവേദിക്കാണ് പൊലീസ് സൂപ്രണ്ടിന്റെ ചുമതല. ഡി.എസ്‌പിമാരായ തമിഴ്‌ശെൽവനേയും മനോജിനേയും സസ്‌പെൻഡ് ചെയ്തു. ഇവരെക്കൂടാതെ ഏഴ് പൊലീസ് ഉദ്യോഗസ്ഥരേയും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

വിഷമദ്യം വിറ്റ കണ്ണുക്കുട്ടു എന്നറിയപ്പെടുന്ന ഗോവിന്ദരാജിനെ തമിഴ്‌നാട് പൊലീസ് അറസ്റ്റുചെയ്തു. ഇയാൾ വിറ്റ മദ്യത്തിൽ മെഥനോളിന്റെ അംശമുണ്ടായിരുന്നതായി ഫൊറൻസിക് പരിശോധനയിൽ വ്യക്തമായതായി അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇതോടെ വ്യാജ മദ്യദുരന്തമാണെന്നതിന് സ്ഥിരീകരണം വന്നു. പിന്നാലെ അന്വേഷണം സി.ബി- സിഐ.ഡിക്ക് കൈമാറി.

നിയമലംഘനങ്ങളെ ഉരുക്കുമുഷ്ടിയോടെ നേരിടുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു. കള്ളക്കുറിച്ചിയിൽ ചികിത്സയിലുള്ളവർക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിന് മന്ത്രിമാരായ ഇ.വി. വേലുവിനോടും മാ. സുബ്രഹ്‌മണ്യനോടും സ്ഥലത്തേക്ക് തിരിക്കാൻ സ്റ്റാലിൻ നിർദ്ദേശിച്ചു. സർക്കാർ കള്ളക്കുറിച്ചിയിലേക്ക് നാലംഗ മെഡിക്കൽ സംഘത്തെ അയച്ചു. സേലത്തുനിന്നും തിരുവണ്ണാമലൈയിൽനിന്നും കള്ളക്കുറിച്ചിയിലേക്ക് ഡോക്ടർമാരെത്തിയിട്ടുണ്ട്. 12 ആംബുലൻസുകളും തയ്യാറാക്കി നിർത്തിയിട്ടുണ്ട്.

പാക്കറ്റ് മദ്യം കഴിച്ചതിനെത്തുടർന്ന് അസ്വസ്ഥതകളുണ്ടായ 50-ഓളം പേർ കള്ളക്കുറിച്ചി സർക്കാർ ആശുപത്രിയിൽ ചികിത്സതേടിയെന്നാണ് സർക്കാർ ഭാഷ്യം. 18 പേരെ പുതുച്ചേരി ജിപ്‌മെറിലേക്ക് മാറ്റി. ആറുപേർ സേലം സർക്കാർ ആശുപത്രിയിലും ചികിത്സയിലാണ്. ചൊവ്വാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ചിലർക്ക് തലകറക്കം, തലവേദന, ഛർദി, വയറുവേദന തുടങ്ങിയ പ്രശ്നങ്ങൾ അനുഭവപ്പെടുകയും 4 പേർ മരിക്കുകയും ചെയ്തതോടെയാണ് ദുരന്ത സൂചനകൾ ലഭിച്ചത്. പിന്നാലെ, പുതുച്ചേരി ജിപ്മെറിലും കള്ളക്കുറിച്ചി, സേലം, വില്ലുപുരം മെഡിക്കൽ കോളജുകളിലുമായി സമാന അസ്വാസ്ഥ്യങ്ങളോടെ ഒട്ടേറെപ്പേരെ പ്രവേശിപ്പിച്ചു.

സർക്കാർ മദ്യവിൽപനശാലയായ 'ടാസ്മാക്കി'ൽ ഉയർന്ന വില നൽകേണ്ടതിനാൽ പ്രാദേശിക വിൽപനക്കാരിൽ നിന്നു മദ്യം വാങ്ങിയവരാണു ദുരന്തത്തിൽപെട്ടത്. സർക്കാരിന്റെ പിടിപ്പുകേടാണു ദുരന്തത്തിനു കാരണമെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷവും വില്ലുപുരം, ചെങ്കൽപെട്ട് ജില്ലകളിൽ വ്യാജമദ്യം കഴിച്ച് ഒട്ടേറെപ്പേർ മരിച്ചിരുന്നു.