കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വേദിയില്‍ നിന്ന് വീണ് ഉമാ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ അഞ്ചുപേരെ പൊലീസ് പ്രതി ചേര്‍ത്തു. മൃദംഗതാളം സിഇഒ നിഗോഷ് കുമാറാണ് കേസില്‍ ഒന്നാം പ്രതി. ഷമീര്‍, ജനീഷ്, കൃഷ്ണകുമാര്‍, ബെന്നി എന്നിവരാണ് രണ്ട് മുതല്‍ അഞ്ചുവരെ പ്രതികള്‍. സംഭവത്തില്‍ അറസ്റ്റിലായവരുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് പ്രതിപ്പട്ടികയുള്ളത്.

അതേസമയം അറസ്റ്റിലായ ഷമീര്‍, ബെന്നി, കൃഷ്ണകുമാര്‍ എന്നിവര്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചു. എറണാകുളം ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സംഭവത്തില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് പ്രകാരം അശാസ്ത്രീയമായാണ് വേദി നിര്‍മ്മാണം. സിമന്റ് കട്ടകള്‍ വച്ചാണ് കോണ്‍ക്രീറ്റ് വേദി ഉറപ്പിച്ചത്. സ്റ്റേജിലുള്ളവര്‍ക്ക് അപകടം കൂടാതെ നടക്കാന്‍ പറ്റാത്ത തരത്തിലാണ് കസേര ക്രമീകരിച്ചത്. കോര്‍പറേഷനില്‍ നിന്നടക്കം കൃത്യമായി അനുമതി വാങ്ങാതെയാണ് താല്‍ക്കാലിക സ്റ്റേജ് നിര്‍മ്മിച്ചത്. ഫയര്‍ഫോഴ്സില്‍ നിന്നുള്ള നിയമപരമായ അനുമതിയും ലഭിച്ചില്ല.

പരിപാടിക്കായി സ്റ്റേഡിയം വിട്ടുനല്‍കിയെങ്കിലും സംഘാടകര്‍ താത്കാലിക നിര്‍മ്മാണങ്ങള്‍ നടത്തിയിട്ടുണ്ടോ ഇതിനെല്ലാം ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിയുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ സ്റ്റേഡിയത്തിന്റെ ചുമതലക്കാരായ ജിസിഡിഎ പരിശോധിച്ചില്ല. സ്റ്റേഡിയത്തില്‍ താത്കാലിക സ്റ്റേജ് നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയിരുന്നില്ല. എല്ലാ സുരക്ഷാകാര്യങ്ങളും ചെയ്യണമെന്ന് കരാറില്‍ ഉണ്ടായിരുന്നെങ്കിലും പലതും ലംഘിക്കപ്പെട്ടു.

ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യസ്ഥിതി വിലയിരുത്തി

ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യസ്ഥിതി ആശുപത്രിയിലെ മെഡിക്കല്‍ സംഘവും മെഡിക്കല്‍ കോളേജില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരും ചേര്‍ന്നുള്ള സംയുക്ത മെഡിക്കല്‍ ടീം വിലയിരുത്തി. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഈ ടീമുമായി ആശയവിനിമയം നടത്തി.

എംഎല്‍എയുടെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതിയും പിന്നീട് ഉണ്ടായേക്കാവുന്ന സങ്കീര്‍ണതകളും യോഗം വിലയിരുത്തി. വരും ദിവസങ്ങളിലെ ട്രീറ്റ്മെന്റ് പ്ലാന്‍ ചര്‍ച്ച ചെയ്തു. ഓരോ വിദഗ്ധ ഡോക്ടറും അവരുടെ അഭിപ്രായങ്ങള്‍ മുന്നോട്ടുവച്ചു. അണുബാധയുടെ പ്രതിരോധത്തിനും നിയന്ത്രണത്തിനും പ്രത്യേക മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് മന്ത്രി ഓര്‍മ്മപ്പിച്ചു.

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ജോ. ഡയറക്ടര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. അതേസമയം, മുഖ്യമന്ത്രി ഉമ തോമസിന്റെ മകനുമായി ഫോണില്‍ സംസാരിച്ചു. അന്‍വര്‍ സാദത്ത് എംഎല്‍ എയും കൂടെയുണ്ടായിരുന്നു.