- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മേരി ക്യൂറി ഗവേഷണ സ്‌കോളര്‍ഷിപ്പ് നേടി മാളവിക; 90 ലക്ഷം രൂപയുടെ നേട്ടം സ്വന്തമാക്കിയ കല്‍പ്പറ്റ സ്വദേശിനി ഗവേഷണത്തിനായി ഗ്രീസിലേക്ക് പറപറക്കും
90 ലക്ഷം രൂപയുടെ മേരി ക്യൂറി ഗവേഷണ സ്‌കോളര്‍ഷിപ്പ് നേടി മാളവിക
കല്പറ്റ: കഠിനാധ്വാനത്തിലൂടെ മേരി ക്യൂറി ഗവേഷണ സ്‌കോളര്‍ഷിപ്പ് നേടി വടയാനിട്് അഭിമാനമായി എം.എന്‍. മാളവിക. സ്വപ്രയത്‌നം കൊണ്ട് 90 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പാണ് പിണങ്ങോട് സ്വദേശിയായ മാളവിക നേടിയെടുത്തത്. ഇനി മാളവിക ഗവേഷണത്തിനായി ഗ്രീസിലേക്ക് പറക്കും. ഗ്രീസിലെ ഫൗണ്ടേഷന്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ടെക്‌നോളജിയില്‍ സോഫ്റ്റ് മാറ്റര്‍ ഫിസിക്‌സാണ് ഗവേഷണമേഖല.
സ്ട്രക്ച്ചര്‍ ആന്‍ഡ് ലേസര്‍ (ഐ.ഇ.എസ്.എല്‍.) വിഷയത്തിലാണ് ഗവേഷണം. ഗ്രീസിലെ ക്രീറ്റിലുള്ള ഫൗണ്ടേഷന്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ടെക്‌നോളജിയില്‍ മാളവിക പ്രവേശനം നേടുകയും ചെയ്തു. കൊളോഡിയല്‍ ജെല്ലുകളുടെ സ്വഭാവം മനസ്സിലാക്കുകയും അവയെ നിയന്ത്രിക്കാനുള്ള മാര്‍ഗം കണ്ടെത്തുകയുമാണ് ഗവേഷണലക്ഷ്യം.
പുണെയിലെ സി.എസ്.ഐ.ആര്‍. നാഷണല്‍ കെമിക്കല്‍ ലബോറട്ടറിയിലെ പ്രോജക്ട് അസോസിയേറ്റ് ആയിരിക്കെയാണ് മാളവികയെ തേടി മേരി ക്യൂറി സ്‌കോളര്‍ഷിപ്പ് എത്തുന്നത്. അക്കാദമികമികവിലൂടെയും കൂടിക്കാഴ്ചകളിലൂടെയും ലഭിച്ച വ്യക്തിഗത സ്‌കോറാണ് മാളവികയെ അഭിമാനനേട്ടത്തിലെത്തിച്ചത്. ബിരുദാനന്തര ബിരുദ പഠനകാലത്ത് ഒരു പ്രോജക്ടിന്റെ ഭാഗമായി ഡല്‍ഹിയിലെത്തിയപ്പോഴാണ് മാളവിക മേരി ക്യൂറി സ്‌കോളര്‍ഷിപ്പിനെക്കുറിച്ച് കൂടുതലറിയുന്നതും അത് നേടിയെടുക്കാനുള്ള ശ്രമം തുടങ്ങുന്നതും. പിന്നീട് കഠിനാധ്വാനത്തിന്റെ നാളുകളായിരുന്നു.
കണ്ണൂര്‍ സര്‍വകലാശാലയില്‍നിന്നാണ് മാളവിക ഫിസിക്‌സില്‍ ബിരുദാനന്തര ബിരുദം നേടിയത്. സുല്‍ത്താന്‍ബത്തേരി സെയ്ന്റ് മേരീസ് കോളേജിലായിരുന്നു ബി.എസ്സി. ഫിസിക്‌സ് പഠനം. 10-ാം ക്ലാസുവരെ കല്പറ്റ സെയ്ന്റ് ജോസഫ്‌സ് കോണ്‍വെന്റ് സ്‌കൂളിലാണ് പഠിച്ചത്. പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്.എസ്.എസിലായിരുന്നു പ്ലസ്ടു പഠനം. കെ.എസ്.ഇ.ബി. റിട്ട. സബ് എന്‍ജിനിയര്‍ പിണങ്ങോട് മേക്കാട്ടില്ലത്ത് നാരായണന്റെയും കല്പറ്റ ശ്രീശങ്കര വിദ്യാമന്ദിരം സ്‌കൂളിലെ പ്രധാനാധ്യാപിക എന്‍.ബി. സുനിതയുടെയും മകളാണ്. സഹോദരി എം.എന്‍. കൃഷ്ണ മംഗലാപുരത്ത് എം.എസ് സി. സൈക്കോളജി വിദ്യാര്‍ഥിനിയാണ്.