പത്തനംതിട്ട: തിരുവല്ല-പത്തനംതിട്ട സംസ്ഥാന പാതയിൽ കുമ്പനാട് ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരുക്ക്. കുമ്പനാട് ഐസിപിഎഫിലെ ജീവനക്കാരൻ മുട്ടുമണ്ണിൽ വാടകക്ക് താമസിക്കുന്ന

കട്ടപ്പന സ്വദേശി അജി ആണ് മരിച്ചത്.

കുമ്പനാട് ധർമ്മഗിരിപ്പടിയിൽ ഇന്നലെ രാത്രി ഏഴരയോടെ ആയിരുന്നു അപകടം. അജിക്ക് ഒപ്പം ബൈക്കിൽ ഉണ്ടായിരുന്ന ഭാര്യക്കും ബൈക്ക് യാത്രികരായ യുവാക്കൾക്കും അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. ഇവരെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ യുവാക്കളുടെ നില ഗുരുതരമാണ്.

അജിയും കുടുംബവും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ അമിത വേഗത്തിൽ എത്തിയ യമഹ ബൈക്ക് ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കുമ്പനാട് നിന്നും വീട്ടുസാധനങ്ങൾ വാങ്ങി ഭാര്യക്ക് ഒപ്പം വാടക വീട്ടിലേക്ക് പോകുമ്പോൾ ആണ് അപകടം ഉണ്ടായത്. സ്‌കൂട്ടർ ഓടിച്ചിരുന്ന അജി തത്ക്ഷണം മരിച്ചു.

കുമ്പനാട് ഭാഗത്തു നിന്നും വന്ന സ്‌കൂട്ടർ ധർമ്മഗിരി റോഡിലേക്ക് തിരിയവേ എതിർ ദിശയിൽ നിന്നും വന്ന ബൈക്ക് ഇടിക്കുക ആയിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ പത്തു മീറ്ററോളം പിന്നോട്ട് മാറിയാണ് വീണത്.
ഉടനെ തന്നെ ഇത് വഴി എത്തിയ ഹൈവേ പൊലീസും നാട്ടുകാരും ചേർന്ന് അപകടത്തിൽപെട്ടവരെ കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിൽ എത്തിച്ചു.

കോയിപ്രം പൊലീസ് സംഭവസ്ഥലത്തെത്തി പരിസര പ്രദേശങ്ങളിലെ സിസിടിവികൾ പരിശോധിച്ചു. സംസ്ഥാന പാതയിൽ കുമ്പനാടിനും പുല്ലാടിനും മധ്യേ സ്ഥിരം അപകടമേഖലയാണ്.