പാലക്കാട്: കഞ്ചിക്കോട് പന്നിമടയ്ക്കുസമീപം തീവണ്ടിയിടിച്ച് കാട്ടാന ചരിഞ്ഞു സംഭവത്തിൽ ലോക്കോ പൈലറ്റിനെതിരെ വനംവകുപ്പ് കേസെടുത്തു. തിങ്കളാഴ്ച രാത്രി 11-നാണ് അപകടമുണ്ടായത്. മലമ്പുഴ-കഞ്ചിക്കോട് റോഡിൽ അഗസ്റ്റിൻ ടെക്‌സ്‌റ്റൈൽസ് കമ്പനിക്ക് സമീപമുള്ള റെയിൽവേ ട്രാക്കിലാണ് തിരുവനന്തപുരം-ചെന്നൈ മെയിൽ ആനയെ ഇടിച്ചത്. 25 കിലോമീറ്റർ വേഗതയാണ് ഈ മേഖലയിലെ പരമാവധി വേഗ പരിധി. ഇത് ലംഘിച്ചായിരുന്നു തീവണ്ടിയുടെ യാത്രയെന്നാണ് വിലയിരുത്തൽ. അതുകൊണ്ടാണ് കേസെടുത്തത്.

പിടിയാനയുടെ തലയ്ക്കും പിൻഭാഗത്തും ഗുരുതര പരിക്കേറ്റിരുന്നു. അപകടസമയത്ത് പരിസരത്തുണ്ടായിരുന്ന ആനകൾ ചിതറിയോടി. ഇടിയേറ്റ ആന റെയിൽവേ ട്രാക്കിനു സമീപമുള്ള കുഴിയിലേക്കാണ് വീണത്. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരുൾപ്പെടെ സ്ഥലത്തെത്തി. അപകടത്തെത്തുടർന്ന് തീവണ്ടി 20 മിനിറ്റിലധികം നിർത്തിയിട്ടു. അപകടം നടന്ന സ്ഥലത്ത് കാട്ടാനകൾ തമ്പടിച്ചിരുന്നു. അതിനാൽ മലമ്പുഴ-കഞ്ചിക്കോട് റോഡിൽ വാഹനങ്ങൾ നിയന്ത്രിക്കുകയും ചെയ്തു. കഴിഞ്ഞമാസം ഈ ഭാഗത്ത് മറ്റൊരു കാട്ടാന തീവണ്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെ ചരിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് വനംവകുപ്പ് കടുത്ത നടപടികൾ എടുക്കുന്നത്.

തിരുവനന്തപുരം-ചെന്നൈ മെയിൽ ഇടിച്ചാണ് 35 വയസുള്ള പിടിയാന ചരിഞ്ഞത്. ട്രെയിനിന്റെ വേഗതയും അപകടത്തിന് ഇടയാക്കിയെന്നാണ് പ്രാഥമിക നിഗമനം. ഒരു മാസത്തിനിടെ വാളയാർ കഞ്ചിക്കോട് റൂട്ടിലെ രണ്ടാമത്തെ അപകടമാണിത്. തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് കരുതുന്നതായി സിസിഎഫ് വിജയാനന്ദ് പറഞ്ഞു. കഴിഞ്ഞമാസം 10ന് ഇതേ സ്ഥലത്തുണ്ടായ സമാന അപകടത്തിൽ ഗുരുതര പരുക്കേറ്റ പിടിയാന വനംവകുപ്പിന്റെ ചികിത്സയ്ക്കിടെ 3 ദിവസത്തിനു ശേഷം ചരിഞ്ഞിരുന്നു.

റെയിൽവേ അധികൃതർ വിവരം നൽകിയതിനെ തുടർന്നു വനംവകുപ്പ് സംഘം നടത്തിയ തിരച്ചിലിൽ പരുക്കേറ്റ പിടിയാനയെ രാത്രി വൈകി അഗസ്റ്റിൻ ടെക്‌സ്‌റ്റൈൽ കമ്പനിക്കടുത്തുള്ള വനയോര മേഖലയിൽ കണ്ടെത്തിയിരുന്നു. പിന്നീടു പ്രാഥമിക ചികിത്സയ്ക്കിടെ പുലർച്ചെ രണ്ടരയോടെയാണ് ആന ചരിഞ്ഞത്. ഇന്നലെ കൊട്ടേക്കാട് പന്നിമട ഭാഗത്താണ് ആനക്കൂട്ടം ട്രാക്കു കടന്നത്. വേഗം കുറവായതിനാലാണ് ആനയെ ഇടിച്ചിട്ടും ട്രെയിൻ പാളം തെറ്റാതിരുന്നതും വൻ ദുരന്തം ഒഴിവായതുമെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു.

ട്രെയിൻ തട്ടി ട്രാക്കിനു സമീപം വീണ ആന 15 മിനിറ്റിനു ശേഷം എഴുന്നേറ്റ് വനമേഖലയിലേക്ക് പോയെന്നാണ് ഇവർ നൽകുന്ന വിവരം. അപകടത്തെ തുടർന്ന് ട്രെയിൻ 25 മിനിറ്റ് കൊട്ടേക്കാട് പന്നിമട വനമേഖലയ്ക്കു സമീപം രാത്രി പിടിച്ചിട്ടു. ആനക്കൂട്ടം മാറിയെന്ന് ഉറപ്പാക്കിയ ശേഷമാണ് ട്രെയിൻ വേഗം കുറച്ച് കടന്നുപോയത്.