തിരുവനന്തപുരം: സഹകരണത്തില്‍ സര്‍ക്കാരുമായി കോണ്‍ഗ്രസ് സഹകരണമില്ലെന്ന് പ്രഖ്യാപിച്ച സാഹചര്യം മുതലെടുക്കാന്‍ വീണ്ടും 'സഹകരണ വേട്ട' സജീവമാക്കാന്‍ കേന്ദ്ര ഏജന്‍സികളെത്തുകയാണ്. കണ്ടല സര്‍വീസ് സഹകരണ ബാങ്കില്‍ വീണ്ടും നടന്ന പരിശോധനയും ഇതിന്റെ തുടക്കമാണ്. ബുധനാഴ്ചയാണ് ഇ.ഡി. അധികൃതര്‍ കണ്ടല ബാങ്കിലെത്തി വീണ്ടും പരിശോധന നടത്തിയത്. കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിനാണ് ഇ.ഡി. അധികൃതര്‍ കണ്ടല ബാങ്കിലും മുന്‍ പ്രസിഡന്റ് എന്‍.ഭാസുരാംഗന്റെ വീട്ടിലും പരിശോധന നടത്തിയത്. തുടര്‍ന്ന് ഇ.ഡി. അറസ്റ്റുചെയ്ത ഭാസുരാംഗനും മകനും ഇപ്പോഴും ജയിലിലാണ്. സമാന പരിശോധനകള്‍ കേരളത്തിലെ മറ്റ് ആരോപണ വിധേയമായ സഹകരണ സംഘങ്ങളിലും നടത്തും.

സംസ്ഥാനത്തെ എല്ലാ സഹകരണ ബാങ്കുകളേയും നിരീക്ഷണത്തിലാക്കി ക്രമക്കേടുകള്‍ കണ്ടെത്താനുള്ള സംവിധാനം ഇഡി ഉണ്ടാകുമെന്നാണ് സൂചന. നിരവധി സഹകരണ പ്രസ്ഥാനങ്ങള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ഇതെല്ലാം പരിശോധിക്കാനാണ് നീക്കം. ബുധനാഴ്ച രാവിലെ കൊച്ചിയില്‍നിന്നെത്തിയ ഇ.ഡി. അധികൃതര്‍ കണ്ടല ബാങ്കിന്റെ മുഴുവന്‍ രേഖകളും ആവശ്യപ്പെട്ടു. നിക്ഷേപകരുമായി ബന്ധപ്പെട്ട രേഖകളെല്ലാം അടുത്ത ദിവസം പരിശോധനയ്ക്കു ലഭ്യമാക്കണമെന്നും ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ബാങ്കില്‍നിന്നു നിക്ഷേപം തിരികെ ലഭിക്കാത്തവരോട് ഇ.ഡി.ക്കു മുന്നില്‍ ഹാജരാകാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മാറനല്ലൂര്‍ പോലീസില്‍ പരാതി നല്‍കിയ 64 നിക്ഷേപകരെയാണ് ആദ്യഘട്ടത്തില്‍ ഇ.ഡി. പരിശോധനയ്ക്കായി വിളിപ്പിച്ചിരിക്കുന്നത്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഇവരുടെ നിക്ഷേപക്കണക്കുള്‍പ്പെടെ ഇ.ഡി. പരിശോധിക്കും. നിക്ഷേപവുമായി ബന്ധമുള്ള മുഴുവന്‍ രേഖകളും ഹാജരാക്കാനാണ് ഇ.ഡി. നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇത് പല നിക്ഷേപകര്‍ക്കും കുരുക്കായും മാറും. ആദ്യഘട്ടത്തില്‍ പരിശോധന നടന്ന് ഒരു വര്‍ഷത്തിനു ശേഷമാണ് കണ്ടലയിലേക്ക് വീണ്ടും ഇ.ഡി. എത്തുന്നത്. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ ബാങ്കിന്റെ പ്രവര്‍ത്തനം. ബാങ്ക് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും നിക്ഷേപകര്‍ക്ക് ഇതുവരെ തുക മടക്കിക്കൊടുത്തിട്ടില്ല.

കരുവന്നൂരിലും കണ്ടലയിലും ഇടതു ബാങ്കുകള്‍ പ്രതിരോധത്തിലായതോടെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളിലേക്ക് എത്തിയത്. എന്നാല്‍ ഇഡി നീക്കങ്ങളില്‍ കോണ്‍ഗ്രസും സംശയം ആരോപിച്ചു. ഇതോടെ സര്‍ക്കാരും പ്രതിപക്ഷവും ഒന്നായി. കോഴിക്കോട് കേന്ദ്രീകരിച്ച് സംയുക്ത സംവിധാനവും വന്നു. എന്നാല്‍ ചേവായൂരിലെ സഹകരണ ബാങ്ക് ഇലക്ഷന്‍ കോണ്‍ഗ്രസിനേയും സിപിഎമ്മിനേയും തെറ്റിച്ചു. ഇനി സഹകരണത്തില്‍ സഹകരണമില്ലെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ഈ സാഹചര്യം കേന്ദ്ര സര്‍ക്കാര്‍ മുതലെടുക്കുകയാണ്. തൃശൂരില്‍ സുരേഷ് ഗോപിയെ വിജയിപ്പിച്ചത് കരുവന്നൂര്‍ ബാങ്കാണെന്ന ചിന്ത ബിജെപിക്കുണ്ട്. ഈ സാധ്യത മനസ്സിലാക്കി കേരളത്തില്‍ ബിജെപിയുടെ കരുത്ത് കൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടലുണ്ടാകും.

ഇതിന്റെ തുടക്കമാണ് കണ്ടല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നിലെത്തിയ നിയമസഭാ മണ്ഡലമാണ് കാട്ടാക്കട. ഈ മണ്ഡലത്തിലാണ് കണ്ടല ബാങ്കു വരുന്നത്. ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായിരുന്ന കാട്ടാക്കടയില്‍ വന്‍ മുന്നേറ്റം ബിജെപിയുണ്ടാക്കി. നിയമസഭാ തിരഞ്ഞെടുപ്പില്‍ അത് ആവര്‍ത്തിക്കാനാണ് ബിജെപി നീക്കം. ഇതിന് വേണ്ടി കൂടിയാണ് കണ്ടലയിലേക്കുള്ള ഇഡിയുടെ വരവ്.

കോഴിക്കോട് ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ സിപിഎം പിന്തുണച്ച കോണ്‍ഗ്രസ് വിമതര്‍ ജയിച്ചതോടെ യുഡിഎഫും സിപിഎമ്മും തമ്മിലെ സഹകരണ സഹകരണം അവസാനിച്ചു. ചേവായൂരില്‍ സിപിഎം അനുകൂല കോണ്‍ഗ്രസ് വിമത 11 അംഗ പാനല്‍ എല്ലാ സീറ്റിലും ജയിച്ചു. പാനലില്‍ നാലുപേര്‍ സിപിഎമ്മുകാരും ഏഴുപേര്‍ കോണ്‍ഗ്രസ് വിമതരുമാണ്. ജനാധിപത്യ സംരക്ഷണ സമിതി എന്ന പേരിലായിരുന്നു ഇവര്‍ മത്സരിച്ചത്. സഹകരണ ബാങ്കിന്റെ നിലവിലെ ചെയര്‍മാനായ ജി.സി. പ്രശാന്ത് കുമാറിനെ വീണ്ടും ചെയര്‍മാനായി തെരഞ്ഞെടുത്തു. ഇദ്ദേഹത്തെ കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിയില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ഇദ്ദേഹത്തെ സിപിഎം അടുപ്പിച്ച് ബാങ്ക് ഭരണം അട്ടിമറിക്കുകയായിരുന്നു. ജനാധിപത്യ വിരുദ്ധതയാണ് ചേവായൂരിലുണ്ടായതെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വാക്കുകള്‍ അടക്കം കേന്ദ്ര സര്‍ക്കാര്‍ ഗൗരവത്തിലെടുത്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിവാദ സഹകരണ സ്ഥാപനങ്ങളില്‍ എല്ലാം ഇടപെടാനാണ് കേന്ദ്ര തീരുമാനം.