- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ദേവസ്വം മാനുവല്‍ പ്രകാരം വിലപിടിപ്പുള്ള വസ്തുക്കള്‍ ക്ഷേത്രത്തിനു പുറത്തുകൊണ്ടുപോകാന്‍ പാടില്ല; മല്യയുടെ യുബി ഗ്രൂപ്പ് സന്നിധാനത്തു തന്നെ സ്വര്‍ണം പൂശുന്ന പണികള്‍ പൂര്‍ത്തിയാക്കി; എല്ലാം അറിയാമായിരുന്നിട്ടും തന്ത്രി കണ്ണടച്ചു; ഗൂഢാലോചനയില്‍ രാജീവര് പങ്കാളിയായി; റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ തന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങള്‍
ദേവസ്വം മാനുവല്‍ പ്രകാരം വിലപിടിപ്പുള്ള വസ്തുക്കള്‍ ക്ഷേത്രത്തിനു പുറത്തുകൊണ്ടുപോകാന്‍ പാടില്ല
കൊല്ലം: ശബരിമല സ്വര്‍ണ്ണക്കൊള്ള ഗൂഢാലോചനയില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്ക് കൃത്യമായ പങ്കുണ്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. കട്ടിളപാളി കേസില്‍ എല്ലാം അറിഞ്ഞിട്ടും തന്ത്രി കണ്ണടച്ചു എന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ദേവന്റെ അനുജ്ഞ വാങ്ങാതെയും താന്ത്രിക നടപടികള്‍ പാലിക്കാതെയുമാണു പാളികള്‍ കൈമാറുന്നതെന്നു തന്ത്രി കണ്ഠര് രാജീവര് ദേവസ്വം ബോര്‍ഡിനെ അറിയിച്ചില്ലെന്ന് എസ്‌ഐടി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ക്ഷേത്രത്തിന്റെ ആചാരപരമായ കാര്യങ്ങളില്‍ അന്തിമതീരുമാനം എടുക്കേണ്ട തന്ത്രി സ്വര്‍ണപ്പാളികള്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കു കൈമാറുന്നതു തടഞ്ഞില്ല.
ശ്രീകോവിലിന്റെ കട്ടിളയില്‍ ഘടിപ്പിച്ചിരിക്കുന്ന ദശാവതാരങ്ങളും രാശി ചിഹ്നങ്ങളും ആലേഖനം ചെയ്ത സ്വര്‍ണം പതിച്ച 2 വീതം ചെമ്പു പാളികള്‍, കട്ടിളയുടെ മുകള്‍പ്പടിയിലെ സ്വര്‍ണം പതിച്ച ചെമ്പുപാളി, കട്ടിളയ്ക്കു മുകളിലെ സ്വര്‍ണം പതിച്ച ശിവരൂപവും വ്യാളീരൂപവും അടങ്ങുന്ന 2 പ്രഭാമണ്ഡല പാളികള്‍ എന്നിവയാണ് അറ്റകുറ്റപ്പണി നടത്തി സ്വര്‍ണം പൂശുന്നതിന് 2019 മേയ് 18 നു പോറ്റിക്കു കൈമാറിയത്.
ദേവസ്വം മാനുവല്‍ പ്രകാരം വിലപിടിപ്പുള്ള വസ്തുക്കള്‍ ക്ഷേത്രത്തിനു പുറത്തുകൊണ്ടുപോകാന്‍ പാടില്ലെന്നു തന്ത്രിക്ക് അറിയാം. 1998ല്‍ വിജയ് മല്യയുടെ യുബി ഗ്രൂപ്പ് സന്നിധാനത്തു തന്നെയാണു ശ്രീകോവിലില്‍ സ്വര്‍ണം പൂശുന്ന പണികള്‍ പൂര്‍ത്തിയാക്കിയത്. ഇതു തന്ത്രിക്ക് അറിയാമായിരുന്നുവെന്നും എസ്‌ഐടി വ്യക്തമാക്കി.
ശ്രീകോവില്‍ സ്വര്‍ണം പൂശുമ്പോള്‍ തന്ത്രി സ്ഥാനം വഹിച്ച കണ്ഠര് രാജീവര്‍ക്ക് പാളികളിലും സ്വര്‍ണം പതിച്ചതാണെന്നു വ്യക്തമായി അറിയാമായിരുന്നു. ഇതിനു വിരുദ്ധമായാണു കട്ടിളപ്പാളികളും പ്രഭാമണ്ഡല പാളികളും കടത്തിക്കൊണ്ടുപോകുന്നതിനുള്ള ഗൂഢാലോചനയില്‍ രാജീവര് പങ്കാളിയായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും തന്ത്രിയുമായി അടുത്ത ബന്ധമുണ്ടെന്നു തെളിഞ്ഞതായും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. കണ്ഠര് രാജീവര് തന്ത്രിസ്ഥാനം വഹിച്ചിരുന്ന ബെംഗളൂരു ശ്രീരാമപുര അയ്യപ്പ ക്ഷേത്രത്തില്‍ പോറ്റി മേല്‍ശാന്തിയുടെ ചുമതല വഹിച്ചിരുന്നു. ശബരിമല ക്ഷേത്രത്തില്‍ 2004 മുതല്‍ 2008 വരെ കീഴ്ശാന്തിയുടെ പരികര്‍മിയായും പോറ്റി ജോലി ചെയ്തിരുന്നു.
മുഖ്യപുരോഹിതനായ തന്ത്രിയെന്ന നിലയില്‍ ശബരിമല ക്ഷേത്രത്തിന്റെ ചൈതന്യവും പരിപാവനതയും ആത്മീയ മൂല്യവും കാത്തുസൂക്ഷിക്കാന്‍ രാജീവര് ബാധ്യസ്ഥനാണ്. 2019 മേയ് 18ന് പാളികള്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കു കൈമാറുമ്പോള്‍ തന്ത്രി സന്നിധാനത്തുണ്ടായിരുന്നു. കട്ടിളപ്പാളികളും പ്രഭാമണ്ഡല പാളികളും അഴിച്ചുമാറ്റിയപ്പോള്‍ ആ സ്ഥാനത്തു കല്‍ത്തൂണുകള്‍ മാത്രം കാണാമെന്നിരിക്കെ അടുത്ത ദിവസം ശ്രീകോവിലില്‍ പ്രവേശിച്ചു പതിവുപൂജകള്‍ നടത്തിയ തന്ത്രിക്ക് ഇവ ഇളക്കിയെടുത്ത വിവരം അറിയാമായിരുന്നു എന്നു വ്യക്തം.
തന്ത്രി അറിവോടെയല്ലെങ്കില്‍ വിവരം ദേവസ്വം ബോര്‍ഡിനെ രേഖാമൂലം അറിയിക്കുകയോ ആചാരലംഘനം നടത്തി മുതലുകള്‍ കൊണ്ടുപോയതിനെതിരെ നടപടി സ്വീകരിക്കുകയോ ചെയ്തില്ല. അടുത്ത മിഥുന മാസ പൂജയ്ക്കു നട തുറന്നപ്പോഴും കട്ടിളപ്പാളികളും പ്രഭാമണ്ഡല പാളികളും തിരിച്ചെത്തിച്ചിട്ടില്ലായിരുന്നു. തിരിച്ചുകൊണ്ടുവന്നപ്പോഴും തന്ത്രിയുടെ സാന്നിധ്യം ഉണ്ടായിരുന്നു.
കേസില്‍ 13ാം പ്രതിയായ തന്ത്രിയെ കൊല്ലം വിജിലന്‍സ് കോടതി ജഡ്ജി ഡോ. സി.എസ്. മോഹിത് ആണ് 23 വരെ റിമാന്‍ഡ് ചെയ്തതത്. തുടര്‍ന്ന് അദ്ദേഹത്തെ തിരുവനന്തപുരം സ്‌പെഷല്‍ ജയിലിലേക്ക് അയച്ചു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിശ്വാസ വഞ്ചന, വ്യാജരേഖ ചമക്കല്‍, അഴിമതി നിരോധന നിയമത്തിന് കീഴിലെ പൊതുസ്വത്ത് അപഹരിക്കല്‍, ദുരുപയോഗം ചെയ്യല്‍ എന്നീ കുറ്റങ്ങളാണ് തന്ത്രിക്കെതിരെ ചുമത്തിയിരിക്കുന്നത്.
തന്ത്രിയെ രാത്രി വൈകി തിരുവനന്തപുരം സ്‌പെഷല്‍ സബ് ജയിലില്‍ എത്തിച്ചു. തന്ത്രിയുടെ ജാമ്യാപേക്ഷ 13ന് പരിഗണിക്കും.ഇതോടെ, സ്വര്‍ണക്കവര്‍ച്ചയില്‍ അറസ്റ്റിലായവരുടെ എണ്ണം 11 ആയി. ശബരിമലയില്‍ പോറ്റിയെ കേറ്റിയതും ശക്തനാക്കിയതും തന്ത്രി രാജീവര് ആയിരുന്നുവെന്നും തന്ത്രിയുടെ ആളാണെന്ന നിലയിലാണ് സന്നിധാനത്തും ദേവസ്വം ഉദ്യോഗസ്ഥര്‍ക്കിടയിലും ഉണ്ണികൃഷ്ണന്‍ പോറ്റി സ്വാധീനം ഉറപ്പിച്ചതെന്നും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാറും അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു.
തന്ത്രിയുടെ അനുമതിയോടെയാണ് സ്വര്‍ണം പതിച്ച പാളികള്‍ അറ്റകുറ്റപ്പണിക്കായി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തുവിട്ടതെന്നും ദൈവതുല്യനായി കണ്ടവര്‍ ചതിക്കുമെന്ന് കരുതിയിരുന്നില്ലെന്നും പത്മകുമാര്‍ എസ്.ഐ.ടിക്ക് മുന്നില്‍ ആവര്‍ത്തിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ നവംബറില്‍ തന്ത്രിയെ ചോദ്യം ചെയ്‌തെങ്കിലും പത്മകുമാറിന്റെയും ഉദ്യോഗസ്ഥരുടെയും ആരോപണങ്ങള്‍ നിഷേധിക്കുകയായിരുന്നു.




