കോട്ടയം: കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതക കേസില്‍ പ്രതി ജോര്‍ജ്ജ് കുര്യന് ഇരട്ടജീവപര്യന്തം ശക്ഷ വിധിച്ചു കോടതി. കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ആണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. 20 ലക്ഷം രൂപ പ്രതി പിഴയായി അടക്കണമെന്നും കോടതി വിധിച്ചു. മുന്‍കൂട്ടി തയ്യാറാക്കി കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കൊലപാതകമാണ് ഇതെന്നാണ് കോടതി കണ്ടെത്തിയത്. എന്നാല്‍ വധശിക്ഷനല്‍കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് അനുജനെയും അമ്മാവനെയും വെടിവച്ചുകൊന്ന കേസിലണ് വിധി വന്നത്.

കാഞ്ഞിരപ്പള്ളി കരിമ്പനാല്‍ രഞ്ജി കുര്യന്‍ (50), മാതൃസഹോദരന്‍ കാഞ്ഞിരപ്പള്ളി പൊട്ടംകുളം മാത്യു സ്‌കറിയ (78) എന്നിവരെയാണ് പ്രതി കരിമ്പനാല്‍ ജോര്‍ജ് കുര്യന്‍ (54) വെടിവെച്ച് കൊന്നത്. കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ജെ. നാസറാണ് ശിക്ഷ വിദിച്ചത. ഇന്ത്യന്‍ ശിക്ഷാനിയമം 302, 449, 506(2), ആയുധനിയമം 30 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ജോര്‍ജ്ജ് കുര്യന്‍കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കോടതിയില്‍ നിര്‍വികാരതയോടയാണ് പ്രതി വിധി കേട്ടത്.

നേരത്തെ കോടതി മുമ്പാകെ 'ഞാന്‍ നിരപരാധിയാണ്, കുറ്റംചെയ്തിട്ടില്ല, പ്രായമായ അമ്മയെ നോക്കണം, തന്റെ ഭാര്യയെയും മക്കളെയും നോക്കണം, പരമാവധി ശിക്ഷ ഒഴിവാക്കി ദയവുണ്ടാകണം'. എന്ന് പ്രതി അപേക്ഷിച്ചിരുന്നു. കേസില്‍ ഇന്നലെ കോടതിയില്‍ ശിക്ഷയുമായി ബന്ധപ്പെട്ട വാദമാണ് ഉണ്ടായത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്, കേട്ടുകേള്‍വിയില്ലാത്തതും, മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിപ്രകാരം കൃത്യമായ ആസൂത്രണത്തോടെ നടത്തിയ ക്രൂരമായ കൊലപാതകം. അതിനാല്‍ പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നല്‍കണമെന്ന് മുന്‍കേസുകളിലെ വിവിധ സുപ്രീംകോടതിവിധികള്‍ നിരത്തി പ്രോസിക്യൂഷന്‍ വാദിച്ചു.

കൊല്ലപ്പെട്ട രഞ്ജുവിന്റെ ഭാര്യയ്ക്കും വിദ്യാര്‍ഥികളായ മക്കള്‍ക്കും പരമാവധി നഷ്ടപരിഹാരം പ്രതിയില്‍നിന്ന് ഈടാക്കിനല്‍കണം. വധശിക്ഷ നല്‍കുന്നില്ലെങ്കില്‍ ഐ.പി.സി. 449 (ഏഴ് വര്‍ഷംവരെ തടവ്), മരണത്തിലേക്ക് നയിച്ച ക്രമിനല്‍ ഭീഷണിപ്പെടുത്തലിനുള്ള ഐ.പി.സി. 506 (ഏഴ് വര്‍ഷംവരെ തടവ്) എന്നീ രണ്ട് വകുപ്പുകള്‍ പ്രകാരമുള്ള പരമാവധി ശിക്ഷയ്ക്ക് പുറമേ കൊലപാതകം ഐ.പി.സി. 302 പ്രകാരമുള്ള ഇരട്ട ജീവപര്യന്തവും നല്‍കണമെന്ന് സുപ്രീംകോടതി (ഫുള്‍ ബെഞ്ച് )വിധിയും ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം പ്രതി കുറ്റംചെയ്തിട്ടില്ല, പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ല, സ്വത്ത് തര്‍ക്കത്തില്‍ മൂന്ന് പേര്‍വരെ കൊല്ലപ്പെട്ട നിരവധി കേസുകളുണ്ട്, അതിനാല്‍ കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമല്ല, പരമാവധി കുറഞ്ഞശിക്ഷ നല്‍കണം, വെറും ജീവപര്യന്തത്തിനുള്ള കുറ്റംമാത്രമാണുണ്ടായിട്ടുള്ളതെന്നും സുപ്രീം കോടതിയുടെ വിവിധ വിധികള്‍ ചൂണ്ടിക്കാട്ടി ശിക്ഷ പരമാവധി കുറച്ചുകിട്ടാന്‍ പ്രതിഭാഗവും വാദിച്ചു. പ്രതിക്ക് സംഭവത്തില്‍ പശ്ചാത്താപമുണ്ട്, മാനസാന്തരത്തിനുള്ള അവസരം നല്‍കണം. ഇതിനായി കരിക്കിന്‍വില്ല കൊലക്കേസ് പരാമര്‍ശിച്ച പ്രതിഭാഗം, ആ കേസില്‍ പ്രതിക്ക് ലഭിച്ചതുപോലെയുള്ള സാഹചര്യം ജോര്‍ജ് കുര്യന് നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു.

ഇരുവിഭാഗങ്ങളുടെയും വാദംകേട്ട കോടതി ശിക്ഷ വിധിച്ച്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി.എസ്. അജയന്‍, അഡ്വ. നിബു ജോണ്‍, അഡ്വ. സ്വാതി എസ്.ശിവന്‍ എന്നിവരും, പ്രതിക്കുവേണ്ടി അഡ്വ. ബി. ശിവദാസും കോടതിയില്‍ ഹാജരായി.