കോട്ടയം : ബഫർ സോൺ വോട്ടായി പ്രതിഫലിക്കുമെന്ന് കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ ബിഷപ്പ് മാർ ജോസ് പുളിക്കലിന്റെ മുന്നറിയിപ്പ്. സർക്കാർ കണ്ണടച്ചിരുന്നിട്ട് കാര്യമില്ല. ഇതുവരെയുള്ള നടപടികൾ പുനഃപരിശോധിക്കണം. ബഫർ സോൺ വനാതിർത്തിക്കുള്ളിൽ തന്നെ ഒതുക്കി നിർത്തുമെന്നാണ് വിശ്വാസം. ആ വിശ്വാസം വോട്ടുകളായി തന്നെ പ്രതിഫലിക്കുമെന്ന് കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് മാർ ജോസ് പുളിക്കൽ പറഞ്ഞു.

കർഷകരെ പരിഗണിക്കാതെ ഇനി ഭരണത്തിൽ കയറാൻ ഒരു രാഷ്ട്രീയ പാർട്ടിക്കും കഴിയില്ല. അങ്ങനെ വിചാരിച്ചാൽ അത് വ്യാമോഹമാണെന്നും കാഞ്ഞിരപ്പള്ളി ബിഷപ്പ് പറഞ്ഞു. മുണ്ടക്കയത്ത് സംഘടിപ്പിച്ച ബഫർ സോൺ വിരുദ്ധ റാലിയിലാണ് ബിഷപ്പിന്റെ പ്രസംഗം.

അതേസമയം, ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാരിന് കൃത്യതയില്ലെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ ഉത്തരവാദിത്തം നിറവേറ്റണം. അവസരങ്ങൾ ഇല്ലാത്ത പേരിൽ ഇന്ത്യയിൽ നിന്ന് ഇനി ആർക്കും മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറേണ്ടി വരില്ല. യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് യുവാക്കൾ ഇന്ത്യയിലേക്ക് മടങ്ങി എത്തുന്ന കാലമാണ് വരാനിരിക്കുന്നതെന്നും അദ്ദേഹംപറഞ്ഞു. താമരശേരി രൂപയുടെ വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷം കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ.

അതിനിടെ, കേരളത്തിൽ ഉൾപ്പെടുന്ന സ്ഥലത്ത് ബഫർ സോണിന്റെ ഭാഗമായി കർണാടക അടയാളം രേഖപ്പെടുത്തിയത് വിവാദമായി. കണ്ണൂർ അയ്യൻകുന്ന് പഞ്ചായത്തിലെ ജനവാസ കേന്ദ്രത്തിലാണ് അടയാളമിട്ടത്. കഴിഞ്ഞ ദിവസമാണ് കർണാടകയിൽ നിന്നുള്ള ഉദ്യോഗസ്ഥർ കേരളത്തിന്റെ സ്ഥലത്ത് ചുവപ്പ് നിറത്തിൽ അടയാളമിട്ടത്.

വനാതിർത്തിയിൽ നിന്ന് അഞ്ച് കിലോമീറ്റർ കടന്നാണ് ഈ അടയാളം. പാലത്തും കടവ്, കച്ചേരിക്കടവ്, മുടിക്കയം എന്നിവിടങ്ങളിൽ അടയാളമിട്ടിട്ടുണ്ട്. പ്രദേശത്തെ മുന്നൂറോളം കുടുംബങ്ങൾ കർണാടകയുടെ നീക്കത്തിൽ ആശങ്കയിലാണ്. ബ്രഹ്‌മഗിരി വന്യജീവി സങ്കേതത്തിന്റെ ബഫർ സോണാക്കിമാറ്റി കേരളത്തിന്റെ സ്ഥലം കയ്യേറാനുള്ള ശ്രമമായാണ് കർണാടകയുടെ നീക്കമെന്ന് ആരോപണം ഉയരുന്നുണ്ട്.

അതേസമയം, പ്രതിഷേധവുമായെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഈ അടയാളങ്ങൾ കരിഓയിൽ ഉപയോഗിച്ച് മായ്ച്ചു. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പേരാവൂർ എംഎൽഎ സണ്ണി ജോസഫ് കളക്ടർക്കും അഡീഷണൽ ചീഫ് സെക്രട്ടറിക്കും പരാതി നൽകിയിട്ടുണ്ട്.