- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാങ്കോൽ- ആലപടമ്പ് പഞ്ചായത്തിൽ മൂന്നിടങ്ങളിൽ കീഴാറ്റൂർ മോഡൽ സമരം കത്തുന്നു; പാർട്ടി ഗ്രാമത്തിലെ വികസന പദ്ധതികൾക്കെതിരെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന പാർട്ടി കുടുംബങ്ങൾ രംഗത്തിറങ്ങി; ടാർ മിക്സിങ് യൂനിറ്റിനു മുൻപിൽ സമരക്കാർ കെട്ടിയുയർത്തിയ പ്രതീകാത്മ സമരപന്തലിന് തീയിട്ടു; പ്രദേശത്ത് സംഘർഷാവസ്ഥ
കണ്ണൂർ: കണ്ണൂരിലെ പാർട്ടി ഗ്രാമത്തിൽ കീഴാറ്റൂർ മോഡൽ സമരം കത്തുന്നു. ജനജീവിതം ദുസഹമാക്കുന്ന മാലിന്യം പുറത്തുതള്ളുന്ന വികസന സംരഭങ്ങൾക്കെതിരെയാണ് സി.പി. എം മൃഗീയ ഭൂരിപക്ഷത്തോടെ ഭരിക്കുന്ന പഞ്ചായത്തിൽ സ്ത്രീകളും കുട്ടികളുമടങ്ങുന്ന പ്രായഭേദമന്യേ അണികളും പ്രവർത്തകരും രംഗത്തിറങ്ങിയത്.
കാങ്കോൽ- ആലപ്പടമ്പ് പഞ്ചായത്ത് ഭരണസമിതി ജനവിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്നുവെന്നാരോപിച്ചാണ് മൂന്ന് വ്യവസായ സംരഭങ്ങൾക്കെതിരെ പാർട്ടി അണികൾ സമരത്തിനിറങ്ങിയത്. പഞ്ചായത്തിന്റെ അനുമതിയോടെ ജനവാസ മേഖലയിൽ ടാർമിക്സിങ് യൂനിറ്റ്, മത്സ്യ സംസ്‌കരണ കേന്ദ്രം, ലാറ്റക്സ് ഉൽപന്ന നിർമ്മാണ കേന്ദ്രം എന്നിവ തുടങ്ങിയതിനെതിരെയാണ് സ്ത്രീകളുടെ നേതൃത്വത്തിൽ പ്രതിഷേധസമരമാരംഭിച്ചത്. ടാർമിക്സിങ് യൂനിറ്റിനെതിരെ വൻജനപിൻതുണയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ സി.പി. എം പ്രതിപക്ഷമില്ലാതെ ഭരിക്കുന്ന ഭരണസമിതി ഇന്ന് കമ്പിനി പ്രതിനിധികളുമായി ചർച്ച നടത്തുന്നുണ്ട്.
പരിസര മലിനീകരണം തടഞ്ഞില്ലെങ്കിൽ സ്ഥാപനം പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നാണ് സമരസമിതി പ്രവർത്തകർ പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ പാർട്ടി അണികളെ കണ്ണുരുട്ടി പേടിപ്പിച്ചു വികസനത്തിനെതിരെയുള്ള സമരത്തിൽ നിന്നും പിന്മാറ്റാനുള്ള സി.പി. എം പ്രാദേശിക നേതൃത്വത്തിന്റെ പഴയ തന്ത്രം വിലപ്പോയിട്ടില്ല. സമരത്തിനെതിരെ ധാർഷ്ട്യവും ഭീഷണിയും കലർന്ന നേതൃത്വത്തിന്റെ നിലപാട് സമരത്തിന്റെ മൂർച്ച കൂട്ടിയിട്ടുണ്ട്. ആലപ്പടമ്പിൽ മൂന്ന് പദ്ധതികളും കൊണ്ടുവന്നതിനു പിന്നിൽ ചില ഉന്നത നേതാക്കളാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
ആലപടമ്പിൽ മറ്റു രാഷ്ട്രീയ പാർട്ടികൾ ഇല്ലാത്തതിനാൽ സ്വന്തം അണികൾ തന്നെ പ്രതിപക്ഷമായി മാറിയ അവസ്ഥയിലാണ് സി. പി. എം. വിനാശകരമായ പദ്ധതികൾ നടപ്പിലാക്കിയതിന്റെ ഉത്തരവാദിത്വം നേതാക്കൾക്കാണെന്ന വിമർശനമുയരുമ്പോഴും ഇതിന് മറുപടി പറയാൻ കഴിയാത്ത അവസ്ഥയിലാണ് സി.പി. എം നേതൃത്വത്തിനുള്ളത്. പയ്യന്നൂർ മണ്ഡലത്തിൽ ഉൾപ്പെടുന്ന പഞ്ചായത്തിൽ ജനകീയ വിഷയങ്ങൾ കത്തി നിൽക്കുമ്പോഴും ഇടപെടാതെ ഒളിച്ചു കളിക്കുന്ന എംഎൽഎ ടി. ഐ മധുസൂദനനെതിരെ കടുത്ത ജനരോഷം നിലനിൽക്കുന്നുണ്ട്.
ഇതുകാരണം ഈ മേഖലയിൽ സി.പി. എം സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനപ്രകാരം നടത്തുന്ന ഗൃഹസന്ദർശനത്തിൽ എംഎൽഎ പങ്കെടുത്തിരുന്നില്ല. ഇതുസംബന്ധിച്ചു ഒരു പ്രാദേശിക ചാനൽ നൽകിയ വാർത്ത സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തതിന് പാർട്ടി അനുഭാവിയും സമരസമിതി നേതാവുമായ ജോബിപീറ്റർക്കെതിരെ ആലപ്പടമ്പ് ലോക്കൽ സെക്രട്ടറി ടി.വിജയൻ ഭീഷണിമുഴക്കിയത് വിവാദമായിരുന്നു. ഇതിന്റെ ഫോൺ സന്ദേശം പുറത്തുവന്നതോടെ ആലപ്പടമ്പ് രണ്ടാം വാർഡിൽ മത്സ്യസംസ്‌കരണ ഫാക്ടറിക്കെതിരെ നടക്കുന്ന സമരവും ശക്തിപ്രാപിച്ചിരിക്കുകയാണ്.
നേരത്തെ കീഴാറ്റൂരിൽ ദേശീയ പാത നിർമ്മാണത്തിനെതിരെനടന്ന വയൽക്കിളി സമരത്തെ അനുസ്മരിപ്പിക്കും വിധമാണ് ആലപ്പടമ്പിലെ സമരം. വയൽനികത്തി ദേശീയ പാത പണിയുന്നതിനെതിരെ സി.പി. എം അണികളുടെ നേതൃത്വത്തിൽ നടന്ന വയൽക്കിളി സമരത്തെ ഭീഷണിപ്പെടുത്തിയും വയൽക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂരിനെ കായികപരമായി നേരിട്ടും സ്ഥലത്തിന് പൊന്നും വില നൽകി ഏറ്റെടുത്തുമാണ് സർക്കാർ ഒത്തുതീർപ്പാക്കിയത്.
ഇതിനിടെ കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്തിലെ കരിയാപ്പിൽ പ്രവർത്തിക്കുന്ന സാഗർ പേൾ സീ ഫുഡ്് മത്സ്യ സംസ്‌കരണ യൂനിറ്റിന് ജനകീയ സമിതി കെട്ടിയുണ്ടാക്കിയ പ്രതീകാത്മ സമരപന്തലിലെ സാമഗ്രികൾ കടത്തിക്കൊണ്ടുപോവുകയും സമരപന്തൽ തീയിട്ടു നശിപ്പിക്കുകയും ചെയ്തതോടെ പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. ചൊവ്വാഴ്‌ച്ച രാത്രിയാണ് സമരപന്തലിന് അജ്ഞാതർ തീയിട്ടത്. ഈ പന്തലിൽ സമരസമിതി പ്രവർത്തകർ ഇരിപ്പു സമരം തുടങ്ങിയിരുന്നില്ല. പരിസ്ഥിതി മലിനീകരണം നടത്തുന്ന മത്സ്യ സംസ്‌കരണ യൂനിറ്റിനെതിരെയും അതിനു അനുമതി നൽകിയ പഞ്ചായത്ത്ഭരണസമിതിക്കെതിരെയുള്ള പ്രതിഷേധവുമായാണ് കമ്പിനിയുടെ പരിസരത്ത് സമരസമിതി പ്രവർത്തകർ പ്രതീകാത്മകമായി സമരപന്തൽ നിർമ്മിച്ചത്.
കാങ്കോൽ ആലക്കാട് കോൺക്രീറ്റ് ടാർ മികസിങ് നടത്തുന്ന സ്ഥാപനത്തിനെതിരെ നടത്തുന്ന സമരത്തിന് അനുകൂലമായി സി.പി. ഐ രംഗത്തിറങ്ങിയത് സി.പി. എമ്മിന് തിരിച്ചടിയായിട്ടുണ്ട്. സി.പി. ഐ നേതാവും എം. പിയുമായ അഡ്വ. പി. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലാണ് സമരം നടത്തുന്നവർക്ക് പിൻതുണയുമായെത്തിയത്. കേന്ദ്രത്തിന്റെ പ്രവർത്തനം തടഞ്ഞുകൊണ്ടാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന സി.പി. എം അനുഭാവികളും ഒരു വിഭാഗം പ്രവർത്തകരും സമരം നടത്തുന്നത്. ജനവാസ കേന്ദ്രത്തിലേക്ക് ഉയരുന്ന പൊടിപടലങ്ങൾ തടയാൻ ഒരു തുണി പോലും ഉയർത്തിക്കെട്ടാതെയാണ് കമ്പിനി പ്രവർത്തിക്കുന്നതെന്നാണ് സമരസമിതിയുടെ ആരോപണം.
നാനൂറിലധികം ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാംപും ഇതിനകത്തുണ്ട്. കേന്ദ്രത്തിൽ നിന്നുള്ള മലിനജലവും ശുചിമുറി മാലിന്യവും ഉൾപ്പെടെ ആലക്കാട് കാശിപുരം തോട്ടിലേക്കാണ് ഒഴുക്കി വിടുന്നതെന്നാണ് ആരോപണം. ജല്ലിയുടെ പൊടിപടലവും ടാർ മികസിങ് ഗന്ധവും രാപകലില്ലാതെ വലിയ യന്ത്രങ്ങൾ പ്രവർത്തിക്കുമ്പോഴുണ്ടാകുന്ന ഭീകര ശബ്ദവും കാരണവും തങ്ങൾക്ക് ഇവിടെ ജീവിക്കാനാവുന്നില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.ടാർ മിക്സിങ് യൂനിറ്റിന് സമീപത്ത് വിദ്യാലയം, ഖാദികേന്ദ്രം, അങ്കണവാടി എന്നിവയും പ്രവർത്തിക്കുന്നുണ്ട്. ജനങ്ങൾ പലതവണ പഞ്ചായത്തിൽ രേഖാമൂലം ഇതിനെതിരെ പരാതി നൽകിയിട്ടും നടപടിയെടുത്തിട്ടില്ല.
ഇതിൽ പ്രതിഷേധിച്ചാണ് കഴിഞ്ഞ ദിവസം മുതൽ ഇവിടേക്ക് വരുന്ന ലോറികൾ തടഞ്ഞിട്ടത്. ചൊവ്വാഴ്‌ച്ച മുതൽ ടാർ മിക്സിങ് യൂനിറ്റ് കേന്ദ്രത്തിന്റെ പ്രവർത്തനം പൂർണമായി തടഞ്ഞുകൊണ്ടു പ്രദേശവാസികൾ ഉപരോധസമരം നടത്തിവരികയാണ്. കമ്പിനി അടച്ചുപൂട്ടിയതല്ലാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് സമര സമിതി നേതാക്കൾ പറയുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്