- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'കൺമണി അൻപോട് കാതലൻ' എന്ന ഗാനം ഉപയോഗിച്ചത് അനുമതി വാങ്ങിയ ശേഷം
കൊച്ചി: മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രം മഞ്ഞുമ്മൽ ബോയ്‌സിൽ 'കൺമണി അൻപോട് കാതലൻ' എന്ന ഗാനം ഉപയോഗിച്ചതിന് ഇളയരാജ വക്കീൽ നോട്ടീസ് അയച്ചെന്ന വാർത്തയോട് പ്രതികരിച്ച് നിർമ്മാതാക്കൾ. ഗാനം ഉപയോഗിച്ചത് അനുമതി വാങ്ങിയ ശേഷമെന്ന് നിർമ്മാതാക്കൾ പറഞ്ഞു. സിനിമയുടെയും പാട്ടിന്റെയും മേൽ അവകാശമുള്ള പ്രൊഡക്ഷൻ ഹൗസിനു പണം നൽകി അവകാശം നേടിയിരുന്നു. ഇളയരാജയുടെ വക്കീൽ നോട്ടിസ് ലഭിച്ചില്ലെന്നും കിട്ടിയാൽ നിയമപരമായി നേരിടുമെന്നും നിർമ്മാതാക്കൾ പറഞ്ഞു.
'കൺമണി അൻപോട്' ഗാനത്തിന്റെ ഓഡിയോ റൈറ്റ്സ് വർഷങ്ങൾക്ക് മുൻപേ ഇളയരാജയുടെ ഭാര്യ പിരമിഡ് ഓഡിയോസിന് വിൽക്കുകയും പിരമിഡ് ഓഡിയോസ്, മ്യൂസിക് മാസ്റ്ററിനും ശ്രീദേവി വീഡിയോ കോർപ്പറേഷനും റൈറ്സ് വിൽക്കുകയും ചെയ്തു. വർഷങ്ങൾക്കിപ്പുറം 'മഞ്ഞുമ്മൽ ബോയ്സി'ൽ ഉൾപ്പെടുത്താനായി തമിഴ് ഗാനത്തിന്റെ മ്യൂസിക് റൈറ്റ്സ് മ്യൂസിക് മാസ്റ്ററിൽ നിന്നും തെലുങ്കു റൈറ്റ്സ് ശ്രീദേവി വീഡിയോ കോർപ്പറേഷനിൽ നിന്നുമാണ് പറവ ഫിലിംസ് നിയമപരമായി കരസ്ഥമാക്കിയത്.
പിരമിഡ്, ശ്രീദേവി സൗണ്ട്സ് എന്നീ മ്യൂസിക് കമ്പനികൾക്കാണ് ഗാനത്തിന്റെ അവകാശം. അവരിൽനിന്നു ഗാനം ഉപയോഗിക്കുന്നതിനുള്ള അവകാശം വാങ്ങിയിരുന്നു. തമിഴിൽ മാത്രമല്ല 'മഞ്ഞുമ്മൽ ബോയ്സ്' റിലീസ് ചെയ്ത എല്ലാ ഭാഷകളിലെയും ഗാനത്തിന്റെ റൈറ്റ്സ് വാങ്ങിയതാണ്. ഇത് സംബന്ധിച്ച് ഇളയരാജയിൽ നിന്ന് വക്കീൽ നോട്ടിസ് ലഭിച്ചിട്ടില്ല.'- നിർമ്മാതാവ് ഷോൺ ആന്റണി പറഞ്ഞു.
ഗാനം തന്റെ സൃഷ്ടിയാണെന്നും തന്റെ അനുമതി വാങ്ങാതെയാണ് സിനിമയുടെ അണിയറപ്രവർത്തകർ ആ ഗാനം ഉപയോഗിച്ചതെന്നുമാണ് ഇളയരാജ ആരോപിച്ചത്. 'മഞ്ഞുമ്മൽ ബോയ്സ്' പകർപ്പവകാശ നിയമം ലംഘിച്ചുവെന്നും 15 ദിവസത്തിനകം നഷ്ടപരിഹാരം നൽകണമെന്നും ഇളയരാജ ആവശ്യപ്പെട്ടിട്ടുണ്ട്. നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ട് നീങ്ങുമെന്നും നോട്ടീസിൽ പറയുന്നു. ഒന്നുകിൽ അനുമതി തേടണമെന്നും അല്ലെങ്കിൽ ഗാനം മഞ്ഞുമ്മൽ ബോയ്‌സിൽ നിന്ന് ഒഴിവാക്കണമെന്നുമാണ് പറയുന്നത്.
കമൽഹാസനെ നായകനാക്കി സന്താന ഭാരതി സംവിധാനം ചെയ്ത 'ഗുണ' എന്ന ചിത്രത്തിനു വേണ്ടി ഇളയരാജ ഈണമൊരുക്കിയ ഗാനമാണ് 'കൺമണി അൻപോട് കാതലൻ'. മഞ്ഞുമ്മൽ ബോയ്സിൽ നിറഞ്ഞു നിൽക്കുന്നതും ഈ ഗാനമാണ്. ഗുണ സിനിമയുടെ അണിയറ പ്രവർത്തകരുടെ അനുവാദത്തോടെയാണ് സംവിധായകൻ ചിദംബരം തന്റെ ചിത്രത്തിൽ ഗാനം ഉപയോഗിച്ചത്. സിനിമ വൻ വിജയമായതിനു പിന്നാലെ കമൽഹാസനും സന്താന ഭാരതിയും ഉൾപ്പടെയുള്ളവർ മഞ്ഞുമ്മൽ ബോയ്‌സ് ടീമുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 2024 ഫെബ്രുവരി 22-ന് തിയറ്റർ റിലീസ് ചെയ്ത ഈ ചിത്രം 240 കോടിയിലധികമാണ് തിയറ്ററുകളിൽനിന്നു വാരികൂട്ടിയത്.